പരശുറാം എക്‌സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടും; മാറ്റം ജൂലൈ മുതലുണ്ടാവുമെന്ന് റിപ്പോര്‍ട്ട്


കോഴിക്കോട്: മംഗളുരുവില്‍ നിന്ന് നാഗര്‍കോവില്‍ വരെ ഓടുന്ന പരശുറാം എക്‌സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടും. ജുലൈയില്‍ പുതിയ റെയില്‍വേ ടൈംടേബിള്‍ പുറത്തിറങ്ങുമ്പോള്‍ ഈ മാറ്റം നടപ്പാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.

നിലവില്‍ നാഗര്‍കോവിലിലെ പ്ലാറ്റ് ഫോമിന്റെ സൗകര്യക്കുറവാണ് ട്രെയിന്‍ കന്യാകുമാരി വരെ നീട്ടാന്‍ കാരണമെന്നാണ് വിവരം. 21 കോച്ചുകളാണ് പരശുറാം എക്‌സ്പ്രസിലുള്ളത്. നാഗര്‍കോവില്‍ 21 കോച്ചില്‍ കൂടുതലുള്ള വണ്ടി കൈകാര്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. കന്യാകുമാരിയിലാണെങ്കില്‍ 24 കോച്ചുകളുള്ള വണ്ടിവരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോമാണ്.

നാഗര്‍കോവില്‍ പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് വണ്ടി കന്യാകുമാരിവരെ നീട്ടി പ്രശ്‌നം പരിഹരിക്കാന്‍ റെയില്‍വേ ശ്രമിക്കുന്നത്.