വേനലിൽ തുള്ളി വെള്ളം പോലും കിട്ടാതെ കരിഞ്ഞുണങ്ങി പച്ചക്കറി കൃഷിയും വാഴത്തോട്ടങ്ങളും; കനാലുകളിൽ ജലവിതരണം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും നടേരി, കാവുംവട്ടം ഭാഗത്ത് ഇതുവരെ വെള്ളമെത്തിയില്ല


കൊയിലാണ്ടി: കനാലുകളിലേക്കുള്ള ജലവിതരണം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും നടേരി, കാവുംവട്ടം ഭാഗത്തെ കനാലിൽ വെള്ളമെത്തിയില്ല. കുടിവെള്ളത്തിനും പച്ചക്കറി കൃഷിക്കുമെല്ലാം കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ വെള്ളത്തെയാണ് നടേരി, മരുതൂർ, കാവുംവട്ടം ഭാഗങ്ങളിലെ ജനങ്ങൾ കാലങ്ങളായി ആശ്രയിക്കുന്നത്. ഈ പ്രദേശങ്ങളിൽ രൂക്ഷമായ ജലക്ഷാമമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

നീലിവീട്ടിൽ താഴത്തേക്കുള്ള കൈത്തോട്ടിലൂടെ വെള്ളം എത്താത്തത് കാരണം കോഴിപ്പട കുനി, പുതുക്കുടി ഭാഗങ്ങളിൽ കടുത്ത ജലക്ഷാമം ആണ് അനുഭവിക്കുന്നത്.ഈ ഭാഗങ്ങളിൽ പച്ചക്കറി കൃഷിയും വാഴത്തോട്ടങ്ങളും കരിഞ്ഞുണങ്ങുകയാണ്. അണേല പുഴയുടെ തീര പ്രദേശമായതിനാൽ ഈ പ്രദേശത്തെ കിണറുകളിലെല്ലാം ഉപ്പുവെള്ളമാണ്. കനാൽ വെള്ളം വന്ന് വയലുകൾ നിറഞ്ഞാൽ മാത്രമേ കിണറുകളിൽ ശുദ്ധജലം എത്തുകയുള്ളൂ.

എന്നാൽ നടേരി ഭാഗങ്ങളിലേക്ക് ജലവിതരണം നടത്തുന്നുണ്ടെന്ന നിലയിലാണ് ജലസേചന വകുപ്പ് അധികൃതരുടെ പ്രതികരണം. കനാൽ ജലവിതരണം സംബന്ധിച്ച് കാനത്തിൽ ജമീല എം.എൽ.എ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.

ഉദ്യോഗസ്ഥർ നൽകുന്ന വിവരം പറയുന്നത് അനുസരിച്ച് ഈ മേഖലയിൽ കനാലുകളിൽ സുലഭമായ വെള്ളമുണ്ടെന്നാണ്. മൂന്ന് ദിവസം മാത്രമാണ് നടേരി-കാവും വട്ടം കനാലിൽ വെള്ളം തുറന്നുവിട്ടത് എന്നതാണ് യാഥാർത്ഥ്യം. കൊയിലാണ്ടി മണ്ഡലത്തിലെ കനാൽ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകുന്നതോടെ കൊയിലാണ്ടി നഗരസഭ, പയ്യോളി നഗരസഭ, മൂടാടി, തിക്കോടി ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ജലക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.