‘മനുഷ്യജീവന് അപകടമാവുന്ന പദ്ധതികൾ അടിച്ചേൽപ്പിക്കരുത്’; നന്തിയിലെ ജനവാസ മേഖലയിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം
നന്തി ബസാർ: മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തി ബസാറിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. നന്തിയിലെ കെൽട്രോൺ യൂണിറ്റിന് കീഴിലുള്ള 75 സെന്റ് സ്ഥലത്താണ് മൂടാടി പഞ്ചായത്ത് പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. നിർദ്ദിഷ്ട പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിനെതിരെ പ്രതിഷേധിക്കാനായി നാട്ടുകാർ ജനകീയ സമരസമിതി രൂപീകരിച്ചു.
നിലവിൽ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട വാഗാഡ് കമ്പനിയുടെ പ്ലാന്റ് പ്രവർത്തിക്കുന്ന സ്ഥലത്തിന് സമീപത്തായാണ് പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിനായുള്ള സ്ഥലം കണ്ടെത്തിയത്. വാഗാഡ് കമ്പനിയുടെ പ്ലാന്റ് പ്രവർത്തിക്കുന്നത് കാരണം പ്രദേശത്തെ വീടുകളിൽ കുടിവെള്ളം മലിനമാവുകയും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യം നിലനിൽക്കെ മനുഷ്യജീവന് അപകടകരമാകുന്ന രീതിയിലുള്ള പദ്ധതികൾ പഞ്ചായത്ത് വീണ്ടും ഈ മേഖലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചുകൊണ്ടാണ് പ്രദേശവാസികൾ ജനകീയ സമരസമിതിക്ക് രൂപം നൽകിയത്. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
വിഷയം കെൽട്രോൺ അധികാരികളുടെയും പഞ്ചായത്ത് അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നത് വേണ്ട നടപടികൾ സ്വീകരിക്കുവാനും സമരസമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ എൻ.കെ.കുഞ്ഞിരാമനെ കൺവീനറായും രാജീവൻ അരിയെടുത്തിനെ ചെയർമാനായും സജീവൻ കെ.വി.കെയെ ട്രഷററായും തിരഞ്ഞെടുത്തു.