ആട് വളർത്തൽ, പശു പരിപാലനം വിഷയങ്ങളിൽ പരിശീലനം; ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പ് (05/05/2022)


ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പ് (05/05/2022)

വിശപ്പു രഹിത കേരളം: കട്ടാങ്ങലിൽ സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാ ഗമായുള്ള സുഭിക്ഷ ഹോട്ടൽ കട്ടാങ്ങലിൽ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഹോട്ടൽ ആരംഭിച്ചത്. പാചകം ചെയ്ത ഭക്ഷണം ആവശ്യക്കാർക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സുഭിക്ഷ ഹോട്ടലുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കാട്ടാക്കട ജങ്ഷന് സമീപം സുഭിക്ഷ ഹോട്ടൽ അങ്കണത്തിൽ മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. ഇതിനോടനുബന്ധിച്ചാണ് വിവിധ ജില്ലകളിൽ സുഭിക്ഷ ഹോട്ടലുകൾ ഉദ്ഘാടനം ചെയ്തത്.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുഷമ, സ്റ്റാൻ്റിങ് കമ്മറ്റി അധ്യക്ഷരായ എം.ടി പുഷ്പ, റീന മാണ്ടിക്കാവിൽ, പഞ്ചായത്ത് അം ഗം പി.കെ അബ്ദുൽഹകീം, ജനപ്രതിനിധികൾ, ഉദ്യോ ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കൂടരഞ്ഞി എസ് എസ് എച്ച് എസ് സ്കൂളിന്റെ പുതിയ കെട്ടിടം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടുകൂടിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിട സമുച്ചയമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അഞ്ച് കോടിയോളം രൂപ ചെലവഴിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്.

താമരശ്ശേരി ബിഷപ്പ് മാർ. റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷനായി. ലിന്റോ ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കൂടരഞ്ഞി എസ് എസ് എച്ച് എസ് എസ്  ഹെഡ്മാസ്റ്റർ സജി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി തങ്കച്ചൻ,  ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹെലൻ ഫ്രാൻസിസ്, ഗ്രാമപഞ്ചായത്ത് അംഗം തോമസ് മാവറ, സ്കൂൾ മാനേജർ ഫാ. റോയ് തേക്കുംകാട്ടിൽ, അധ്യാപകർ, പിടിഎ പ്രതിനിധികൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് അരിക്കുളത്ത് തുടക്കമായി.

സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ  വിഭാവനം ചെയ്ത തെളിനീരൊഴുകും നവകേരളം – സമ്പൂർണ ജലശുചിത്വ യജ്ഞത്തിന് അരിക്കുളം ഗ്രാമപഞ്ചായത്തിൽ തുടക്കമായി.   കണ്ണമ്പത്ത് തച്ചംകാവ്താഴ മുതൽ വെളിയണ്ണൂർ ചല്ലി വരെ  3500 മീറ്റർ ദൂരം ഒഴുകുന്ന തോടിന്റെ ശുചീകരണ പ്രവർത്തനം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

കാട് മൂടിയും ചളി നിറഞ്ഞുമുള്ള അവസ്ഥയിലായിരുന്നു തോട്. തൊഴിലുറപ്പ് തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും  വിവിധ ഘട്ടങ്ങളായാണ് തോട് ശുചീകരിക്കുന്നത്.

വയലോര പ്രദേശത്ത് സ്ഥിതിചെയ്യുന്ന തോട് വൃത്തിയാക്കി സംരക്ഷിക്കുന്നതിലൂടെ വിവിധ കാർഷിക ആവശ്യങ്ങൾക്കായി  ഉപയോഗപ്പെടുത്താനും അതുവഴി പഞ്ചായത്തിന് കാർഷിക മേഖലയിൽ പുരോഗതി കൈവരിക്കാനുമാകുമെന്ന് ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ്  പി ബാബുരാജ് ശുചീകരണയജ്ഞം ഉദ്ഘാടനം ചെയ്തു പറഞ്ഞു. വാർഡ് അംഗം കെ എം അമ്മദ് ശുചീകരണ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി.

