സിനിമയില്‍ കാണുമോ ഇത്രയും മാസ് സീന്‍! ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയ നഴ്‌സിങ് ഓഫീസര്‍ക്ക് പിന്നാലെ ആശുപത്രി വാര്‍ഡിലൂടെ കുതിച്ച് പൊലീസ് ജീപ്പ്; വീഡിയോ വൈറലാവുന്നു


ഡറാഡൂണ്‍: വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയ നഴ്സിങ് ഓഫീസറെ പിടികൂടാന്‍ ആശുപത്രി വാര്‍ഡില്‍ ജീപ്പ് ഓടിച്ചുകയറ്റി പോലീസ്. ഋഷികേശിലുള്ള എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) അത്യാഹിത വിഭാഗത്തിലേക്കാണ് പോലീസ് ജീപ്പ് ഓടിച്ച് കയറ്റിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

26-സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പോലീസ് വാഹനവുമായി അത്യാഹിത വിഭാഗത്തിലേക്ക് എത്തുന്നതും വാര്‍ഡില്‍ ഇരുവശങ്ങളിലും രോഗികള്‍ കിടക്കുന്നതും കാണാം. സതീഷ് കുമാറെന്ന നഴ്‌സിങ് ഓഫീസറെ പിടികൂടാനായാണ് പൊലീസ് ഈ സാഹസത്തിന് മുതിര്‍ന്നത്. നഴ്‌സിങ് ഓഫീസറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാര്‍ ഡീനിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടെയാണ് പൊലീസ് ജീപ്പുമായി പ്രതിയെ പിടികൂടാനായി കുതിച്ചത്.

ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ വച്ച സതീഷ് കുമാറെന്ന നഴ്സിങ് ഓഫീസര്‍ വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് ആരോപണം. വീഡിയോ വൈറലായതോടെ പൊലീസിനെ അനുകൂലിച്ചും വിമര്‍ശിച്ചും ആളുകള്‍ രംഗത്തുവന്നിട്ടുണ്ട്. ഇത്ര സാഹസത്തോടെ പ്രതിയ്ക്കു പിന്നാലെ ഓടേണ്ട സാഹചര്യം എന്തായിരുന്നുവെന്നാണ് വിമര്‍ശിക്കുന്നവര്‍ ചോദിക്കുന്നത്. അതേസമയം ഇങ്ങനെയായിരിക്കണം പൊലീസെന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്.