രക്ഷാപ്രവർത്തകന്റെയും പരിശീലകന്റെയും റോളില്‍ 26 വര്‍ഷം; രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് നേട്ടത്തില്‍ പേരാമ്പ്ര നിലയത്തിലെ പി. സി പ്രേമനും
പേരാമ്പ്ര: രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്ക്കാരത്തിന് അർഹനായി പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ഗ്രേഡ് പ്രേമൻ.പി. സി. സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ 2025ലെ ഫയർ സർവീസ് മെഡലിന് അര്‍ഹരായ അഞ്ച് പേരിലൊരാൾ ഇദ്ദേഹമാണ്.
അഗ്നി രക്ഷാ ഉദ്യോഗസ്ഥർക്കുള്ള ഏറ്റവും വലിയ ബഹുമതി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. തന്റെ മാത്രം പരിശ്രമത്തിനല്ല, കൂട്ടായ പ്രയത്നമാണ് ഇത്തരത്തിലൊരു ബഹുമതിക്ക് തന്നെ അർഹനാക്കിയതെന്ന് പ്രേമൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ആളുകൾക്ക് സേവനം നൽകുക എന്നത് രാഷ്ട്രം പരിഗണിക്കുക എന്നത് ഏറെ സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
1999 ൽ കണ്ണൂർ അഗ്നി രക്ഷാ നിലയത്തിൽ ഫയർമാനായിട്ടായിരുന്നു പ്രേമൻ സർവ്വീസിൽ പ്രവേശിച്ചത്. 26 വർഷം നീണ്ട സർവ്വീസിനിടയിൽ പേരാമ്പ്ര, വടകര, നാദാപുരം, തളിപ്പറമ്പ്, കോഴിക്കോട് തുടങ്ങി നിരവധി നിലയങ്ങളിൽ പ്രവർത്തിക്കാൻ സാധിച്ചു. കൂടാതെ സേനാംഗങ്ങൾക്ക് പരീശീലനം നൽകുന്ന പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 26 വർഷം നീണ്ട തന്റെ സർവ്വീസ് ജീവിതത്തിൽ അഗ്നിരക്ഷാ നിലയവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും ഭാഗമായി.
2005 മുതൽ പൊതുജനങ്ങൾക്ക് അപകട സുരക്ഷാ ബോധവത്ക്കരണം നൽകിവരുന്നു. പുതുതായി സേനയിലെത്തുന്നവർക്കും സ്ഥാനക്കയറ്റം ലഭിച്ച് പോകുന്നവർക്കും പരിശീലനം നൽകുന്നതിന്റെ ഭാഗമാകാനും പ്രേമന് കഴിഞ്ഞു. സിവിൽ ഡിഫൻസ് ആരംഭിച്ചപ്പോൾ നാദാപുരം നിലയത്തിലെ കോർഡിനേറ്ററായിരുന്നു അദ്ദേഹം.
ഇക്കാലയളവിൽ വിവിധങ്ങളായ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകാനും നിരവധി പേരുടെ ജീവൻ രക്ഷിക്കാനും അദ്ദേഹത്തിന് സാധിച്ചു. പശുക്കടവിലെ ഉരുൾപ്പൊട്ടൽ, മിഠായിത്തെരുവിലെ തീപിടുത്തം, 2018,2019 കാലത്തെ വെള്ളപ്പൊക്കം എന്നിങ്ങനെ നീളും രക്ഷാപ്രവർത്തനങ്ങൾ. ട്രക്കിംഗിനിടയിൽ കക്കയത്തെ ഉൾവനത്തിൽ അകപ്പെട്ട 11 പേരെയാണ് പ്രേമനുൾപ്പെട്ട സേനാംഗങ്ങൾ പുലർച്ചെയോടെ പുറത്തെത്തിച്ചത്. പശുക്കടവിലെ ഉരുൾപ്പൊട്ടലിനെ തുടർന്ന് ചെമ്പനോട ഭാഗത്ത് വീട്ടിലകപ്പെട്ടവരെ സാഹസികമായി രക്ഷപ്പെടുത്തി.
വിശിഷ്ട സേവനത്തിന് 2013 ൽ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലിനും ഇദ്ദേഹം അർഹനായി. കൂടാതെ വിവിധങ്ങളായ രക്ഷാപ്രവർത്തിന് ഡിപ്പാർട്ട്മെന്റിന്റെ സ്തസേവാ പത്രവും ലഭിച്ചിട്ടുണ്ട്. 2025 മാർച്ചിൽ വിരമിക്കാനിരക്കെയാണ് രാഷ്ട്രപതിയുടെ പുരസ്ക്കാരം പ്രേമനെ തേടിയെത്തുന്നത്.
ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത് സ്വദേശിയാാണ് പി.സി. പ്രേമന്‍. മുയിപ്പോത്ത് പാറച്ചാലില്‍ മിത്തല്‍ ചന്തു നമ്പ്യാരുടെയും പരേതയായ ജാനകി അമ്മയുടെയും മകനാണ്. ഭാര്യ ടി ഷീന. പി.സി ഐശ്വര്യ (ജെഎച്ച്‌ഐ അരിക്കുളം പഞ്ചയത്ത്), പി.സി ആദര്‍ശ് (ബിഎസ് സി വിദ്യാര്‍ത്ഥി, എംഎംസി മൊടക്കല്ലൂര്‍) എന്നിവർ മക്കളാണ്. മരുമകന്‍ വൈശാഖ്.
Summary: Perambra Fire Station’s station Officer Grade Preman.P.c has been awarded the President’s Distinguished Service Award