പി.എസ്.സി അഭിമുഖം മേയ് അഞ്ചിന്; ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ(04/05/2022)


ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ(04/05/2022)

സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2021-22 സാമ്പത്തിക വര്‍ഷത്തെ സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങ് സംഘടിപ്പിച്ചു. ചേമഞ്ചേരി പഞ്ചായത്ത് എഫ്. എഫ് ഹാളില്‍ നടന്ന ഹിയറിംഗ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ അനുഷ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എ.പി മിനി  മറുപടി പ്രസംഗം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയില്‍, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ടീച്ചര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആര്‍.പി വത്സല എന്നിവര്‍ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി എന്‍ജിനീയര്‍ പി. കെ ആദര്‍ശ് സ്വാഗതവും ഓവര്‍സിയര്‍ ജെസ്നി നന്ദിയും പറഞ്ഞു.

വിശപ്പുരഹിത കേരളം: സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ഇന്ന്

കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ  സഹകരണത്തോടെ കട്ടാങ്ങലില്‍ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം ഇന്ന് (മേയ് അഞ്ച്) രാവിലെ 11 മണിക്ക് അഡ്വ. പി.ടിഎ റഹീം എം.എല്‍.എ നിര്‍വഹിക്കും. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയിലുള്‍പ്പെടുത്തിയ സുഭിക്ഷ ഹോട്ടലുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിക്കും. ഇതിന്റെ ഭാഗമായാണ് ജില്ലയില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

പാചകം ചെയ്ത ഭക്ഷണം, പ്രത്യേകിച്ച് ഉച്ച ഭക്ഷണം ആവശ്യക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും  ഇതിന്റെ ഭാഗമായി സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി, ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി എന്നിവര്‍ മുഖ്യാതിഥികളാകും.

ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ നിര്‍വഹിച്ചു. വിവിധ വാര്‍ഡുകളിലുള്ള 35ഓളം ഭിന്നശേഷിക്കാര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തിയിരുന്നു. പദ്ധതി വിഹിതത്തില്‍ നിന്നും അഞ്ച് ലക്ഷംരൂപ വകയിരുത്തിയാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് കെ. അജ്‌നഫ് ,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഹാരിസ്, വിജയന്‍ കണ്ണഞ്ചേരി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍, ടിങ്കറിങ് ലാബുകള്‍; ഉദ്ഘാടനം ഇന്ന്

ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും ഉന്നമനം ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന സ്‌പെഷ്യല്‍ കെയര്‍ സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മേയ് അഞ്ച്) പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. പഞ്ചായത്തിലെ മുഴുവന്‍ ഭിന്നശേഷി കുട്ടികള്‍ക്കും പഠന പിന്തുണയും മാനസിക ഉല്ലാസവും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും തൊഴില്‍ പരിശീലനവും ഉറപ്പുവരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

റോബോട്ടിക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സമൂഹനന്മക്കായി പുതിയ ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും ക്ലാസ് റൂം പഠനത്തിനപ്പുറം കുട്ടികളുടെ അധിക കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഉതകുന്ന ടിങ്കറിങ് ലാബുകളുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ചാത്തമംഗലം ആര്‍.ഇ.സി ജി.വി.എച്ച് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പിടിഎ റഹീം എംഎല്‍എ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

‘ഞങ്ങളും കൃഷിയിലേക്ക്’: കാര്‍ഷിക മേഖലയില്‍ മുക്കം നഗരസഭയുടെ പുതുകാല്‍വെപ്പ്

സംസ്ഥാന സര്‍ക്കാരിന്റെ  നൂറ് ദിന പരിപാടിയുടെ ഭാഗമായുള്ള  ‘ഞങ്ങളും കൃഷിയിലേക്ക് ‘ പദ്ധതിക്ക് മുക്കം നഗരസഭയിലും തുടക്കമായി. നഗരസഭയുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍  വാങ്ങിയ ട്രാക്ടറിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.

മുക്കത്തെ കാര്‍ഷിക മുന്നേറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് ട്രാക്റ്റര്‍ വാങ്ങി കര്‍ഷര്‍ക്ക് എത്തിക്കുകയാണ് നഗരസഭ. മുക്കം കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകരുടെ കൃഷിയിടത്തില്‍ മിതമായ നിരക്കില്‍ ട്രാക്റ്റര്‍ സേവനങ്ങള്‍ ഇതുവഴി ലഭ്യമാക്കും. തൊഴിലാളികളുടെ കുറവുമൂലം കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് പദ്ധതി ആശ്വാസമാകും. മുക്കം കാര്‍ഷിക കര്‍മസേനക്കാണ് ട്രാക്ടറിന്റെ മേല്‍നോട്ട ചുമതല. ട്രാക്റ്റര്‍ ആവശ്യമുള്ളവര്‍ക്ക് മുക്കം കൃഷിഭവനുമായി ബന്ധപ്പെടാമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

