ഗള്‍ഫ് ഓര്‍മ്മകളുടെ കുളിരും നൊമ്പരവും നാട്ടുകാരുമായി പങ്കിട്ട് പ്രവാസികള്‍; കാണികള്‍ക്ക് മികച്ച അനുഭവമായി പറമ്പത്ത് ഫെസ്റ്റിനോടനുബന്ധിച്ച പ്രവാസി സംഗമം


അരിക്കുളം: പറമ്പത്ത് ഫെസ്റ്റിന് ഒത്തുചേര്‍ന്ന നൂറുകണക്കിന് ആളുകള്‍ക്ക് മുമ്പില്‍ വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിന്റെ നേരനുഭവങ്ങള്‍ ഓരോരുത്തരായി പങ്കുവെച്ചപ്പോള്‍ കൗതുകത്തോടെയും ചെറിയൊരു നൊമ്പരത്തോടെയും കേട്ടുനില്‍ക്കുകയായിരുന്നു പറമ്പത്ത് ഫെസ്റ്റിനെത്തിയവര്‍. ഫെസ്റ്റില്‍ പ്രവാസികള്‍ക്കുവേണ്ടിയും കുറച്ച് സമയം മാറ്റിവെച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഇത്രയേറെ ഹൃദ്യമായ അനുഭവമാകും അതെന്ന് അരിക്കുളത്തെ പ്രവാസികള്‍ കരുതിയിരുന്നില്ല.

ഇന്നലെ വൈകുന്നേരമായിരുന്നു പറമ്പത്ത് ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രവാസി സംഗമം പരിപാടി നടന്നത്. അരിക്കുളത്തെയും പരിസരപ്രദേശത്തെയും പ്രവാസികളുടെ ഒരു ഒത്തുചേരല്‍ കൂടിയായി അത്. അവിടെ ജോലി തേടി പോയി രണ്ടോ മൂന്നോ മാസം വിദേശത്ത് നിന്ന് പിന്നീട് നിരാശരായി മടങ്ങേണ്ടിവന്നവര്‍ മുതല്‍ ഒരു ആയുഷ്‌കാലത്തിന്റെ പകുതിയിലേറെ പ്രവാസ ജീവിതം നയിച്ചവര്‍ വരെയുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രവാസ ജീവിതം അവസാനിപ്പിച്ചവര്‍, നാട്ടില്‍ അവധിയ്‌ക്കെത്തിയവര്‍ തുടങ്ങി പ്രവാസികളുടെയും അനുഭവങ്ങളും ഓര്‍മ്മകളും പൂക്കുന്ന ഒരു വേദിയായിമാറി പ്രവാസി സംഗമം.

പഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ മാസ്റ്ററാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പഞ്ചായത്തംഗവും പ്രവാസിയുമായ കെ.എം.അമ്മദ് അധ്യക്ഷനായിരുന്നു. കെ.എം.ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് പ്രദേശത്തെ പ്രവാസികള്‍ അവരുടെ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെച്ചു. വി.പി.ബാലകൃഷ്ണന്‍ കിടാവ്, മജീദ്, സി.കെ.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.