പഞ്ചായത്ത് പ്രസിഡന്റ് കെ എം സുഗതൻ, ബ്ലോക്ക്  മെമ്പർ രജില , പഞ്ചായത്ത്‌ അംഗങ്ങളായ അനീഷ് കെ , സി പ്രഭാകരൻ , രാമദാസ്, ആവള അമ്മദ് , പ്രദീപൻ കണ്ണമ്പത്ത്, രാജൻ മാസ്റ്റർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വയോമിത്രം മൊബൈൽ ക്ലിനിക് ഇന്ന് ഉച്ചവരെ പ്രവർത്തിക്കും

സംസ്ഥാന സർക്കാരിന്റെ വയോമിത്രം പദ്ധതി പ്രയോജനപ്പെടുത്തി കോഴിക്കോട് കോർപറേഷൻ സംഘടിപ്പിക്കുന്ന മൊബൈൽ ക്ലിനിക്ക് ഇന്ന് (മാർച്ച് ആറ്) രാവിലെ 10.30 മുതൽ ഉച്ചക്ക് 12 മണിവരെ ഭട്ട് റോഡ് ദോബി ഗാനക്ക് സമീപമുള്ള ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കും.

നിലവിൽ പദ്ധതിയിൽ ഉള്ളവർക്കും പുതുതായി  ചേരുന്ന 65 വയസ്സിന് മുകളിലുള്ളവർക്കും ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെയുള്ളവക്ക് സൗജന്യ വൈദ്യസഹായവും മരുന്നുകളും ലഭിക്കും. പദ്ധതിയിൽ പുതുതായി ചേരാൻ വരുന്നവർ വയസ്സ് തെളിയിക്കുന്ന  രേഖയുടെയും റേഷൻ കാർഡിന്റെയും പകർപ്പ് കൊണ്ടുവരേണ്ടതാണെന്ന് കൗൺസിലർ എം കെ മഹേഷ്‌ അറിയിച്ചു.

റോഡ് ഉദ്ഘാടനം ചെയ്തു

മന്തരത്തൂർ നാലാം വാർഡിൽ നവീകരിച്ച തോടന്നൂർ ശ്രീ മഹാദേവ ക്ഷേത്രം പടിഞ്ഞാറെ നട റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ ടികെ അഷ്‌റഫ് നിർവഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. വാർഡ് മെമ്പർ ഷഹബത്ത് ജൂന അധ്യക്ഷത വഹിച്ചു.

സ്‌കൂളുകൾ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കും- മന്ത്രി വി. ശിവൻകുട്ടി

-സ്‌പെഷ്യൽ കെയർ സെന്റർ, ടിങ്കറിങ് ലാബുകൾ ഉദ്ഘാടനം ചെയ്തു

സ്‌കൂളുകൾ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കുമെന്നും ഇതിനായി പുതിയ പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സ്‌പെഷ്യൽ കെയർ സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനവും ടിങ്കറിങ് ലാബുകളുടെ ജില്ലാതല ഉദ്ഘാടനവും ചാത്തമംഗലം ആർ.ഇ.സി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. എസ്.എസ്.എൽ.സി പരീക്ഷാ ഫലം ജൂൺ 15നകം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ രംഗത്ത് പഠിക്കുന്ന 47 ലക്ഷം വിദ്യാർഥികൾക്കും ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ സർക്കാർ സജ്ജമാണ്. സംസ്ഥാനത്തെ 9,58,060 വിദ്യാർഥികൾക്ക് യൂണിഫോം സൗജന്യമായി വിതരണം ചെയ്യാൻ 120 കോടി രൂപയാണ് ചെലവഴിക്കുക. മികച്ച സൗകര്യമുള്ള സ്‌പെഷ്യൽ കെയർ സെന്റർ ഒരുക്കിയ വിദ്യാലയങ്ങളിൽ ഒന്നാണ് ആർ.ഇ.സി സ്‌കൂളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സമഗ്ര ശിക്ഷാ കേരളവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭിന്നശേഷി കുട്ടികൾക്ക് പഠന പിന്തുണയും മാനസിക ഉല്ലാസവും കുട്ടികൾക്കും രക്ഷിതാക്കൾക്കും തൊഴിൽ പരിശീലനവും ഉറപ്പുവരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റോബോട്ടിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സമൂഹനന്മക്കായി പുതിയ ഉപകരണങ്ങൾ രൂപകൽപന ചെയ്യാനും ക്ലാസ് റൂം പഠനത്തിനപ്പുറം കുട്ടികളുടെ അധിക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഉതകുന്നതാണ് ടിങ്കറിംഗ് ലാബുകൾ.

ചാത്തമംഗലം ആർ.ഇ.സി ജി.വി.എച്ച്.എസ് സ്‌കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ റഹീം എം.എൽ. എ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ്.വൈ. ഷൂജ പദ്ധതി വിശദീകരണം നടത്തി.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുഷമ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവദാസൻ നായർ, പഞ്ചായത്ത് അംഗം സബിത സുരേഷ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ  സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം നന്ദി പറഞ്ഞു.

