നമ്മുടെ നാട്ടില്‍ നിന്ന് പാര്‍സലുകള്‍ ഇനിയും തീവണ്ടി കയറും; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള പാര്‍സല്‍ സര്‍വ്വീസ് നിര്‍ത്തിയ നടപടി റെയില്‍വേ റദ്ദാക്കി


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പാര്‍സല്‍ സര്‍വ്വീസ് റദ്ദാക്കിയ നടപടി റദ്ദാക്കി റെയില്‍വേ. കൊയിലാണ്ടി ഉള്‍പ്പെടെ കേരളത്തിലെ ഒമ്പത് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് പാര്‍സല്‍ സര്‍വ്വീസ് നിര്‍ത്തിയ നടപടിയാണ് റെയില്‍വേ ഇപ്പോള്‍ പിന്‍വലിച്ചത്. മെയ് 24 മുതലാണ് റെയില്‍വേ ഈ സ്റ്റേഷനുകളിലെ പാര്‍സല്‍ സര്‍വ്വീസ് നിര്‍ത്തലാക്കിയത്.

കൊയിലാണ്ടിക്ക് പുറമെ വടകര, മാഹി, കുറ്റിപ്പുറം, പട്ടാമ്പി, കണ്ണപുരം, ചെറുവത്തൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നുള്ള പാര്‍സല്‍ സര്‍വ്വീസും റെയില്‍വേ പുനഃസ്ഥാപിച്ചിട്ടുണ്ട്. അഞ്ച് മിനുറ്റില്‍ കൂടുതല്‍ സമയം വണ്ടികള്‍ നിര്‍ത്തുന്ന സ്റ്റേഷനുകളില്‍ മാത്രമേ പാര്‍സല്‍ സര്‍വ്വീസ് അനുവദിക്കൂ എന്നായിരുന്നു ഈ സ്റ്റേഷനുകളിലെ പാര്‍സല്‍ സര്‍വ്വീസ് അവസാനിപ്പിക്കാന്‍ റെയില്‍വേ കാരണമായി പറഞ്ഞത്.


Also Read: ”ചൊവ്വാഴ്ചയാണ് അവര്‍ പറഞ്ഞത്, ചേച്ചീ നാളെ മുതല്‍ ഇവിടെ വരേണ്ട, പാര്‍സലൊന്നും ഇനി ഉണ്ടാവില്ലയെന്ന്” റെയില്‍വേ പാര്‍സല്‍ സംവിധാനം നിര്‍ത്തലാക്കിയതോടെ ഏക ആശ്രയമായിരുന്ന ജോലി നഷ്ടപ്പെട്ടതിന്റെ ഞെട്ടലില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ ഗീത


നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ പാര്‍സല്‍ അയയ്ക്കാനായി ആശ്രയിക്കുന്ന റെയില്‍വേ സ്റ്റേഷനാണ് കൊയിലാണ്ടി. നിരോധനം വന്നതോടെ ഈ സ്‌റ്റേഷനെ ആശ്രയിച്ചിരുന്നവര്‍ ഏറെ ബുദ്ധിമുട്ടിലായിരുന്നു. സ്‌റ്റേഷന്റെ വരുമാനവും കുത്തനെ ഇടിഞ്ഞിരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്.


Also Read: പാര്‍സല്‍ സംവിധാനം നിര്‍ത്തലാക്കുന്നതോടെ കൊയിലാണ്ടി സ്‌റ്റേഷന്റെ വരുമാനം ഇടിയും; ബി ക്ലാസ് സ്റ്റേഷന്‍ സി ക്ലാസായി തരംതാഴുമെന്ന് ആശങ്ക



Related News: കൊയിലാണ്ടിയും വടകരയും അടക്കം പത്ത് സ്റ്റേഷനുകളിലെ പാര്‍സല്‍ സംവിധാനം അവസാനിപ്പിച്ച് റെയില്‍വേ