ചിറ മണ്ണിട്ട് നികത്തുകയല്ല, ചളിയും പായലും ഒഴിവാക്കി മനോഹരമായി സംരക്ഷിക്കുകയാണ്; മുചുകുന്നിലെ കടുക്കുഴി ചിറ നവീകരണ പ്രവൃത്തികള്‍ക്കെതിരെ ഉയരുന്ന പ്രചരണങ്ങള്‍ക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ മുചുകുന്നിലുള്ള കടുക്കുഴി ചിറ നവീകരണ പ്രവൃത്തികള്‍ക്കെതിരെ ഉയരുന്ന പ്രചരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍. കടുക്കുഴി ചിറ മണ്ണിട്ട് നികത്തുകയാണ് എന്ന തരത്തില്‍ നവീകരണ പ്രവൃത്തികള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കടുക്കുഴി ചിറയ്ക്ക് കൃത്യമായ ആകൃതിയില്ല. ചിറയുടെ ചില ഭാഗങ്ങള്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറിയിരുന്നു. നാശോന്മുഖമായ ചിറനവീകരിക്കാന്‍ കേരള സര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചതിന്റെ ഭാഗമായി കേരള ലാന്റ് ഡവലപ്‌മെന്റ് കോര്‍പറേഷനാണ് പദ്ധതിക്കു വേണ്ട പ്‌ളാന്‍ എസ്റ്റിമേറ്റ് എന്നിവ തയാറാക്കിയിരിക്കുന്നത്. ഇതിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനു മുന്നോടിയായി പ്രദേശത്ത് യോഗം വിളിച്ച് പദ്ധതികാര്യങ്ങള്‍ വിശദീകരിക്കുകയും ആശങ്കകള്‍ ദൂരീകരിക്കുകയും ചെയ്തിരുന്നു. അന്ന് ചിറയുടെ സംഭരണശേഷി കുറയുമോ, വെള്ളപ്പൊക്കമുണ്ടാകുമോ തുടങ്ങിയ ആശങ്കകള്‍ ചിലര്‍ ഉയര്‍ത്തിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വിദഗ്ധരായ എഞ്ചിനിയര്‍മാര്‍ അന്നുതന്നെ ഈ ആശങ്കകള്‍ അകറ്റി എല്ലാവരുടെയും അനുമതിയോടെയാണ് പ്രവൃത്തി തുടങ്ങിയതെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ആകര്‍ഷകമായ രൂപ ഭംഗിയിലാണ് രൂപകല്പന. ചിറയില്‍ ചെളിയും താമരയും പാഴ്‌ചെടികളും നിറഞ്ഞത് കൊണ്ട് ജലസംഭരണ ശേഷി വളരെ കുറഞ്ഞ നിലയിലാണ്. ചെളിനീക്കി ആഴം കൂട്ടുന്നതോടെ ധാരാളം വെള്ളം സംഭരിക്കാന്‍ കഴിയും പ്രത്യേക ആകൃതിയില്‍ കെട്ടി സംരക്ഷിക്കുകയും പൊതുജനങ്ങള്‍ക്ക് വിശ്രമിക്കാനൂള്ള സൗകര്യം ഡ്രെയിനേജ് സിസ്റ്റം എന്നിവ പ്ലാനിന്റ ഭാഗമാണെന്ന് പദ്ധതി വിശദീകരിച്ചു കൊണ്ട് നടന്ന യോഗത്തില്‍ വ്യക്തമാക്കിയതുമാണ്. കഴിഞ്ഞവര്‍ഷം ചിറയുടെ നവീകരണ പ്രവൃത്തികള്‍ തുടങ്ങുകയും മഴക്കാലമായതോടെ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തതാണ്. ഇപ്പോള്‍ വീണ്ടും പ്രവൃത്തി തുടങ്ങാനിരിക്കെ നവീകരണ പ്രവൃത്തികള്‍ തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചു വെച്ച് മറിച്ചുള്ള പ്രചരണം സംഘടിപ്പിക്കുന്ന ദുഷ്ടശക്തി കളുടെ ഉള്ളിലിരുപ്പ് ജനം തിരിച്ചറിയുമെന്നും വകുപ്പ് മന്ത്രിയടക്കം പങ്കെടുത്ത് പ്രവൃത്തി ഉത്ഘാടനം നടന്നപ്പോഴൊന്നും കാണാത്ത പരിസ്ഥിതി സ്‌നേഹം പണി പുനരാരംഭിക്കുന്ന വേളയില്‍ ഉയര്‍ത്തി പദ്ധതി തടസപ്പെടുത്താമെന്ന വ്യാമോഹം വിലപ്പോവില്ല എന്നും സി.കെ.ശ്രീകുമാര്‍ അറിയിച്ചു.