ആർഭാട ജീവിതത്തിനായി രാത്രിയിൽ ആയുധങ്ങൾ ഉപയോഗിച്ച് കടകൾ കുത്തിതുറന്ന് മോഷണം; കോഴിക്കോട് കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ


കോഴിക്കോട്: പൂട്ടിയ കടകളും കച്ചവട സ്ഥാപനങ്ങളും രാത്രി കാലങ്ങളില്‍ ആയുധങ്ങള്‍ ഉപയോഗിച്ച്‌ കുത്തി തുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് നടക്കാവ് പൊലീസിന്‍റെ പിടിയില്‍. പാലക്കാട്‌ പട്ടാമ്പി, ആമയൂര്‍ വെളുത്തക്കതൊടി അബ്ബാസ്. വി (34) യെയാണ് നടക്കാവ് ഇന്‍സ്പെക്ടര്‍ ജിജീഷ് പി.കെ. യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. കോഴിക്കോട് അശോകപുരത്തുള്ള നീഡ് ഗ്രോസര്‍സ് എന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ മോഷണക്കേസിലാണ് ഇയാളെ പിടികൂടിയത്.

അര്‍ദ്ധരാത്രിയില്‍ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ പ്രതി മേശയില്‍ സൂക്ഷിച്ച പണവും മൊബൈല്‍ ഫോണും ഷോപ്പിലെ സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. പലതവണ ജയില്‍ ശിക്ഷ അനുഭവിച്ച പ്രതിക്ക് വിവിധ പൊലീസ് സ്റ്റേഷനുകളിലായി സമാനമായ മോഷണ കേസുകള്‍ നിലവിലുണ്ട്.

മോഷണം നടത്തി കിട്ടുന്ന പണം ആര്‍ഭാടമായി ജീവിക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. മോഷണത്തിന് ശേഷം പാലക്കാട് ഭാഗത്തേക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കെ.എസ്.ആര്‍.ടി.സി. ബസ്സ് സ്റ്റാന്‍റില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.