കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മത്സരങ്ങൾ, മുറ്റത്തെ ഊഞ്ഞാൽ, ഒപ്പം വിഭവസമൃദ്ധമായ സദ്യയും; ഓണാഘോഷം ഗംഭീരമാക്കി പുളിയഞ്ചേരി എല്‍.പി സ്‌കൂൾ
കൊയിലാണ്ടി: ഈ വർഷത്തെ ഓണാഘോഷം ഗംഭീരമാക്കി പുളിയഞ്ചേരി സൗത്ത് എല്‍.പി സ്‌കൂള്‍. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം ഒന്നിച്ചാണ് ഓണം ആഘോഷിച്ചത്. പതിവിൽ നിന്ന് വ്യത്യസ്തമായാണ് ഇത്തവണ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തത്.
പൂക്കളമൊരുക്കല്‍, മുത്ത് പെറുക്കല്‍, സ്ലോ സൈക്കിള്‍ റേസ്, ബിസ്‌കറ്റ് ഈറ്റിംഗ്, ചാക്കില്‍ ചാട്ടം, ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ കുട്ടികള്‍ക്കായി നടത്തി. ഓല മെടയല്‍, ഫീഡിംഗ് ഗ്രേപ്‌സ്, സാരിയുടുക്കല്‍, കമ്പവലി, ഫോട്ടോഗ്രഫി കോണ്ടസ്റ്റ് തുടങ്ങിയ മത്സരങ്ങളാണ് രക്ഷിതാക്കള്‍ക്കായി നടത്തിയത്.
സ്‌കൂള്‍ മുറ്റത്തെ നെല്ലിമരത്തിലൊരുക്കിയ ഓണ ഊഞ്ഞാലായിരുന്നു ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണം. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ഉണ്ടാക്കിയ വിഭവസമൃദ്ധമായ സദ്യയും ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി.
ഓണപ്പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ വി.രമേശന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പരിപാടികള്‍ക്ക് പി.ടി.എ പ്രസിഡന്റ് കെ.ടി.സിനേഷ് നേതൃത്വം നൽകി. രക്ഷിതാക്കളും അധ്യാപകരും പി.ടി.എയും ചേര്‍ന്ന് കുട്ടികളുടെ ഓണാഘോഷം നാടിന്റെ ഉത്സവമാക്കി മാറ്റിയെന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക കെ.വി.പ്രിന്‍സി ടീച്ചര്‍ പറഞ്ഞു.