ചെങ്ങോട്ടുകാവില്‍ ദേശീയപാതയ്ക്കരികിലുള്ള ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടത്തിന്റെ മേല്‍ക്കൂര പൊളിച്ച് ഷീറ്റും കമ്പിയുമായി അജ്ഞാതര്‍ കടന്നുകളഞ്ഞു; മോഷണം നടന്നത് വെള്ളിയാഴ്ച വൈകുന്നേരം


ചെങ്ങോട്ടുകാവ്: ദേശീയപാതയ്ക്കരികിലെ ഹോമിയോ ഡിസ്പന്‍സറി-മൃഗാശുപത്രി കെട്ടിടത്തിന്റെ മേല്‍ക്കൂര പൊളിച്ച് അജ്ഞാതര്‍ സാധനങ്ങളുമായി കടന്നുകളഞ്ഞതായി പരാതി. വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെ നാഷണല്‍ ഹൈവയുടെ ആള്‍ക്കാരാണെന്ന് പറഞ്ഞെത്തിയ സംഘം കെട്ടിടത്തിനു മുകളിലെ ജി.ഐ ഷീറ്റ്, ഇരുമ്പ് പൈപ്പ് എന്നിവയാല്‍ നിര്‍മ്മിച്ച മേല്‍ക്കൂര പൊളിച്ച് സാധനങ്ങള്‍ വാഹനങ്ങളില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നെന്ന് പഞ്ചായത്ത് സെക്രട്ടറി പ്രദീപന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇതുസംബന്ധിച്ച് ചെങ്ങോട്ടുകാവ് പഞ്ചായത്ത് അധികൃതര്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി.

നേരത്തെ ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഓഫീസ് ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റേണ്ടതാണ് ഈ കെട്ടിടം. എന്നാല്‍ ഇതിന്റെ മൂല്യനിര്‍മ്മയം കഴിഞ്ഞിട്ടില്ലാത്തതിനാലാണ് കെട്ടിടം പൊളിക്കല്‍ നീണ്ടുപോയത്. റവന്യൂ വിഭാഗത്തില്‍ നിന്നും മൂല്യനിര്‍മ്മയം കഴിഞ്ഞാല്‍ നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ നിശ്ചയിച്ച് പഞ്ചായത്തിന് കൈമാറണം. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാലാണ് കെട്ടിടം പൊളിച്ചുനീക്കാതിരുന്നത്. ഇതിനിടയിലാണ് ദേശീയപാത വിഭാഗമോ പഞ്ചായത്തോ അറിയാതെ അജ്ഞാതര്‍ മേല്‍ക്കൂര പൊളിച്ചുമാറ്റി സാധനങ്ങളുമായി കടന്നുകളഞ്ഞത്.

അറ്റകുറ്റപ്പണിയുടെ ഭാഗമായി ജനകീയാസൂത്രണത്തില്‍ ഈ കെട്ടിടത്തിന്റെ മേല്‍ക്കൂര ഷീറ്റിട്ടതിന് ഒരുലക്ഷം രൂപയോളം ചെലവായിട്ടുണ്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. മേല്‍ക്കൂര പൊളിച്ചുമാറ്റുന്നത് സംബന്ധിച്ച കാര്യം അന്വേഷിച്ച പരിസരവാസികളോട് എന്‍.എച്ചിന്റെ ആള്‍ക്കാരാണ് എന്നാണ് പറഞ്ഞത്. അതിനാല്‍ പരിസരവാസികളാരും പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചില്ല. ഇന്നലെ ഉച്ചയോടെയാണ് പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യം അറിഞ്ഞത്.

കെട്ടിടം പൊളിച്ചുനീക്കാനുള്ള എസ്റ്റിമേറ്റ് പഞ്ചായത്ത് തയ്യാറാക്കിയിട്ടുണ്ടെന്നും ഇത് ലേലം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പഞ്ചായത്ത് എടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു. ഷീറ്റ് പോയതിനാല്‍ ഈ ബില്‍ഡിങ് പൊളിക്കുമ്പോള്‍ വലിയ മെച്ചമൊന്നുമുണ്ടാകില്ലെന്നതിനാല്‍ ആരും ക്വട്ടേഷന്‍ എടുക്കാത്ത അവസ്ഥയുണ്ടാവും. ഇങ്ങനെയായാല്‍ പഞ്ചായത്ത് പണം മുടക്കി പൊളിച്ചു കൊടുക്കേണ്ട അവസ്ഥ വരും. കൂടാതെ മൂല്യ നിര്‍ണയത്തിനു മുമ്പ് ഷീറ്റ് പൊളിച്ചുകൊണ്ടുപോയതിനാല്‍ ആ ഇനത്തിലും പഞ്ചായത്തിന് നഷ്ടംവരുമെന്ന് സെക്രട്ടറി അറിയിച്ചു.