‘വെളിയണ്ണൂർ ചല്ലി പാടശേഖരം മലബാറിന്റെ നെല്ലറയാക്കി മാറ്റും, നടപ്പിലാക്കുന്നത്‌ 20.7 കോടിയുടെ വികസന പദ്ധതി’; മന്ത്രി റോഷി അഗസ്റ്റിൻ


കീഴരിയൂർ: ആയിരത്തി ഇരുനൂറോളം ഏക്കർ വ്യാപിച്ചുകിടക്കുന്ന വെളിയണ്ണൂർ ചല്ലി പാടശേഖരം മലബാറിന്റെ നെല്ലറയാക്കി മാറ്റുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അരിക്കുളം, കീഴരിയൂർ, നടുവണ്ണൂർ പഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലുമായി വ്യാപിച്ചുകിടക്കുന്ന വെളിയണ്ണൂർ ചല്ലിയിൽ 20.7 കോടി രൂപയുടെ വികസന പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

ഒന്നര വർഷം കൊണ്ട് ചല്ലിയുടെ വികസനം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. അരിക്കുളം ഒറവിങ്കൽ താഴ നടന്ന പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ ടി.പി രാമകൃഷ്ണർ എംഎൽഎ അധ്യക്ഷത വഹിച്ചു. ജലസേചന വകുപ്പ് സുപ്രൻ്റിംങ് എൻജിനീയർ എം.കെ മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു.

കാനത്തിൽ ജമീല എംഎൽഎ, കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, മുൻ എംഎൽഎ കെ.ദാസൻ, അരിക്കുളം ബാങ്ക് പ്രസിഡന്റ്‌ അശ്വനി ദേവ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി.ബാബുരാജ്, ജില്ലാ പഞ്ചായത്തംഗം എം.പി ശിവാനന്ദൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എ.എം സുഗതൻ, കെ.കെ നിർമല, ടി.പി ദാമോദരൻ, നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം രജില, വാർഡ് മെമ്പര്‍ ബിന്ദു പറമ്പടി, കൃഷി ഓഫിസർ അമൃത ബാബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് വികസന പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്‌.