ഇനി പരിമിതികളില്ല; ഭിന്നശേഷി വിദ്യാർഥികൾക്കായി സ്‌പെഷ്യൽ കെയർ സെന്റർ

വർണക്കടലാസിൽ തീർത്ത പൂക്കൾ, തുണി ബാഗുകൾ, കുടകൾ, കടലാസ് പേനകൾ, മുത്തും കല്ലും പതിച്ച മനോഹരമായ അലങ്കാര വസ്തുക്കൾ… ചാത്തമംഗലം ആർ.ഇ.സി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ നിർമിച്ച കരകൗശല വസ്തുക്കൾ പരിമിതികൾക്കുമേലുള്ള വിജയമാണ്. ഇവിടെയുള്ള 28 ഭിന്നശേഷി വിദ്യാർഥികൾ സമൂഹത്തിന് പകർന്ന് നൽകുന്ന പാഠം ചെറുതൊന്നുമല്ല.

സർക്കാർ ഒരുക്കിയ സ്‌പെഷ്യൽ കെയർ സെന്ററിന്റെ തണലിൽ പരിമിതികളെ തോൽപ്പിച്ചുകൊണ്ട് രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ അവർ നിർമ്മിക്കുന്ന വസ്തുക്കൾക്കെല്ലാം മതിക്കാനാവാത്ത വിലയുണ്ട്. വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സ്‌പെഷ്യൽ കെയർ സെന്റർ നടപ്പാക്കിയത്. പദ്ധതി പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്‌കൂളുകൾ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഭിന്നശേഷി കുട്ടികൾക്ക് പഠന പിന്തുണയും മാനസിക ഉല്ലാസവും കുട്ടികൾക്കും രക്ഷിതാക്കൾക്കും തൊഴിൽ പരിശീലനവും ഉറപ്പുവരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അവധിക്കാലത്ത് എല്ലാ ദിവസവും രണ്ടാം ശനി ഒഴികെയുള്ള ശനിയാഴ്ചകളിലും ഇവർക്ക് വിദഗ്ധർ പരിശീലനം നൽകുന്നു. പൊതുജന സഹായവും പഞ്ചായത്തിലെ സഹായവും വിദ്യാർഥികൾക്ക് ലഭിക്കും. ഇവരുടെ ഉത്പന്നങ്ങൾ വിറ്റ് ലഭിക്കുന്ന പണം കുട്ടികളുടെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു.

ഓരോ കുട്ടിക്കും അനുയോജ്യമായ വ്യക്തിഗത പരിശീലന പരിപാടി തയ്യാറാക്കി പഠന പിന്തുണ ഉറപ്പാക്കുകയും തൊഴിൽ പരിശീലനം നൽകി സ്വയം പര്യാപ്തരാക്കുകയും ചെയ്യുന്നു. ആവശ്യമായ കുട്ടികൾക്ക് സ്പീച്ച് തെറാപ്പി സൗകര്യങ്ങളും, ഫിസിയോ തെറാപ്പി സൗകര്യങ്ങളും സെന്ററിൽ ലഭ്യമാണ്. കൂടാതെ രക്ഷിതാക്കൾക്ക് കുട നിർമാണം, സോപ്പ് നിർമ്മാണം, തയ്യൽ, ഫ്‌ലവർ മേക്കിങ്, കാർപ്പെറ്റ് നിർമാണം തുടങ്ങി വിവിധ  തൊഴിൽ പരിശീലനവും നൽകുന്നു. മുഴുവൻ സമയ പിന്തുണയുമായി അധ്യാപിക സീന തോമസും കുട്ടികൾക്കൊപ്പമുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സമഗ്ര ശിക്ഷാ കേരളവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

റിങ് കമ്പോസ്റ്റ് വിതരണം ചെയ്തു

എടച്ചേരി ഗ്രാമപഞ്ചായത്തിലെ വീടുകൾക്കുള്ള റിങ് കമ്പോസ്റ്റ് വിതരണോദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.പത്മിനി ടീച്ചർ നിർവഹിച്ചു.  2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 992 വീടുകൾക്കാണ് റിങ് കമ്പോസ്റ്റ് യൂണിറ്റുകൾ വിതരണം ചെയ്യുന്നത്.21.25 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.

