പി.ടി ഉഷ എത്തുന്നു, നാടിൻറെ സ്നേഹം ഏറ്റുവാങ്ങാൻ; പയ്യോളി എക്സ്പ്രസിന് ഇന്ന് ജന്മനാട്ടിൽ വൻ സ്വീകരണം
പയ്യോളി: പി.ടി ഉഷയ്ക്കായി കാത്തിരിക്കുകയാണ് പയ്യോളി. ആഘോഷമായ വരവേൽപ്പൊരുക്കി നാടും നാട്ടുകാരും. രാജ്യസഭാംഗമായി തെരെഞ്ഞെടുത്ത ഒളിമ്പ്യൻ പി.ടി ഉഷ എം.പിക്ക് പയ്യോളി നഗരസഭയുടെ ആഭിമുഖ്യത്തില്‍ പൗരാവലിയുടെ സ്വീകരണം. ഇന്ന് 4 മണിക്ക് പെരുമ ഓഡിറ്റോറിയത്തില്‍ ആണ് ചടങ്ങു ഒരുക്കിയിരിക്കുന്നത്.
ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് പയ്യോളി പൗരാവലിക്ക് വേണ്ടി പി.ടി ഉഷ എം.പിയ്ക്ക് ഉപഹാരം നല്‍കും. വൈസ് ചെയർപേഴ്സൺ സി.പി ഫാത്തിമ അധ്യക്ഷത വഹിക്കും. സ്പോർട്സ് ജേര്ണലിസ്റ് കമൽ വരദൂർ ഉഷയുടെ കായിക ജീവിതം അവതരിപ്പിക്കും.
പയ്യോളിയുടെ അഭിമാനങ്ങളായ ഫ്ലവേഴ്സ് ചാനല്‍ ടോപ് സിംഗര്‍ സീസണ്‍ 2 വിജയി ശ്രീനന്ദ് വിനോദിനും ദേശീയ സോഫ്റ്റ് ബേസ്ബോള്‍ (ജൂനിയര്‍) ചാമ്പ്യൻഷിപ് ഒന്നാംസ്ഥാനം നേടിയ കേരള ടീമംഗം പയ്യോളിക്കാരി ആന്‍സിയ ഷിനോയിക്കും പി.ടി ഉഷ എം.പി ഉപഹാരം നല്‍കും. എല്ലാ മേഖലയില്‍ നിന്നുള്ളവരെയും പങ്കെടുപ്പിച്ച് പയ്യോളി ബസ് സ്റ്റാന്‍ഡില്‍ നിന്ന് പി.ടി ഉഷയെ സ്വീകരിച്ച് പെരുമ ഓഡിറ്റോറിയത്തിലേക്ക് സ്വീകരിച്ചാനയിക്കും.
ജൂലായ് പത്തൊൻപതാം തീയ്യതിയാണ് മലയാളി അത്ലറ്റ് പി.ടി. ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. ഒളിമ്പിക്സിൽ നേരിയ വ്യത്യാസത്തിന് വെങ്കല മെഡൽ നഷ്ടമായെങ്കിലും പിന്നീട് ട്രാക്കിനകത്തും പുറത്തും നേട്ടങ്ങളുണ്ടാക്കിയ അത്ലറ്റ് ആണ് പി.ടി. ഉഷ. 14 വർഷം നീണ്ട കരിയറിൽ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും സ്വന്തമാക്കിയ മറ്റൊരു അത്ലറ്റ് രാജ്യത്തില്ല. ഏഷ്യൻ അത്ലറ്റിക്സ് ഫെഡറേഷന്‍റെയും ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്‍റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു.