കോഴിക്കോട് ഹോട്ടല്‍ മുറിയില്‍ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍; മരിച്ചത് പയ്യോളി സ്വദേശി


കോഴിക്കോട്: പയ്യോളി സ്വദേശിയായ യുവാവിനെ കോഴിക്കോട്ടെ ഹോട്ടലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പയ്യോളി ആവിക്കല്‍ റോഡില്‍ സായിവിന്റെ കാട്ടില്‍ മുഹമ്മദ് അല്‍ത്താഫ് (28) നെയാണ് ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം.

പ്രവാസിയായ അല്‍ത്താഫ് പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. വ്യാഴാഴ്ച വൈകീട്ട് ക്ലീനിങ്ങിനായി ഹോട്ടല്‍ ജീവനക്കാരനെത്തി വാതിലില്‍ മുട്ടി വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ പകരം താക്കോല്‍ ഉപയോഗിച്ച് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്നാണ് പറയുന്നത്.

മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

എം.സി.കെ.നാസര്‍ താഹിറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: തന്‍സീര്‍, നാസില.