വൈസ് പ്രസിഡന്റ്‌ എം.രാജൻ  അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷീമ വള്ളിൽ, വാർഡ് കൺവീനർ വർഷ , വി ഇ ഒ അമൃത തുടങ്ങിയവർ  പങ്കെടുത്തു.

എടച്ചേരി പഞ്ചായത്തിൽ കയർ ഭൂവസ്ത്രം വിരിച്ചു

എടച്ചേരി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ കളിയാം വെള്ളിയിൽ വയൽ വരമ്പിൽ കയർ ഭൂവസ്ത്രം വിരിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മഴയിൽനിന്നും ലഭിക്കുന്ന ജലം പരമാവധി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാനും, അതിലൂടെ ഭൂഗർഭ ജലത്തിന്റെ അളവ് വർധിപ്പിക്കാനും ഇതിലൂടെ സാധിക്കും. കൂടാതെ വേനലിലെ ജലക്ഷാമത്തിനും ഭൂവസ്ത്രം വിരിക്കുന്നതിലൂടെ ശാശ്വത പരിഹാരം കാണാനാകും.

പഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാജൻ അധ്യക്ഷത വഹിച്ചു. എ ഇ ഡി. ധന്യ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ നിഷ, ഷീമ വള്ളിൽ, ബാബു തുടങ്ങിയവർ പങ്കെടുത്തു.

വെള്ളനൂർ താമരച്ചാലി – നടുവത്ത് താഴം തോട് ശുചീകരിച്ചു

സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വെള്ളനൂർ താമരച്ചാലി – നടുവത്ത് താഴം തോട് ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അഡ്വ. സിദ്ദീഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ പുഷ്പ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുഷമ, ബ്ലോക്ക് അംഗം ശിവദാസൻ നായർ, അംഗങ്ങളായ ശ്രീജ, ചന്തുക്കുട്ടി മാസ്റ്റർ,  പ്രീതി, ഹരിത കേരള മിഷൻ ഉദ്യോഗസ്ഥൻ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. ഹരിത കർമസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണത്തിൽ പാങ്കാളികളായി.

14-ാം പഞ്ചവത്സര പദ്ധതി: ആസൂത്രണ സമിതി അംഗങ്ങളുടെയും കൺവീനർമാരുടെയും യോഗം ചേർന്നു

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ സംയോജിത/ സമഗ്ര വികസന രൂപീകരണവുമായി ബന്ധപ്പെട്ട് ആസൂത്രണ സമിതി അംഗങ്ങളുടെയും വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാരുടെയും യോഗം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. സംയുക്ത പദ്ധതികൾ നിലനിർത്തേണ്ടതിന്റെ ആവശ്യകതയും നൂതന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനെക്കുറിച്ചും പ്രസിഡന്റ് വിശദീകരിച്ചു.

2022-23 സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്തിൽ നടപ്പാക്കുന്ന സംയുക്ത പദ്ധതികളെയും അത് നടപ്പാക്കേണ്ട നൂതന ആശയരീതികളെയും സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിശദീകരണം നൽകി. കോഴിക്കോട് ജില്ലയിൽ മാലിന്യ നിർമാർജനം, ഊർജം എന്നിവക്ക് പുറമെ നൂതന പദ്ധതികൾ തയ്യാറാക്കുന്നതിന് നിർവഹണ ഉദ്യോഗസ്ഥർ തയ്യാറാവണമെന്നും ജീവിതശൈലീ രോഗങ്ങൾ സംബന്ധിച്ച സംയോജിത പദ്ധതി രൂപീകരിക്കണമെന്നും ആസൂത്രണ സമിതി ഉപാധ്യക്ഷൻ മണലിൽ മോഹനൻ അഭിപ്രായപ്പെട്ടു.

സംയോജിത പദ്ധതികൾക്ക് സംസ്ഥാന പ്ലാനിങ് ബോർഡിന്റെ അധികവിഹിതത്തിന് അർഹമായ എനേബ്ലിംഗ് കോഴിക്കോട്, ക്രാഡിൽ  പദ്ധതികൾക്കൊപ്പം ഉത്പാദന മേഖലയിലെ കതിരണി, ഞങ്ങളും കൃഷിയിലേക്ക്, ആരോഗ്യമേഖലയിലെ സമഗ്രപദ്ധതിയായ ജീവതാളം, സ്നേസ്പർശം എന്നിവയും സംയോജിത പദ്ധതികളായി പരിഗണിക്കുന്നതിന് യോഗത്തിൽ തീരുമാനമായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവാനന്ദൻ, സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ കെ.വി. റീന, ജില്ലാ പഞ്ചായത്ത് അംഗം ഐ.പി. രാജേഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

