പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവം; കോടതിയിൽ കീഴടങ്ങിയ പ്രതികളെ റിമാൻഡ് ചെയ്തു
പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ കീഴടങ്ങിയ മൂന്നു പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വയനാട് റിപ്പണ്‍ പാലക്കണ്ടി ഷാനവാസ്(32), വൈത്തിരി കൊടുങ്ങയിപ്പറമ്പില്‍ മിസ്ഫര്‍(28), കൊടുവള്ളി കളത്തിങ്കല്‍ ഇര്‍ഷാദ്(37) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇന്നലെ രാത്രി എട്ടരയോടെ പേരാമ്പ്ര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ഡിൻസി ഡേവിഡ് മുമ്പാകെയാണ് പ്രതികളെ ഹാജരാക്കിയത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ വെെദ്യ പരിശോധനക്ക് വിധേയരാക്കിയ പ്രതികളെ കൊയിലാണ്ടി സബ് ജയിലിലേക്ക് മാറ്റി.
തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മൂവരും അഭിഭാഷകനൊപ്പം കോടതിയില്‍ കീഴടങ്ങാനെത്തിയത്. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചെങ്കിലും കേസ് ഈ കോടതിയുടെ പരിധിയില്‍ അല്ലാത്തതിനാല്‍ ആവശ്യം പരിഗണിച്ചില്ല. പ്രതികളെ പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.ആര്‍ സുനില്‍കുമാര്‍ ഉത്തരവിടുകയായിരുന്നു.
പിന്നീട് കല്‍പ്പറ്റ സി.ഐ ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പേരാമ്പ്രയിലേക്ക് കൊണ്ടുവരികയായിരുന്നു. രാത്രി എട്ടരയോടെ പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി.
വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം മറ്റൊരു സംഘത്തിന് കൈമാറിയതോടെയാണ് ഇര്‍ഷാദിനെ സംഘം തട്ടിക്കൊണ്ടുപോയത്. 60 ലക്ഷം വില വരുന്ന സ്വര്‍ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയത്. ഇർഷാദിന്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതോടെയാണ് യുവാവിന്റെ തിരോധാനവും കൊലപാതകവും പുറത്തറിയിന്നത്.