വെജ്ജുമുണ്ട് നോൺ വെജ്ജുമുണ്ട്; ഹോട്ടലല്ല, ഇത് ആന്തട്ട ഗവ. യു.പി. സ്കൂളിലെ ഉച്ച ഭക്ഷണ മെനു; വിഭവ സമൃദ്ധമായ അന്നം അമൃതം പരിപാടിക്ക് ആരംഭം
കൊയിലാണ്ടി: ഉച്ചയൂണ് ഇവിടെ കുശലാണ്. മാംസ ഭക്ഷണവും പഴവർഗങ്ങളും ഉൾപ്പെടെയുള്ള മെനുവുമായി ആന്തട്ട ഗവ. യു.പി സ്‌കൂൾ. ഉച്ച ഭക്ഷണം പോഷക സമൃദ്ധവും വിഭവ സമൃദ്ധവുമാക്കുന്ന ‘അന്നം അമൃതം’ പദ്ധതിക്ക് സ്കൂളിൽ തുടക്കമായി.
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജനപ്രതിനിധികളും രക്ഷിതാക്കളും കുട്ടികളോടപ്പമിരുന്നാണ് ഇന്ന് ഉച്ച ഭക്ഷണം കഴിച്ചത്.
സർക്കാരിൽ നിന്ന് ലഭിക്കുന്ന തുക തികയാതെ പല സ്കൂളുകളും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ആന്തട്ട സ്കൂൾ വിഭവ സമൃദ്ധമായ ഊണൊരുക്കുന്നത്. സുമനസ്സുകളായ സ്പോൺസർമാരുടെ സഹായം കൊണ്ടാണ് ഇത് സാധിക്കുന്നത് എന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എ.ഹരിദാസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ബിന്ദു മുതിരക്കണ്ടത്തിൽ, പഞ്ചായത്ത് അംഗം സുധ കാവുമ്പൊയിൽ, പ്രധാനാധ്യാപകൻ എം.ജി. ബൽരാജ്, പി.കെ.അബ്ദുൾ കരിം, റിജി .പി എന്നിവർ പ്രസംഗിച്ചു.