‘നാന്ദകമെടുത്ത് നിനക്ക് സ്വദേശത്തേക്ക് പോകാം, ഈ ആയുധം വെച്ച് എന്നെ പൂജിച്ചാല്‍ നീ വിചാരിക്കുന്നതെല്ലാം ഞാന്‍ സാധിച്ചു തരാം’; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ ചരിത്രവും ഐതീഹ്യവും


സ്വന്തം ലേഖകൻ

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രമാണ് കൊല്ലം പിഷാരികാവ്. ക്ഷേത്രനിര്‍മ്മാണ വര്‍ഷത്തെ സൂചിപ്പിക്കുന്ന ആധികാരിക ചരിത്രരേഖകള്‍ ലഭ്യമല്ലെങ്കിലും വളരെ പ്രസിദ്ധമായ ഒരൈതിഹ്യം ഈ ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയിലേക്ക് വെളിച്ചം വീശുന്നു. ഒരു ജനസമൂഹത്തിന്റെ പലായനത്തിന്റെ കഥ ഇതില്‍ അടങ്ങിയിരിക്കുന്നു.

പണ്ട് വൈശ്യജാതിക്കാരായ ഏതാനും കുടുംബക്കാര്‍ അന്യദേശത്തു നിന്ന് തെക്കന്‍കൊല്ലത്തു വന്ന് താമസിച്ചു. സമ്പന്നരായ രത്‌നവ്യാപാരികളായിരുന്നു ഇവര്‍. അവരില്‍ ഒരു ഭക്തന്‍ ശ്രീ പോര്‍ക്കലിയില്‍ പോയി ഭഗവതിയെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തി. ഭഗവതി അയാളോട് ഇങ്ങനെ അരുളി:

‘നിന്റെ ഭക്തിവിശ്വാസാദികള്‍ കൊണ്ട് ഞാനേറ്റവും പ്രസാദിച്ചിരിക്കുന്നു. ഇനി ഇപ്രകാരം കഠിനമായ തപസ്സുചെയ്തു നീ കഷ്ടപ്പെടണമെന്നില്ല. നിന്റെ തലയ്ക്കലിരിക്കുന്ന നാന്ദകം വാളെടുത്തു നിനക്കു സ്വദേശത്തേക്കു പോകാം. എന്റെ ആയുധം വെച്ചു പതിവായി എന്നെ പൂജിച്ചു കൊണ്ടിരുന്നാല്‍ നീ വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഞാന്‍ സാധിപ്പിച്ചുതന്നുകൊള്ളാം. നീ വിചാരിക്കുന്ന സ്ഥലത്ത് ഞാനുണ്ടെന്നു ദൃഢമായി വിശ്വസിച്ചുകൊള്ളുക.’

ഭക്തന്‍ ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍ ഒരു അഭൗമതേജസ്സ് മാഞ്ഞു പോവുന്നതും തന്റെ തലയ്ക്കല്‍ ഒരു നാന്ദകം ഇരിക്കുന്നതും കണ്ടു. ഈ അനുഭവം ഭഗവതിയുടെ അരുളപ്പാട് തന്നെയെന്ന് ദൃഢമായി വിശ്വസിച്ച ഭക്തന്‍, ഭഗവതി നല്‍കിയ ആ വാളുമെടുത്തു കൊണ്ട് സ്വദേശത്തേക്ക് പോയി. തെക്കന്‍ കൊല്ലത്തെത്തിയ അയാള്‍ അവിടെ ഒരു ക്ഷേത്രം പണിയിച്ചു ഭഗവതിയെ പ്രതിഷ്ഠിക്കുകയും പീഠത്തിന്മേല്‍ നാന്ദകം വാള്‍ കൂടി വെച്ചു പതിവായി പൂജിച്ചു ഭഗവതിയെ ഭക്തിപൂര്‍വ്വം സേവിച്ചു കൊണ്ടിരിക്കുകയും ചെയ്തു. ആ വൈശ്യന്‍ ഒരു വിഷഹാരിയുമായിരുന്നു. അതിനാല്‍ അയാളുണ്ടാക്കിയ ക്ഷേത്രത്തിനും ‘വിഷഹാരിക്കാവ്’ എന്നു നാമം സിദ്ധിച്ചു. അതു ലോപിച്ചു കാലക്രമേണ ‘പിഷാരികാവ്’ എന്നായിത്തീര്‍ന്നു.

