സമയത്തിന് മുന്നേ ഓടിയെത്തും, പക്ഷേ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ മാത്രം നിർത്താൻ നേരമില്ല; യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഇന്റർസിറ്റി ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു


സ്വന്തം ലേഖിക

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിൽ ഇന്റർ സിറ്റിയുൾപ്പെടെ കൂടുതൽ ട്രെയിനുകൾ നിർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഡി ക്ലാസ് റെയിൽവേ സ്റ്റേഷനിൽപോലും നിർത്തുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്ക് കൊയിലാണ്ടിയിൽ സ്‌റ്റോപ്പ് അനുവദിക്കാത്ത അധികൃതരുടെ നടപടിക്കെതിരെയാണ് പ്രതിക്ഷേധം ഉയരുന്നത്. നിരവധി യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ കൊയിലാണ്ടിയിലും നിർത്തണമെന്ന ആവശ്യം ദീർഘകാലമായി യാത്രക്കാർ ഉന്നയിക്കുന്നുണ്ടെങ്കിലും നിരാശയായിരുന്നു ഫലം. നിലവിൽ 15 സ്റ്റോപ്പുകളുണ്ടെെന്നും അതിനാൽ പുതിയ സ്റ്റോപ്പ് അനുവദിക്കാൻ പറ്റില്ലെന്നുമാണ് റെയിൽവേ ഇപ്പോൾ വ്യക്തമാക്കുന്നത്.

കണ്ണൂരിനും എറണാകുളത്തിനും ഇടയിൽ 15 സ്റ്റോപ്പുകളുണ്ട്. അതിനാൽ പുതിയ സ്റ്റോപ്പ് അനുവദിക്കാൻ സാധ്യമല്ലെന്നുമാണ് റെയിൽവേ നൽകിയ വിശദീകരണം. കൊയിലാണ്ടി സ്വദേശി ​ഗിരീഷ് ആർ.ഡിയുടെ അപ്പീലിലാണ് റെയിൽവേയുടെ മറുപടി.

പരപ്പനങ്ങാടി, താനൂർ, മാഹി ഉൾപ്പെടെ അഞ്ച് ഡി ക്ലാസ് റെയിൽവേ സ്റ്റേഷനുകളിൽ നിലവിൽ ഇന്റർസിറ്റി ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ട്. എന്നാൽ കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ബി ക്ലാസ് റെയിൽവേ സ്റ്റേഷനായ കൊയിലാണ്ടിയോട് ഇപ്പോഴും അവ​ഗണന തുടരുകയാണെന്ന് യാത്രക്കാർ പറയുന്നു.

കൊയിലാണ്ടിക്ക് പുറമേ പേരാമ്പ്ര, മേപ്പയ്യൂർ, നടുവണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് അടുത്തുള്ള റെയിൽവേ സ്റ്റേഷനാണ് കൊയിലാണ്ടി. എന്നാൽ ഇന്റർസിറ്റികൾക്ക് വടകരയിലും കോഴിക്കോടും മാത്രം സ്റ്റോപ്പുള്ളതിനാൽ ഏറേ ദുരം സഞ്ചരിച്ച് ട്രെയിനിൽ കയറേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

രണ്ട് ഇന്റര്‍സിറ്റി എക്‌സ്പ്രസുകളുടെ നാല് സര്‍വ്വീസുകളാണ് എല്ലാ ദിവസവും കൊയിലാണ്ടി സ്റ്റേഷന്‍ വഴി കടന്ന് പോകുന്നത്. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കോയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നിവയാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലൂടെ കടന്ന് പോകുന്നത്.

രാവിലെ ആറ് മണിക്കാണ് 16305 നമ്പറിലുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടുന്നത്. 11:45 ന് കണ്ണൂരിലെത്തി യാത്ര അവസാനിപ്പിക്കേണ്ട ഈ വണ്ടി പക്ഷേ 11:30 ന് തന്നെ കണ്ണൂരില്‍ എത്തുന്നു. രാവിലെ 10:10 ഓടെ കൊയിലാണ്ടി സ്റ്റേഷന്‍ കടന്ന് പോകുന്ന ഈ ട്രെയിനിന് ഇവിടെ ഒരു മിനുറ്റ് സ്‌റ്റോപ്പ് അനുവദിച്ചാലും ഈ സമയക്രമത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.

ഉച്ചയ്ക്ക് 2:50 ന് കണ്ണൂരില്‍ നിന്ന് യാത്ര പുറപ്പെടുന്ന 16306 എന്ന നമ്പറിലുള്ള കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് എറണാകുളത്ത് എത്തേണ്ടത് രാത്രി 8:50 നാണ്. എന്നാല്‍ ഈ വണ്ടി രാത്രി 8:25 ആകുമ്പോഴേക്ക് തന്നെ എറണാകുളത്ത് എത്താറുണ്ടെന്ന് യാത്രികർ പറയുന്നു. ഉച്ച തിരിഞ്ഞ് 3:40 നും 3:50 നും ഇടയിലാണ് കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് കൊയിലാണ്ടി സ്റ്റേഷനിലൂടെ കടന്ന് പോകുന്നത്. ഈ ട്രെയിന്‍ ഒരു മിനുറ്റ് നേരം കൊയിലാണ്ടിയില്‍ നിര്‍ത്തുന്നത് സമയക്രമത്തെ ഒരുതരത്തിലും ബാധിക്കില്ല.