കൃഷിഭവന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ പി.ടി. ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍കാലങ്ങളിലെ കന്നുപൂട്ട് കര്‍ഷകരെ ആദരിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍  ചാന്ദ്‌നി,വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റുബീന കെ.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

എടച്ചേരി പഞ്ചായത്തില്‍ ജലനടത്തം സംഘടിപ്പിച്ചു

ജലാശയങ്ങളുടെ ശുചീകരണത്തിനും വീണ്ടെടുപ്പിനുമായി നവകേരള മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി എടച്ചേരി ഗ്രാമപഞ്ചായത്തില്‍ ജലനടത്തം സംഘടിപ്പിച്ചു. 5,6,7 വാര്‍ഡുകളിലൂടെ ഒഴുകുന്ന എടവലത്ത് താഴ,  തൈക്കണ്ടിത്താഴ, പട്ട്യേരിത്താഴ -തോട് നവീകരണ പ്രവര്‍ത്തിയുടെ മുന്നോടിയായാണ് ജലനടത്തം സംഘടിപ്പിച്ചത്.

അഞ്ചാം വാര്‍ഡില്‍ തറോല്‍ത്താഴ മുതല്‍  കോമത്ത് താഴ വരെയും ആറാം വാര്‍ഡില്‍ മോളോട്ട് താഴ മുതല്‍ തയ്യില്‍ താഴ വരെയും ഏഴാം വാര്‍ഡില്‍ കുന്നിലോത്തു മുതല്‍ ചാലോട് പാലം വരെയുമാണ് ജല നടത്തം സംഘടിപ്പിച്ചത്. അടുത്ത ദിവസം ചേരുന്ന ജലസഭക്ക് ശേഷം ഞായറാഴ്ച രാവിലെ ഏഴ് മണിമുതല്‍ ജനകീയ കൂട്ടായ്മയില്‍ തോട് ശുചീകരിക്കും.

വൈസ് പ്രസിഡന്റ് എം രാജന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ പാലപ്പറമ്പത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.കെ കുഞ്ഞിരാമന്‍, പഞ്ചായത്ത് അംഗങ്ങളായ സതി മാരാമേട്ടില്‍, കെ.ടി.കെ രാധ, എം.കെ സുജാത, ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ തുടങ്ങിയവര്‍  പങ്കെടുത്തു.

സംസ്ഥാനതല സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണോദ്ഘാടനം നാളെ

സംസ്ഥാനതല സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണോദ്ഘാടനം നാളെ (മേയ് 6) പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി നിര്‍വഹിക്കും. നടക്കാവ് ജി.വി.ജി.എച്ച്.എസ് സ്‌കൂളില്‍ രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകും.

2022-23 അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് നാളെ നടക്കുന്നത്. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമും കൈത്തറി മേഖലയുടെ പുനരുദ്ധാരണവും ലക്ഷ്യമിട്ട് സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ ഏഴ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യൂണിഫോം നല്‍കുന്ന പദ്ധതിയാണിത്.

ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി., മേയര്‍ ഡോ. ബീനാ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അപ്നാ ഘര്‍ ഉദ്ഘാടനം നാളെ; മന്ത്രി വി. ശിവന്‍കുട്ടി കെട്ടിടം നാടിന് സമര്‍പ്പിക്കും

അതിഥി തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന കിനാലൂരിലെ അപ്നാ ഘര്‍ കെട്ടിടോദ്ഘാടനം പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ്  മന്ത്രി വി. ശിവന്‍കുട്ടി നാളെ (മേയ് ആറ്) നിര്‍വഹിക്കും. അതിഥി തൊഴിലാളികള്‍ക്ക് വൃത്തിയുള്ളതും സൗകര്യപ്രദവുമായ താമസസൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച അപ്നാ ഘര്‍ പദ്ധതിയുടെ ഭാഗമായുള്ള ഹോസ്റ്റലിന്റെ ഒന്നാംഘട്ട പ്രവൃത്തിയാണ് പൂര്‍ത്തിയായത്.

സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനുകീഴിലുള്ള ഭവനം ഫൗണ്ടേഷന്‍ കേരളയാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ഞൂറോളം അതിഥി തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന രീതിയിലാണ് കെട്ടിടം തയ്യാറാക്കിയിട്ടുള്ളത്. കിനാലൂരില്‍ കെ.എസ്.ഐ.ഡി.സി യുടെ ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററിനുള്ളില്‍ ഒരേക്കര്‍ ഭൂമി ബി.എഫ്.കെ. പാട്ടത്തിന് എടുത്ത് 43,600 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലകളിലായാണ് ഹോസ്റ്റല്‍ സമുച്ചയം.

