പുകയും തീയാകും; ഇത് കൊയിലാണ്ടിക്കാരൻ ജയപ്രകാശിന്റെ സ്വന്തം പോർട്ടബിൾ അടുപ്പ്
വേദ കാത്റിൻ ജോർജ്
കൊയിലാണ്ടി: ഇനി ഈ അടുപ്പ് കൂടെ കൊണ്ടുപോകാം.. പുകയിൽ നിന്ന് തീയുമുണ്ടാക്കാം. കൊയിലാണ്ടിക്കാരൻ ജയപ്രകാശ് നിർമ്മിച്ച പോർട്ടബിൾ അടുപ്പിനു പേറ്റൻ്റ്. ജെ.പി ടെക്ക് പുകയില്ലാത്ത അടുപ്പുകൾക്കാണ് അടുത്ത ഇരുപത് വർഷത്തേക്ക് പേറ്റന്റ് ലഭിച്ചത്.
ഈ കണ്ടു പിടുത്തത്തിന് സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ ജയപ്രകാശിന് ലഭിച്ചതിനു പിന്നാലെയാണ് പേറ്റന്റും തേടിയെത്തിയിരിക്കുന്നത്. ഇത്തരം അടുപ്പുകളുടെ നിർമ്മാണത്തിനുള്ള പൂർണ്ണ അവകാശം അടുത്ത ഇരുപതു വർഷത്തേക്ക് ജയപ്രകാശിന് മാത്രമായിരിക്കും. 1970 ലെ പേറ്റന്റ് നിയമ പ്രകാരമാണ് ഇന്ത്യയിലെ മറ്റാർക്കും ഇതിനുള്ള അവകാശം നിഷേധിച്ചിരിക്കുന്നത്.
ഇതിനുള്ള പൂർണ്ണ പിന്തുണയും പരിശ്രമവും നടത്തിയതും, ചിലവ് വഹിച്ചതും ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് കീഴിലുള്ള നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനാണ്. ഇന്ത്യ – പാക്ക് അതിർത്തിയിൽ സൈനികർക്ക് പുകയില്ലാത്ത അടുപ്പ് നിർമാണത്തിൽ പരിശീലനം നൽകിയത് ജയപ്രകാശായിരുന്നു. എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യ – ചൈന ഗ്രാമീണ മേഖലയ്ക്കനുയോജ്യമായ രീതിയിൽ ചൈനയിലെ അടുപ്പു നിർമാതാവിനൊപ്പം ജയപ്രകാശും പങ്കുചേർന്നിരുന്നു.
2008 ൽ സംസ്ഥാന അവാർഡും 2012 ൽ രാഷ്ടപതിയിൽ നിന്നും ദേശീയ അവാർഡിനും ജയപ്രകാശ് അർഹനായി. 2017 ലും 2019 ലും കണ്ടുപിടിത്തത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവുമായി.
കേരളത്തിലെ 100 സ്കൂളുകൾക്ക് സൗജന്യമായ് കമ്മ്യൂണിററി അടുപ്പുകൾ നിർമ്മിക്കുന്നതിന് യു.എൻ.ഡി.പി സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. അതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു. അടുപ്പ് നിർമ്മാണത്തിന്റെ ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കുവാനായി വർഷങ്ങൾക്കു മുൻപ് നൈജീരിയൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരും വ്യവസായികളും കൊയിലാണ്ടിയിൽ ജെ.പി ടെക് സന്ദർശിച്ചിരുന്നു.
കാശ്മീരിലെ ജനങ്ങൾക്കാവശ്യമായ രീതിയിലുള്ള റൂം ഹീറ്റർ ഡിസൈൻ ചെയ്തു കൊടുത്തതിനു പിന്നാലെ കൊടൈക്കനാലിലും ഡറാഡൂണിലും പരീക്ഷണങ്ങൾ നടക്കുകയാണിപ്പോൾ.
റാണിയാണ് ഭാര്യ. മക്കൾ – തീർത്ഥ, എം.ബി.ബി എസ് അവസാന വർഷ വിദ്യാർത്ഥിനി, കാവ്യ എൽ.എൽ.ബി അവസാന വർഷ വിദ്യാർത്ഥിനി.