ഉയർന്ന പാറക്കെട്ടുകളിൽ നിന്നും വെള്ളക്കെട്ടിലേക്ക് ചാടി നീന്തിത്തുടിക്കാം; സഞ്ചാരികളുടെ മനം കവർന്ന് കോടഞ്ചേരിയിലെ പതങ്കയം വെള്ളച്ചാട്ടം


ആരേയും ആകർഷിക്കുന്ന ജലതുരുത്താണ് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി നാരങ്ങാതോട് പതങ്കയം വെള്ളച്ചാട്ടം. ഒഴിവ് ദിനങ്ങളുടെ ആലസ്യത്തിൽ തണുത്ത വെള്ളത്തിലൊരു കുളിയും, ഉയർന്ന പാറക്കെട്ടുകളിൽ നിന്നും വെള്ളക്കെട്ടുകളിലേക്ക് എടുത്തു ചാടിയുള്ള ഒരിത്തിരി സാഹസികതയുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കാഴ്ചയിൽ സ്വർഗം പോലെ മനോഹരമാണ് പതങ്കയം. പാറക്കെട്ടുകൾക്ക് പുറമെയുള്ള പച്ചപ്പും പതങ്കയത്തെ കൂടുതൽ മനോഹരമാക്കുന്നു.

വർഷത്തിലെ എല്ലാ സീസണിലും സുലഭമായി ജലം ലഭ്യമാണെന്നതാണ് പതങ്കയത്തെ സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നത്. ചാടിത്തിമിർക്കാനും നീന്തിത്തുടിക്കുവാനും പാകത്തിൽ പാറക്കെട്ടുകൾക്കിടയിൽ പ്രകൃതി തീർത്ത വെള്ളക്കെട്ടുകളും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായി പതങ്കയത്തെ മാറ്റി. വെള്ളരിമലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ഇരുവഴിഞ്ഞിയെന്ന സുന്ദരിയുടെ മാറ്റ് കൂട്ടുന്ന അനേകമിടങ്ങളിലൊന്നാണ് പതങ്കയവും

ഇവിടെ മുങ്ങിമരണങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണം. പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ജല അപകടങ്ങളിൽ ഭൂരിഭാഗവും കരയിൽ നിന്ന് കാണാൻ കഴിയാത്ത ഗുഹകളും ചുഴികളും മൂലമാണെന്ന് പ്രദേശവാസികൾ പറയുന്നു. നീന്താൻ വെള്ളത്തിലിറങ്ങുന്നവർ ഈ ഗുഹകളിൽ വഴുതി വീഴുകയോ ചുഴികളിൽ കുടുങ്ങിപ്പോകുകയോ ചെയ്യാറാണ് പതിവ്. ചെറുതും വലുതുമായ നിരവധി ഗുഹകൾ നദിയിലുണ്ട്.

പ്രശസ്തമായ അരിപ്പാറ വെള്ളച്ചാട്ടവും പതങ്കയത്തിന് തൊട്ടടുത്താണ്. ആനക്കാം പൊയിലിൽ നിന്നും മുകളിലേക്ക് പോയാൽ മുത്തപ്പൻ പുഴയും മറിപ്പുഴയിലും എത്താം. മറിപ്പുഴ വ്യൂപോയിന്റ് അത്ര അറിയപ്പെടാത്ത ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. വെള്ളവും പാറകളും ചേർന്ന് മരിപ്പുഴ വ്യൂപോയിന്റിൽ മനോഹരമായ ഒരു ദൃശ്യം നൽകുന്നു. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വെള്ളരിമല ട്രക്കിങ്ങിന്റെ ബേസ് ക്യാമ്പ് കൂടെയാണ് ആനക്കാം പൊയിൽ. തുഷാരഗിരി വെള്ളച്ചാട്ടവും തൊട്ടടുത്താണ്.

 

Summary: Pathangayam waterfall in Kodancheri