കുറഞ്ഞ ചിലവില്‍ സാഹസികത നിറഞ്ഞ ഒരു വണ്‍ഡേ ട്രിപ്പ്‌; കണ്ണൂരിലെ കാപ്പിമലയിലേക്ക്‌ വിട്ടോളൂ, വെള്ളച്ചാട്ടത്തില്‍ കുളിച്ച് കാടിന്റെ ഭംഗി ആസ്വദിച്ച് മടങ്ങിവരാം!!


കാടിന്റെ ഭംഗിയില്‍ അലിഞ്ഞ്… ചാറ്റല്‍ മഴ നനഞ്ഞ്…. വെള്ളച്ചാട്ടത്തില്‍ കുളിച്ചാല്‍ എങ്ങനെയിരിക്കും. പറയുമ്പോള്‍ തന്നെ പോവാന്‍ ധൃതിയാവുന്നുണ്ട് അല്ലേ. അങ്ങനെയെങ്കില്‍ ഒന്നും നോക്കണ്ട. നേരെ കണ്ണൂരിലെ കാപ്പിമലയിലേക്ക് വച്ച് പിടിക്കാം. കുറഞ്ഞ ചിലവില്‍ അല്‍പം സാഹസികത നിറഞ്ഞ ഒരു കുഞ്ഞ് വണ്‍ഡേ ട്രിപ്പ് ആസ്വദിക്കാം.

സഞ്ചാരികള്‍ അധികം പറഞ്ഞ് കേള്‍ക്കാത്ത ഒരിടമാണ് കാപ്പിമല. സോഷ്യല്‍മീഡിയ റീല്‍സിലൂടെയാണ് പലരും ഈ സുന്ദരസ്ഥലത്തെക്കുറിച്ച് അറിയുന്നത് തന്നെ. എന്നാല്‍ കേട്ടറിഞ്ഞ് പോയവര്‍ക്കൊല്ലം കാപ്പിമല ഇന്ന് അവരുടെ പ്രിയപ്പെട്ട ഇടമാണ്.

കാപ്പിമലയിലെ വെള്ളച്ചാട്ടം കാണാനാണ് പ്രധാനമായും വിനോദസഞ്ചാരികള്‍ ഇവിടെയത്തുന്നത്. എന്നാല്‍ വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്തണമെങ്കില്‍ ഇത്തിരി കഷ്ടപെടണം. ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് വെള്ളച്ചാട്ടം കാണാനാവുക. ഇരുചക്ര വാഹനത്തില്‍ മാത്രമേ ഇവിടേക്ക് പോവാനും സാധിക്കുകയുള്ളൂ.

ചെളി നിറഞ്ഞ ചെറിയ മണ്‍പാതയിലൂടെ പോവുമ്പോള്‍ അകലെ നിന്നും കുത്തിഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേള്‍ക്കാന്‍ സാധിക്കും. പോവുന്ന വഴികളില്‍ ആള്‍താമസം കുറച്ച് കുറവാണ്. ഒറ്റപ്പെട്ട കുറച്ച് വീടുകളും അതിനോടനുബന്ധിച്ചുള്ള പണി സ്ഥലങ്ങളും കൃഷിയിടങ്ങളും മാത്രമേ വഴിയില്‍ കാണാന്‍ സാധിക്കുകയുള്ളൂ.

മുകളിലെത്തിയാല്‍ പിന്നെ തിരിച്ചുവരാന്‍ തോന്നില്ല. അത്രയ്ക്ക് മനോഹരമാണ് വെള്ളച്ചാട്ടവും അവിടെ നിന്നുള്ള കാഴ്ചകളും. എന്നാല്‍ മഴക്കാലത്ത് അല്‍പം ശ്രദ്ധ കൂടി വേണം. മഴ പെയ്യുന്നതോടെ ഒഴുകുന്ന വെള്ളത്തിന് ശക്തി കൂടും. അതുകൊണ്ടുതന്നെ വെള്ളച്ചാട്ടത്തില്‍ ഇറങ്ങുന്നതും കുളിക്കുന്നതുമെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. മുകളില്‍ നിന്നും നോക്കിയാല്‍ ചുറ്റുമുള്ള കാടിന്റെ കാഴ്ചകള്‍ കാണാന്‍ സാധിക്കും.