എന്റെ തൊഴിൽ എന്റെ അഭിമാനം: പഞ്ചായത്തുതല യോഗം ചേർന്നു

തദ്ദേശ സ്വയംഭരണ വകുപ്പും കുടുംബശ്രീയും കേരള നോളജ് ഏക്കോണമി മിഷനും സംയുക്തമായി നടപ്പാക്കുന്ന ‘എന്റെ തൊഴിൽ എന്റെ അഭിമാനം’  ക്യാമ്പയിനുമായി ബന്ധപ്പെട്ട് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ പ്രഥമ യോഗം ചേർന്നു. വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുകയും അതുവഴി മനുഷ്യ വിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം.

പ്രസിഡന്റ് സതി കിഴക്കയിൽ, വൈസ് പ്രസിഡന്റ് കെ. അജ്‌നഫ്, സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ എം. ഷീല, അതുല്യ ബൈജു, അബ്ദുൽ ഹാരിസ്, സി ഡി എസ് ചെയർപേഴ്‌സൺ  ആർ.പി വത്സല, പഞ്ചായത്ത് സെക്രട്ടറി സി.കെ റഫീഖ് എന്നിവർ സംസാരിച്ചു.

അറിയിപ്പുകൾ

മരം ലേലം

പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം കോഴിക്കോട് അസി. എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിന് കീഴിലുള്ള റോഡ്‌സ് സെക്ഷൻ കോഴിക്കോട് സൗത്തിന് കീഴിലെ കടലുണ്ടി- ചാലിയം റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഓവുചാൽ നിർമിക്കുന്നതിന് തടസ്സമായി നിൽക്കുന്ന മുറിച്ച് മാറ്റേണ്ട മരങ്ങളുടെ ലേലം മെയ് 19 രാവിലെ 11 മണിക്ക് യു.എൽ.സി.സി സൈറ്റ് ഓഫീസ് മണ്ണൂർ വളവിൽ നടത്തും. ഫോൺ: 0495 2724727

സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ  പ്രവേശനം

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ പ്ലംബിങ്, സാനിറ്റേഷൻ & ഹോം ടെക്‌നീഷ്യൻ, ഡേറ്റാ എൻട്രി, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് (ടാലി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഉദ്യോഗാർഥികൾക്ക് സിവിൽ സ്റ്റേഷന് എതിർവശത്തുള്ള സ്‌കിൽ  ഡവലപ്‌മെന്റ് സെന്ററിൽ  നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോൺ: 0495 2370026, 8891370026

ബി.എൽ.ഒ നിയമനം: ഡേറ്റാ ബാങ്ക് തയ്യാറാക്കും

സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശപ്രകാരം ബൂത്ത് ലെവൽ ഓഫീസർമാരായി (ബി.എൽ.ഒ) നിയമനം നടത്തുന്നതിന് ജില്ലയിലെ സർക്കാർ ജീവനക്കാരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കും. സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ഡേറ്റാ ബാങ്കാണ് തയ്യാറാക്കുക. നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ താത്പര്യമുള്ളവരുടെ ഡേറ്റാബാങ്ക് തയ്യാറാക്കി ബി.എൽ.ഒമാരായി നിയമിക്കും. ബി.എൽ.ഒമാരായി പ്രവർത്തിക്കുന്ന കാലയളവിൽ ഇവരെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡെപ്യൂട്ടേഷനിലായി കണക്കാക്കുന്നതാണ്.

വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്താനും പ്രാദേശികാന്വേഷണം സുഗമമാക്കാനും മെച്ചപ്പെട്ട സാങ്കേതിക പരിജ്ഞാനം പ്രദാനം ചെയ്യുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ അറിയിച്ചു.

ബൂത്ത് ലെവൽ ഓഫീസർ:  അപേക്ഷ ക്ഷണിച്ചു

ബൂത്ത് ലെവൽ ഓഫീസർമാരായി (ബി.എൽ.ഒ) നിയമിക്കപ്പെടുന്നതിന് നോൺ ഗസറ്റഡ് വിഭാഗം സർക്കാർ ജീവനക്കാരിൽ നിന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അപേക്ഷ ക്ഷണിച്ചു. മേയ് 20നകം  മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലൂടെ –www.ceo.kerala.gov.in/bloRegistration.html – ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകർ ആൻഡ്രോയിഡ് ഫോൺ സ്വന്തമായുള്ളവരും ഇലക്ഷൻ കമ്മീഷന്റെ  വിവിധ ഓൺലൈൻ അപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യുവാൻ കഴിവുളളവരുമായിരിക്കണം.

