കേന്ദ്രത്തിന്റെ 200 രൂപ അക്കൗണ്ടിലെത്തിയില്ല, സംസ്ഥാന സര്‍ക്കാര്‍ 1400 രൂപ വാര്‍ധക്യ പെന്‍ഷന്‍ നല്‍കിത്തുടങ്ങി; ഗ്യാസ് സബ്‌സിഡി പോലെയാകുമോ കേന്ദ്രത്തിന്റെ പെന്‍ഷന്‍ വിഹിതമെന്ന് ആശങ്ക


കൊയിലാണ്ടി: സാമൂഹ്യക്ഷേമ പെന്‍ഷനിലേക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിഹിതം ഗുണഭോക്താക്കളിലേക്ക് ഇനിയും എത്തിയില്ല. വിഷു പടിവാതില്‍ക്കല്‍ എത്തിയിട്ടും പെന്‍ഷന്‍ തുകയിലെ കേന്ദ്രവിഹിതം കിട്ടാത്തതിന്റെ നിരാശയിലാണ് സാധാരണക്കാര്‍. അതേസമയം സംസ്ഥാനസര്‍ക്കാര്‍ വിഹിതമായ 1400 രൂപ പെന്‍ഷന്‍ വാങ്ങുന്നവരുടെ അക്കൗണ്ടുകളില്‍ കഴിഞ്ഞ ദിവസം എത്തി.

ഈ മാസം മുതലാണ് സാമൂഹ്യ പെന്‍ഷനുകളിലെ കേന്ദ്രവിഹിതം പ്രത്യേകം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പെന്‍ഷന്‍ വിതരണത്തിന്റെ നേട്ടം സംസ്ഥാന സര്‍ക്കാറിന് ലഭിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഈ തീരുമാനം എടുത്തത്. എന്നാല്‍ തുച്ഛമായ തുകയാണ് കേന്ദ്രം പെന്‍ഷനായി ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇതിന്റെ ഇരട്ടിയിലേറെയാണ് വിവിധ പെന്‍ഷനുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്.

കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ വിഹിതം സംസ്ഥാനസര്‍ക്കാര്‍ മുഖേനെയല്ലാതെ നേരിട്ട് നല്‍കാന്‍ തീരുമാനിച്ചതോടെ പെന്‍ഷന്‍ വാങ്ങുന്നവര്‍ ആശങ്കയിലായിരിക്കുകയാണ്. ഗ്യാസ് സിലിണ്ടറിന് നല്‍കിയിരുന്ന സബ്‌സിഡി യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തലാക്കിയത് പോലെ പെന്‍ഷന്‍ തുകയും തങ്ങള്‍ക്ക് നഷ്ടമാകുമോ എന്നാണ് ആളുകളുടെ ആശങ്ക.

ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില 1100 രൂപ കടന്നിട്ട് പോലും ആര്‍ക്കും ഇതിന്റെ സബ്‌സിഡി ലഭിക്കുന്നില്ല. മൂന്ന് വര്‍ഷത്തോളമായി ഗ്യാസ് സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. സബ്‌സിഡി ലഭിക്കാനായി ബാങ്ക് അക്കൗണ്ട് തുടങ്ങിയവര്‍ ഇപ്പോള്‍ ആ അക്കൗണ്ട് നിലനിര്‍ത്താനായി ബാങ്കിലേക്ക് പണം അടയ്‌ക്കേണ്ട അവസ്ഥയിലാണ്.

സമാനമായ രീതിയില്‍ പെന്‍ഷന്റെ കേന്ദ്രവിഹിതം നിര്‍ത്തലാക്കുമോ എന്നാണ് ഗുണഭോക്താക്കളുടെ ആശങ്ക. അതേസമയം 1000 രൂപയ്ക്ക് മേലെയുള്ള സംസ്ഥാന സര്‍ക്കാര്‍ വിഹിതം ലഭിക്കുന്നത് ജനങ്ങള്‍ക്ക് വലിയ ആശ്വാസവുമാണ്. വാര്‍ധക്യ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍ എന്നീ പെന്‍ഷനുകള്‍ക്ക് 200 രൂപ മുതല്‍ 500 രൂപ വരെയാണ് കേന്ദ്രവിഹിതം ലഭിക്കാനുള്ളത്.

80 വയസിന് മുകളിലുള്ളവര്‍ക്ക് ലഭിക്കുന്ന വാര്‍ധക്യ പെന്‍ഷനില്‍ 1,100 രൂപ സംസ്ഥാന വിഹിതവും 500 രൂപ കേന്ദ്ര വിഹിതവുമാണ്. 80 ന് താഴെയുള്ളവരുടെ വാര്‍ധക്യ പെന്‍ഷനില്‍ 1,400 സംസ്ഥാനത്തിന്റെയും 200 രൂപ കേന്ദ്രം നല്‍കുന്നത്.

80 വയസിന് മുകളിലുള്ളവരുടെ ദേശീയ വിധവ പെന്‍ഷനില്‍ 1,100 രൂപ സംസ്ഥാന വിഹിതവും 500 രൂപ കേന്ദ്ര വിഹിതവുമാണ്. 80 വയസില്‍ താഴെയുള്ളവരുടെ വിധവ പെന്‍ഷനില്‍ 1,300 രൂപ സംസ്ഥാനവും 300 രൂപ കേന്ദ്രവുമാണ് നല്‍കുന്നത്. ഇത്തവണ പലരുടെയും അക്കൗണ്ടുകളില്‍ 1,400 രൂപവീതമാണ് എത്തിയിരിക്കുന്നത്.