പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി
കണ്ണൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പാനൂര്‍ സ്വദേശിയായ വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്തിന് (27) ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും. തലശേരി അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. വീട്ടില്‍ അതിക്രമിച്ചുകയറിയതിന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
കേസില്‍ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. 2022 ഒക്ടോബര്‍ 22നായിരുന്നു വിഷ്ണുപ്രിയയെ പ്രതി തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മരിച്ച ശേഷവും ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്.
വിഷ്ണുപ്രിയ ആണ്‍സുഹൃത്തുമായി വീഡിയോ കോള്‍ ചെയ്യുന്ന സമയത്തായിരുന്നു പ്രതി ആയുധങ്ങളുമായി വീട്ടിലേക്ക് എത്തിയത്. ശ്യാജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് കയറി വന്നത് ഈ വീഡിയോ കോളില്‍ പതിഞ്ഞിരുന്നു. കേസില്‍ ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയത് ഈ വീഡിയോ കോളിലെ ഈ 13 സെക്കന്റ് ദൃശ്യങ്ങളായിരുന്നു.
ശ്യാംജിത്തിനെ വിഷ്ണുപ്രിയ സുഹൃത്തിന് വീഡിയോ കോളില്‍ കാണിച്ചുകൊടുത്തു. പ്രതിയുടെ പേരും വിഷ്ണുപ്രിയ സുഹൃത്തിനോട് ഉച്ചത്തില്‍ പറഞ്ഞിരുന്നു. ഇയാളുടെ ചിത്രം സുഹൃത്ത് സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇതും പൊലീസിന് നല്‍കിയിരുന്നു.
മുന്‍കൂട്ടി പദ്ധതിയിട്ടാണ് ശ്യാംജിത്ത് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് സാധൂകരിക്കുന്നതിനായി സംഭവത്തിനു രണ്ട് ദിവസം മുന്‍പ് കൂത്തുപറമ്പിലെ കടയില്‍നിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
2023 സെപ്റ്റംബര്‍ 21നാണ് വിചാരണ തുടങ്ങിയത്. വിഷ്ണുപ്രിയയുടെ സഹോദരിമാര്‍, സുഹൃത്ത് വിപിന്‍രാജ് തുടങ്ങി 49 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചത്. സ്വന്തമായി നിര്‍മിച്ച ഇരുതല മൂര്‍ച്ചയുള്ള കത്തിയാണ് പ്രതി കൊല ചെയ്യന്‍ ഉപയോഗിച്ചത്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ് കൊല ആസൂത്രണം ചെയ്തത്.
സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ ഏറെ നിര്‍ണായകമായത് വിഷ്ണുപ്രിയയുടെ സുഹൃത്തിന്റെ മൊഴികളായിരുന്നു. കൊലയ്ക്കു ശേഷം ബൈക്കില്‍ കയറി രക്ഷപെട്ട പ്രതിയെ പിടികൂടാനായി സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുകയും നാട്ടുകാരോട് വിവരം തേടുകയും ചെയ്യുന്നതിനിടെയാണ് ഈ മൊഴി ലഭിക്കുന്നത്.