കിക്മ എം.ബി.എ പ്രവേശനം

സഹകരണ വകുപ്പിനുകീഴിലുള്ള നെയ്യാറിലെ കേരള ഇൻസ്റ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2022-24 എം.ബി.എ. ബാച്ചിലേക്ക് മേയ് ഒൻപത് രാവിലെ 10 മണി മുതൽ 12.30 വരെ ഇഎംഎസ് മെമ്മോറിയൽ കോപ്പറേറ്റീവ് ട്രെയിനിങ് കോളേജിൽ ഇന്റർവ്യൂ നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 8547618290/ 9447002106, വെബ്സൈറ്റ്: www.kicma.ac.in

ആട് വളർത്തൽ, പശു പരിപാലനം വിഷയങ്ങളിൽ പരിശീലനം

കണ്ണൂിലെ ഹോമിയോ ആശുപത്രിക്ക് സമീപം കക്കാട് റോഡിലുളള പുതിയ കെട്ടിടത്തിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ മെയ് 18,19 തീയതികളിൽ ആട് വളർത്തലിലും, 25,26 തീയതികളിൽ പശു പരിപാലനത്തിലും പരിശീലനം നൽകുന്നു. താത്പര്യമുളളവർ 9446471454 നമ്പറിലേക്ക് പേരും, മേൽവിലാസവും, പരിശീലനത്തിന്റെ പേരും വാട്‌സ്ആപ് സന്ദേശമായി മാത്രം മേയ് 14നകം അയക്കണം. ഫോൺ:  0497 2763473.

ടെണ്ടർ ക്ഷണിച്ചു

വടകര ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തിൽ ഐ.സി.ഡി.എസ് മുഖേന നടപ്പാക്കുന്ന റീ-ബോൺ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുളള തൊഴിൽ പരിശീലന കേന്ദ്രത്തിലേക്ക് കരാർ  അടിസ്ഥാനത്തിൽ വാഹനം – ജീപ്പ് – ആവശ്യമുണ്ട്. താത്പര്യമുളള വ്യക്തികളിൽനിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ മെയ് 11 ഉച്ചക്ക് ഒരു മണിക്കകം ലഭ്യമാക്കണം. വിവരങ്ങൾക്ക് ഫോൺ: 0496-2501822, 9446581004

യു.പി. സ്‌കൂൾ ടീച്ചർ അഭിമുഖം ഇന്ന്

ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു. പി. സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 517/19) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖത്തിന്റെ രണ്ടാം ഘട്ടം ഇന്ന് (മേയ് ആറ്) രാവിലെ 9.30 മുതൽ പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽവെച്ചും മേയ്  11, 12, 13, 18, 19, 20, 25, 26, 27 തീയതികളിൽ രാവിലെ 9.30 മണി മുതൽ കോഴിക്കോട് ജില്ലാ പി.എസ്. സി. ഓഫീസിൽ വെച്ചും നടത്തും. വിവരങ്ങൾക്ക് ഫോൺ. 0495 2371971

ദർഘാസ്

സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയത്തിലേക്ക് ആവശ്യമായ 3 കെവിഎ ഓൺലൈൻ യുപിഎസ് വിത്ത് ബാറ്ററി (ഒരു എണ്ണം) വിതരണം ചെയ്യാൻ താത്പര്യമുളള സ്ഥാപനങ്ങളിൽനിന്നും ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ജൂൺ 15 ഉച്ച ഒരു മണി. വിവരങ്ങൾക്ക് ഫോൺ : 0495 2373819.

റീ ടെണ്ടർ

വനിതാ ശിശുവികസന വകുപ്പിലെ കീഴ്കാര്യാലയമായ കൊടുവളളി അഡീഷണൽ ഐസിഡിഎസ് ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കുവേണ്ടി വാഹനം (കാർ) നിബന്ധനകൾക്ക് വിധേയമായി ഓടിക്കാൻ താത്പര്യമുളളവരിൽനിന്നും ടെണ്ടർ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് കരാർ വാഹനത്തിന്റെ കാലാവധി. അവസാന തീയതി മെയ് 10 ഉച്ച ഒരു മണി വരെ. കൂടുതൽ വിവരങ്ങൾക്ക്: 0495 2281044

[bot1]