ആരവങ്ങളുയർത്തി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമും കോം.പാർക്ക് ഡിജിറ്റൽ സ്റ്റോറും സംയുക്തമായി സംഘടിപ്പിച്ച ഓണാരവം 2022: ഓണം സ്പെഷ്യൽ ഫോട്ടോ മത്സര വിജയി പുളിയഞ്ചേരി സ്വദേശിക്ക് എൽ.ഇ.ഡി ടി.വി കൈമാറി


കൊയിലാണ്ടി: ഓണനാളിൽ തങ്ങളുടെ നാടിൻറെ കൂട്ടായ്മയും സ്നേഹവുമെല്ലാം ഒരു ചിത്രത്തിൽ പകർത്തി, എന്നേക്കുമായുള്ള മനോഹരമായ ഓർമ്മയാക്കി. ഓണം സ്പെഷ്യൽ ഫോട്ടോ മത്സര വിജയിയായ പുളിയഞ്ചേരി സ്വദേശി നന്ദകുമാറിന് സമ്മാനം കൈമാറി.

കോഴിക്കോട്ടെ ഏറ്റവും വായനക്കാരുള്ള പ്രാദേശിക വാര്‍ത്താ പോര്‍ട്ടലായ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമും ഇരുപതിലേറെ വര്‍ഷമായി ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സെയില്‍സ്/സര്‍വീസ് രംഗത്ത് കൊയിലാണ്ടിയുടെ വിശ്വാസ്യതയാര്‍ജിച്ച COM.PARK ഡിജിറ്റല്‍ സ്റ്റോറും സംഘടിപ്പിച്ച ഓണാരവം 2022 ഫോട്ടോ മത്സരത്തിലെ വിജയിയെ വായനക്കാരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുത്തത്. 32 ഇഞ്ച് എൽ.ഇ.ഡി ടി. വി യാണ് വിജയിക്ക് നൽകിയത്.


ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് COM.PARK ഡിജിറ്റല്‍ സ്റ്റോറിൽ നടത്തിയ ചടങ്ങിൽ സമ്മാനം കൈമാറി.  COM.PARK ഡിജിറ്റല്‍ സ്റ്റോർ മാനേജിംഗ് ഡയറക്ടർ ഫിഹർ ബാത്തയും കൊയിലാണ്ടി ന്യൂസ് ഡോട് കോം മാനേജിംഗ് ഡയറക്ടർ സജിൽ കുമാർ സിയും ചേർന്ന് സമ്മാനം നന്ദകുമാറിനും സംഘത്തിനും നൽകി. COM.PARK ഡിജിറ്റൽ സ്റ്റോർ സർവീസ് ഹെഡ് രഞ്ജിത്ത്, സജാദ്, അർജുൻ, അഭിനന്ദ്, നജിൽ, സുഹൈൽ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോം മാർക്കറ്റിങ്ങ് മാനേജർ അരുൺ ദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നാട്ടിലെ ആവേശകരമായ ഓണപ്പരിപാടികൾക്കു ശേഷം യുവാക്കളെല്ലാവരും ഒരേ വസ്ത്രത്തിൽ അണി നിരന്ന സന്തോഷ മുഹൂർത്തമായിരുന്നു ഇവർ പകർത്തി അയച്ചത്. വോട്ടിംഗ് പൂർത്തിയാകുമ്പോൾ 1259 വോട്ടുകൾക്കാണ് ഇവർ വിജയം നേടിയത്.

മത്സരാര്‍ഥികള്‍ അയച്ച മുന്നൂറോളം ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 35 ചിത്രങ്ങളാണ് ഫൈനൽ മത്സരത്തിനുണ്ടായിരുന്നത്. ഓണപ്പൂക്കളോടൊപ്പമുള്ള കുഞ്ഞിക്കുരുന്നുകളും കുടുംബാംഗങ്ങളോടൊപ്പമുള്ള ഓണവും നാടിൻറെ നന്മ വിളിച്ചോതുന്ന ചിത്രങ്ങളും ഓഫീസിലെ ഓണവും അങ്ങനെ വൈവിധ്യങ്ങളായ എന്നാൽ ഓണമെന്ന ഉത്സവത്തിന്റെ എല്ലാ നന്മയും നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങളായിരുന്നു മസാരത്തിനായി എത്തിയിരുന്നത്. കോവിഡും പ്രളയവും നഷ്ടപ്പെടുത്തിയ ഓണക്കാലം തിരിച്ചു പിടിച്ചതിന്റെ എല്ലാ സന്തോഷവും ഓരോ മുഖങ്ങളിലും കാണാമായിരുന്നു.