ഇല്ലാതാവുക വേനല്‍ക്കാലത്തും വറ്റാത്ത നീരുറവയും, ജൈവ വൈവിധ്യവും; മേപ്പയ്യൂര്‍ പുറക്കാമല കരിങ്കല്‍ ഖനനത്തിനെതിരെ ജനരോഷം ശക്തമാകുന്നു


മേപ്പയ്യൂര്‍: എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ച പുറക്കാമല കരിങ്കല്‍ ഖനനം പുനരാരംഭിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ക്കെതിരെ ജനം വീണ്ടും സമരത്തിന് ഒരുങ്ങിയിരിക്കുന്നു. ആദ്യ ഘട്ടം എന്ന രീതിയില്‍ ഇന്നലെ ജനകീയ പ്രതിരോധ തെരുവ് സംഘടിപ്പിച്ചു. വളരെയേറെ പരിസ്ഥിതി പ്രാധാന്യമുള്ളതും മേപ്പയൂര്‍ പഞ്ചായത്തിന്റെ ജൈവ കലവറയുമായ പുറക്കാമല സംരക്ഷിക്കാന്‍ ഒരു നാട് ഒരുമിക്കുകയാണ്.

മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 9, 11 വാര്‍ഡുകള്‍ എന്നിവയില്‍ വ്യാപിച്ചു കിടക്കുന്നതാണ് പുറക്കാമല. ജനവാസ മേഖലയായ പുറക്കാമലയുടെ താഴ്വാരത്തില്‍ താമസിക്കുന്ന നൂറിലധികം കുടുംബാംഗങ്ങള്‍ കുറെവര്‍ഷങ്ങളായി ഖനനം നടത്തുന്നതിനെതിരേ പ്രതിഷേധിച്ചു വരികയായിരുന്നു.

പാടശേഖരങ്ങളായ കണ്ടന്‍ ചിറ, കരുവോട് ചിറ എന്നിവയ്ക്ക്തൊട്ട് മുകളിലാണീ പാറക്കെട്ടുള്ളത്. ആച്ചിക്കുളങ്ങര – കണ്ടഞ്ചിറ തോട്, കായലാട് – നടേരി തോട് എന്നിവയെയും ഖനനം സാരമായി ബാധിക്കും. പഞ്ചായത്തിലെ ജൈവ വൈവിധ്യ രജിസ്റ്റര്‍പ്രകാരം മലമുകളില്‍ ഒരിക്കലും വറ്റാത്ത അത്യപൂര്‍വജലശേഖരം അടയാളപ്പെടുത്തിയിട്ടുണ്ട്. 2014-ല്‍ ഖനനത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തുകയായിരുന്നു.

2.45 ഏക്കറിലെ പാറ പൊട്ടിക്കാനുള്ള അനുമതിക്ക് മേപ്പയൂര്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും അപേക്ഷ പഞ്ചായത്ത് ഭരണസമിതി തള്ളുകയായിരുന്നു. ഹൈക്കോടതി വഴി ലൈസന്‍സ് വാങ്ങി ഖനനത്തിനുള്ള തയ്യാറെടുപ്പിലാണ് ക്വാറിയുടമകള്‍. ഖനനത്തിനുള്ള മറ്റ് അനുമതികളെല്ലാം ലഭിച്ചതാണെന്നാണ് ലൈസന്‍സിന് വേണ്ടി പഞ്ചായത്തിന് നല്‍കിയ അപേക്ഷയില്‍ പറയുന്നത്. ശാസ്ത്രീയ പരിസ്ഥിതികാഘാത പഠനമോ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കൃത്യമായ പഠനങ്ങളും ഇല്ലാതെയാണ് വീണ്ടും ഖനനം നടത്താന്‍ ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്.

മേപ്പയൂര്‍ പഞ്ചായത്ത് പരിധിയില്‍ വെള്ളമെത്തിക്കുന്ന ശുദ്ധജല പദ്ധതിയുടെ സംഭരണിയുള്ളത് പുറക്കാമലയിലാണ്. മാത്രമല്ല ചെറുവണ്ണൂര്‍ പഞ്ചായത്ത് നടപ്പാക്കുന്ന ജലജീവന്‍ കുടിവെള്ള പദ്ധതിയുടെ സംഭരണി നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതും ഇവിടെയാണ്.

വേനല്‍ക്കാലത്തും പറ്റാത്ത നീരുറവ ഈ പ്രദേശത്തുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഒട്ടേറെ ഔഷധസസ്യങ്ങളും ജീവികളും ഉള്ള മേഖലയാണിത്. 2014 പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കിയതില്‍ പുറക്കാമലയിലെ ജൈവവൈവിധ്യത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. മലയുടെ മുകള്‍ഭാഗത്ത് മണ്ണുള്ള പാറക്കെട്ടാണുള്ളത്. 2014 ല്‍ ഖനനം നടക്കാന്‍ ഒരുങ്ങിയപ്പോള്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.

ഖനന നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും അതിന്റെ തുടക്കം മാത്രമാണ് ഇന്നലെ നടന്ന പ്രതിരോധ തെരുവ് എന്നും ഒരു നാട് മുഴുവന്‍ പ്രതിഷേധത്തിന്റെ ഭാഗമായി ഉണ്ടെന്നും പുറക്കാമല സംരക്ഷണ സമിതി ചെയര്‍മാന്‍ ഇല്യാസ് ഇല്ലത്തും , കണ്‍വീനര്‍ എം.എം പ്രജീഷും പറഞ്ഞു.