കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട മുറിയില്‍ കണ്ടെത്തിയ തലയോട്ടി കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം; അന്വേഷണം പുരോഗമിക്കുന്നത് പരിസരത്തുനിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്


വടകര: കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട മുറിയില്‍ കണ്ടെത്തിയ തലയോട്ടി കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം. തലയോട്ടിക്ക് സമീപത്തുനിന്നും ഒരു മൊബൈല്‍ ഫോണ്‍ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൊയിലാണ്ടി പൊലീസില്‍ നിന്നും വിവരങ്ങള്‍ തേടിയതായാണ് റിപ്പോര്‍ട്ട്.

ഒരുവര്‍ഷമായി കാണാതായവരെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്. കൊയിലാണ്ടി പൊലീസില്‍ നിലവില്‍ കാണാതായ കേസൊന്നും ഇല്ല. ഡി.എന്‍.എ പരിശോധന അടക്കം നടത്തിയശേഷമേ മൃതദേഹം ആരുടേതെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടാവൂ. അവശിഷ്ടങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിദഗ്ധ പരിശോധന പുരോഗമിക്കുകയാണ്.

കുഞ്ഞിപ്പള്ളിയില്‍ പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ തൊഴിലാളികളാണ് ഇന്നലെ തലയോട്ടി കണ്ടെത്തിയത്. ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ട കടയ്ക്കുള്ളിലാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. തൊട്ടടുത്ത മുറിയില്‍ നിന്ന് വാരിയെല്ലിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു.

പേപ്പര്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ക്കിടയിലാണ് മൃതദേഹം കണ്ടത്. അവശിഷ്ടത്തിന് ആറുമാസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.