രാവിലെ 11.05നാണ് 22609 നമ്പറിലുള്ള ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1:57 ഓടെ കൊയിലാണ്ടി സ്‌റ്റേഷന്‍ വഴി കടന്ന് പോകുന്ന ഈ വണ്ടിക്കും കൊയിലാണ്ടിയില്‍ സ്‌റ്റോപ്പില്ല. വൈകീട്ട് 6:20 ന് കോയമ്പത്തൂരില്‍ എത്തേണ്ട ഈ വണ്ടി ആറുമണിക്ക് മുന്നേ എത്താറുണ്ട്.

തിരികെ പോകുമ്പോഴും ഈ രണ്ട് ട്രെയിനുകളും കൊയിലാണ്ടി സ്‌റ്റേഷനിലെ യാത്രക്കാരെ പരിഗണിക്കുന്നില്ല. രാവിലെ 6 മണിക്ക് കോയമ്പത്തൂരില്‍ നിന്ന് യാത്ര തുടങ്ങുന്ന 22610-ാം നമ്പര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 9:35 ന് കൊയിലാണ്ടിയിലൂടെ കടന്ന് പോകുന്നു. ലക്ഷ്യസ്ഥാനമായ മംഗലാപുരത്ത് ഉച്ചയ്ക്ക് 1:15 നാണ് എത്തേണ്ടതെങ്കിലും അതിവേഗത്തില്‍ കുതിക്കുന്നതിനാല്‍ 12:40 ന് തന്നെ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എത്താറുണ്ട്.

ഉച്ചയ്ക്ക് ഒരു മണിയ്ക്കുളള മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ പോയിക്കഴിഞ്ഞാല്‍ പിന്നീട് കൊയിലാണ്ടിയില്‍ നിന്ന് ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്ക് പോകണമെങ്കില്‍ 4.45 ന് മംഗലാപുരം-ചെന്നൈ മെയില്‍ എത്തുന്നത് വരെ കാത്തിരിക്കണം. ഉച്ചതിരിഞ്ഞുള്ള നാലേ മുക്കാല്‍ മണിക്കൂറോളം സമയം ഒരു ട്രെയിനും കൊയിലാണ്ടിയില്‍ നിര്‍ത്തുന്നില്ല. എന്നാല്‍ അതിനിടയില്‍ കടന്നു പോകുന്ന മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസും കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്സും കൊയിലാണ്ടി നിര്‍ത്തത് കാരണം കോഴിക്കോടിനെയും വടകരയെയും ആശ്രയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

ഉച്ചയ്ക്കുള്ള മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിനിൽ കൊയിലാണ്ടിയിൽ നിന്നും കയറിയാലും ഇതിന് ശേഷം വരുന്ന ഇന്റർ സിറ്റി എത്തിയതിന് ശേഷമേ ഇവർ കോയമ്പത്തൂരിൽ എത്തിച്ചേരുകയുള്ളൂ. കൊയിലാണ്ടിയിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി വിദ്യാർത്ഥികളാണ് കോയമ്പത്തൂരിലും മം​ഗലാപുരത്തുമെല്ലാം പഠനം നടത്തുന്നത്. അവധി ദിവസങ്ങളിൽ വീട്ടിലെത്തി തിരികെ പോകുന്നതിനും ബുദ്ധിമുട്ട് നേരിടുന്നതായി വിദ്യാർത്ഥികൾ പറയുന്നു.

ദേശീയപാതയുടെ പ്രവൃത്തി നടക്കുന്നതിനാൽ കോഴിക്കോട്, കണ്ണൂർ ഭാ​ഗങ്ങളിലുള്ളവർക്ക് റോഡ് യാത്ര ഏറെ ദുഷ്കരമാണ്. രാവിലെ മം​ഗലാപുരത്തേക്ക് പോകുന്ന ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിച്ചാൽ കണ്ണൂർ ഭാ​ഗത്ത് ജോലി ചെയ്യുന്ന യാത്രക്കാർക്ക് ഏറെ പ്രയോജന പ്രദമാകും.

ഇന്റർസിറ്റിക്ക് പുറമേ ലോകമാന്യതിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, ചെന്നെക്കും മം​ഗലാപുരത്തേക്കും സർവ്വീസ് നടത്തുന്ന ചെന്നെ സെൻട്രൽ മം​ഗലാപുരം സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിനും കൊയിലാണ്ടിയിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യവും ശക്തമാണ്.

16345 നമ്പർ ലോകമാന്യതിലക് തിരുവനന്തുപരം നേത്രാവതി എക്സ്പ്രസ് രാവിലെ 9.19 നും, 16346 നമ്പർ തിരുവനന്തുപരം ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് വെെകീട്ട് 5.29 നും കൊയിലാണ്ടി വഴി കടന്നുപോകുന്നു. ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് ​ദീർഘദൂര യാത്രക്കാരേക്കാൾ ജോലിക്കാരായ സീസൺ ടിക്കറ്റുകാർക്ക് ഏറെ ഉപകാരപ്രദമാകും.

കൊയിലാണ്ടിയിൽ സ്റ്റോപ്പുള്ള ട്രെയിനുകളെ പ്രതിദിനം നാലായിരത്തോളം യാത്രക്കാരാണ് ആശ്രയിക്കുന്നത്. ഇന്റർ സിറ്റി ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ കൂടുതൽ പേർ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുമെന്നത് തീർച്ചയാണ്. ജനപ്രതിനിധികളും റെയില്‍വേ അധികൃതരും ഇടപെട്ട് യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് എന്ന ആവശ്യം നടപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.