ഒന്നാം ഘട്ടത്തില്‍ 15,760 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ലോബി ഏരിയ, വാര്‍ഡന്റെ മുറി, ഓഫീസ് മുറി, 180 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഭക്ഷണ മുറി, വര്‍ക്ക് ഏരിയ, സ്റ്റോര്‍ മുറി, അടുക്കള, ടോയിലറ്റ് ബ്ലോക്ക്, 100 കിടക്കകളോട് കൂടിയ കിടപ്പു മുറികള്‍, വിനോദ സൗകര്യങ്ങള്‍, പാര്‍ക്കിങ് സൗകര്യം, അഗ്‌നിബാധ പ്രതിരോധ സംവിധാനം, മഴവെള്ള സംഭരണി, ഡീസല്‍ ജനറേറ്റര്‍ എന്നിവയും 24 മണിക്കൂര്‍ സെക്യൂരിറ്റി സംവിധാനവുമുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. താഴത്തെ നില 7.76 കോടിരൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

ഉദ്ഘാടന ചടങ്ങില്‍ കെ.എം. സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷത വഹിക്കും. എം.കെ രാഘവന്‍ എം.പി, ടി.പി രാമകൃഷ്ണന്‍ എംഎല്‍എ, തൊഴിലും നൈപുണ്യവും വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം എന്നിവര്‍ മുഖ്യാതിഥികളാവും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

അറിയിപ്പുകള്‍

പി.എസ്.സി അഭിമുഖം

കോഴിക്കോട് ജില്ലയില്‍ പട്ടിക വര്‍ഗ വികസന വകുപ്പില്‍ ആയ (പട്ടിക വര്‍ഗ വനിതാ ഉദ്യോഗാര്‍ഥികളില്‍നിന്ന് മാത്രമായുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍ 92/2021) തസ്തികയ്ക്ക് സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം മേയ് അഞ്ചിന് രാവിലെ 09.30ന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തും. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2371971

കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ താത്കാലിക നിയമനം

കേരള സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പാക്കി വരുന്ന സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയുടെ നിര്‍വഹണത്തിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂര്‍ മുഖേന ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ക്ക് മേയ് 13 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.iihtkannur.ac.in, ഫോണ്‍: 0497-2835390

പട്ടികജാതി പ്രൊമോട്ടര്‍ ഇന്റര്‍വ്യൂ 6,7 തീയതികളില്‍

കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിന് കീഴിലെ ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്ക് പട്ടികജാതി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനായി നടത്തിയ ഒ.എം.ആര്‍ പരീക്ഷയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ മേയ് ആറ്, ഏഴ്  തീയതികളില്‍ തിരുത്തിയാട് ഗവ. പോസ്റ്റ്മെടിക് ഹോസ്റ്റലില്‍ (ബോയ്സ്) നടത്തും. വിവരങ്ങള്‍ക്ക് ഫോണ്‍ : 0495 2370379.

കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി: മേയ് 13 വരെ അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്ടും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകരിച്ച ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കെ.ജി.ടി.ഇ കോഴ്സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, പ്രസ്സ്വര്‍ക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് എന്നീ കോഴ്സുകളിലേക്ക് മേയ് 13 വരെ അപേക്ഷിക്കാം. സി-ആപ്ടിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിലാണ് കോഴ്സുകള്‍ നടത്തുന്നത്. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2723666, 0495 2356591. വെബ്‌സൈറ്റ്: www.captkerala.com.

പട്ടികജാതി/വര്‍ഗക്കാര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും റിക്രൂട്ട്മെന്റും

തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവനകേന്ദ്രം ടി.സി.എസുമായി സംയോജിച്ച് പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ സൗജന്യ തൊഴില്‍ പരിശീലന പരിപാടിയും തുടര്‍ന്ന് റിക്രൂട്ട്മെന്റും നടത്തുന്നു.

താത്പര്യമുള്ള പട്ടികജാതി/ വര്‍ഗത്തില്‍പ്പെട്ട ബിരുദധാരികളായ ഉദ്യോഗാര്‍ഥികള്‍ക്ക് വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം സബ്-റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ് സി/എസ് ടി, തൈക്കാട്, തിരുവനന്തപുരം – 695014 എന്ന വിലാസത്തിലോ [email protected] ഇമെയിലിലോ അപേക്ഷിക്കാം. അവസാന തീയതി മേയ് 31.  വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2332113/ 8304009409

[bot1]