ആസ്തി വികസന ഫണ്ടില്‍ നിന്നും എം.എല്‍.എ ഒരു കോടി 14.5ലക്ഷം ചിലവഴിച്ച് നവീകരിച്ചു; പേരാമ്പ്ര ബസ് സ്റ്റാന്റിന് പുതിയ മുഖം


പേരാമ്പ്ര: നവീകരിച്ച പേരാമ്പ്ര ബസ് സ്റ്റാന്റ് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി 14.5 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം പൂര്‍ത്തീകരിച്ചത്.

ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയുടെ 2015 – 16 സാമ്പത്തിക വര്‍ഷത്തിലെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും 2022 – 23 സാമ്പത്തിക വര്‍ഷത്തില്‍ 14,50,000 രൂപയുമാണ് അനുവദിച്ചത്. ബസ് ബേ, ഓട്ടോ സ്റ്റാന്‍ഡ്, സെന്‍ട്രല്‍ കനോപ്പി ഡ്രൈനേജ്, ഇന്റര്‍ലോക്ക് കട്ട വിരിക്കല്‍ എന്നീ പ്രവൃത്തികളാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയായിരുന്നു കരാര്‍ എടുത്തത്. തുടര്‍ നവീകരണത്തിനും ലൈറ്റിംഗ് സംവിധാനമുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കാണ് രണ്ടാം ഘട്ടമായി തുക അനുവദിച്ചത്.

ചടങ്ങില്‍ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു, പഞ്ചായത്തംഗം വിനോദ് തിരുവോത്ത്, മുന്‍ എം.എല്‍.എ കെ.കുഞ്ഞമ്മദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്ത് ഓവര്‍സീയര്‍ നീതു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.റീന സ്വാഗതവും പഞ്ചായത്ത് അംഗം ജോന.പി നന്ദിയും പറഞ്ഞു.