കൊയിലാണ്ടിക്കാരുടെ പച്ച മനുഷ്യന്‍; കെ.കെ.വി അബൂബക്കറിന്‍റെ കഥ
പി.കെ. മുഹമ്മദലി
തലയില്‍ ഒരു പച്ച ഉറുമാല്‍, സദാ സമയവും കയ്യിലൊരു ബാഗ്. അടുത്ത് കൂടുന്ന മനുഷ്യരോട് കലവറയില്ലാത്ത സ്നേഹവും, ഇതാണ് ഐഡന്‍റിറ്റി. ഒരു പരിചയവുമില്ലെങ്കില്‍ പോലും കൊയിലാണ്ടിയില്‍ ഇദ്ദേഹത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാവും. പതിറ്റാണ്ടുകളായി കൊയിലാണ്ടിയിലെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ കെ.കെ.വി. അബൂബക്കറെന്ന ‘പച്ച മനുഷ്യനെ’ ഇതിലും ലളിതമായി പരിചയപ്പെടുത്താനാവില്ല. കൊയിലാണ്ടിക്കാര്‍ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് പച്ചയെന്ന്.
അടിമുടി ലീഗുകാരന്‍ എന്ന് പറയാം. പൊലീസ് സ്റ്റേഷനിലോ നഗരസഭയിലോ കൊയിലാണ്ടിയിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ള മറ്റെവിടെയെങ്കിലുമോ ആയി രാവിലെ മുതല്‍ രാത്രി വരെ ഏത് സമയത്തും പച്ചയെ കാണാം. പല മനുഷ്യരുടെ ആവശ്യങ്ങളുമായി ഇവിടങ്ങളിലെല്ലാം കയറിയിറങ്ങുന്ന കെ.കെ.വിയ്ക്ക് വയസ്സ് എണ്‍പതായിട്ടും ഊര്‍ജത്തിന് ഇപ്പോഴും ഒരു കുറവുമില്ല.
കൊയിലാണ്ടിയിലെ പഴയകാല മുസ്ലിം നേതാവ് പി.വി മുഹമദ് സാഹിബ് കൊയിലാണ്ടിയിലെ മുസ്ലിം ലീഗ് പാർട്ടി ഓഫീസ് സെക്രട്ടറിയായി ചുമതലപ്പെടുത്തിയതാണ് കെ.കെ.വിയെ. അന്ന് മുതൽ ഇദ്ദേഹം കൊയിലാണ്ടിക്കാരുടെ എല്ലാമെല്ലാമാണ്. പൊലീസ് സ്റ്റേഷനിലെയും സിവില്‍ സ്റ്റേഷനിലെയുമൊക്കെ ഉദ്യോഗസ്ഥര്‍ ദൂരെ നിന്ന് തന്നെ കണ്ടാല്‍ പറയും ‘അതാ പച്ച വരുന്നു’. കൊയിലാണ്ടിയിലെ മിക്ക പ്രശ്നങ്ങൾക്കും മധ്യസ്ഥനായി മുന്നിൽ കെ.കെ.വിയാണ് ഉണ്ടാവുക.
കൊയിലാണ്ടിയിലെ ചന്ദ്രിക ഏജന്റായ കെ.കെ.വി. ഇപ്പോഴും എല്ലാ ദിവസവും രാവിലെ പത്ര വിതരണം നടത്തും. പാര്‍ട്ടി ഓഫിസിലോ ഐസ് പ്ലാന്‍റ് റോഡിലെ കെ.കെ.വി. ഹൗസിന്‍റെ മുന്നിലോ ജനങ്ങളെയും കാത്ത് കെ.കെ.വിയുണ്ടാവും. വീട് തിരിച്ചറിയാനും എളുപ്പമാണ്. തനി പച്ച നിറത്തിലാണ് കെ.കെ.വിയുടെ വീടും.
വീടിന്റെ മുൻ വശത്ത് തന്നെ തന്നെ വളർത്തി വലുതാക്കിയ മുൻ എം.എൽ.എ പി.വി. മുഹമ്മദിന്റെ ഫോട്ടോ കാണാം. ലീഗിന്റെ മറ്റ് നേതാക്കളുടെയും ഫോട്ടോയും കൊടികളും നിറഞ്ഞ പാർട്ടി ഓഫിസ് തന്നെയാണ് വീട്.
മുമ്പ് കാലങ്ങളിൽ കൊയിലാണ്ടി മണ്ഡലത്തിലെ മുഴുവൻ പരിപാടികളിലും മൈക്ക് പെർമിഷൻ മറ്റു നിയമ സഹായങ്ങൾ ഇദ്ദേഹമാണ് ചെയ്യാറ്. ഓർമ്മ വെച്ച കാലം മുതൽ താന്‍ പച്ചയെ സ്നേഹിച്ചു നടക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. ആലിക്കുട്ടിയുടെയും ഫാത്തിമയുടെയും മൂത്ത മകനാണ് കെ.കെ.വി. പരേതയായ നഫീസയാണ് ഭാര്യ. ഏക മകൾ നസീമ. തന്റെ രാഷ്ട്രീയ പ്രവർത്തനം ജനസേവനമായി മാത്രം കണ്ട് പാര്‍ടി ഭേദ്യമന്യെ എല്ലാവരിലേക്കും എത്തുന്ന കൊയിലാണ്ടിയുടെ രാഷ്ട്രീയക്കാരനാണ് കെ.കെ.വി.