ഭഗവതിയുടെ കടാക്ഷം ലഭിച്ച വൈശ്യവ്യാപാരികള്‍ അടിക്കടി അഭിവൃദ്ധി പ്രാപിച്ച് വന്‍ ധനികരായി. കപ്പലുകളുടെയും പത്തേമാരികളുടെയും ഉടമകളായ ഇവര്‍ വിദേശവാണിജ്യവും നടത്തി. അളവില്ലാത്ത സമ്പത്തിനുടമകളായിത്തീര്‍ന്ന വൈശ്യവ്യാപാരികളും തെക്കന്‍കൊല്ലത്തെ രാജാവുമായി നികുതിയെച്ചൊല്ലി പ്രശ്‌നങ്ങളുണ്ടായി. വിദേശ വാണിജ്യം പ്രധാനവരുമാനമാര്‍ഗ്ഗമായിരുന്ന രാജാവ് സ്വാഭാവികമായും വിദേശവ്യാപാരം വഴി അതിസമ്പന്നരായ വൈശ്യരോട് കൂടുതല്‍ നികുതി ആവശ്യപ്പെട്ടു കാണും. വ്യാപാരി സമൂഹം അധികനികുതി കൊടുക്കാന്‍ വിസമ്മതിക്കുകയും രാജാവ് അവരോട് രാജ്യം വിട്ടുപോകാന്‍ കല്‍പ്പിക്കുകയും ചെയ്തു.

ഭഗവതിയെ പ്രതിഷ്ഠിച്ചു സേവിച്ചുകൊണ്ടിരുന്നവരുള്‍പ്പെടെ എട്ടു കുടുംബക്കാര്‍ കല്പന കേട്ട ക്ഷണത്തില്‍ അവരുടെ സകല സ്ഥാവരജംഗമസ്വത്തുക്കളും പത്തേമാരികളിലാക്കിക്കൊണ്ട് സമുദ്രമാര്‍ഗ്ഗേണ വടക്കോട്ടു പുറപ്പെട്ടു. ഭഗവതിയെ സേവിച്ചുകൊണ്ടിരുന്ന വൈശ്യന്‍ യാത്രയായ സമയം ആ ഭഗവതിയെ നാന്ദകം വാളിന്മേല്‍ ആവാഹിച്ചെടുത്തുകൊണ്ടാണ് പോയത്. ബാക്കി വൈശ്യകുടുംബങ്ങള്‍ തെക്കോട്ട് നീങ്ങി. വടക്കോട്ട് യാത്രതിരിച്ചവര്‍ യാത്രയ്ക്കിടയില്‍ ഒരു തീരപ്രദേശത്ത് അസാധാരണമായ ഒരുകാഴ്ച കണ്ടു. വിരുദ്ധ പ്രകൃതമുള്ള പശുക്കളും പുലികളും ജാതിവിരോധമില്ലാതെ ഒന്നിച്ചു വെള്ളം കുടിക്കുന്ന കാഴ്ചയായിരുന്നു അത്. ഈ അസാധാരണ കാഴ്ചയില്‍ നിന്ന് പ്രദേശത്തിന്റെ സമാധാനസ്വഭാവം മനസ്സിലാക്കിയ അവര്‍ അവിടെ കരയ്ക്കിറങ്ങി. ഈ പ്രദേശം ഭഗവതിയെ പ്രതിഷ്ഠിക്കാനും തങ്ങള്‍ക്ക് സ്വൈര്യമായി താമസിച്ചു വ്യാപാരം നടത്തുവാനും എന്തുകൊണ്ടും യോജ്യമാണെന്ന് മനസിലാക്കിയ അവര്‍ കുറുമ്പ്രനാട് രാജാവിന്റെ പ്രതിനിധി കോമത്ത് വാഴുന്നവരില്‍ നിന്ന് ആനച്ചവിട്ടടിക്ക് ആമാടകൊടുത്ത് (ആനച്ചവിട്ടടി = ഒരുതരം അളവ്, ആമാട = ഒരുതരം പൊന്ന്) സ്ഥലം വാങ്ങി ക്ഷേത്രവും അവര്‍ക്കാവശ്യമായ വീടുകളും നിര്‍മ്മിച്ചു.

ക്ഷേത്രത്തിനു പൂര്‍വസ്മരണ നിലനിര്‍ത്താന്‍ കൊല്ലം പിഷാരികാവ് എന്നുതന്നെ അവര്‍ പേരിട്ടു. കൊല്ലത്ത് നിന്ന് ഭഗവതിയെ ആവാഹിച്ചു കൊണ്ടു വന്ന നാന്ദകം ക്ഷേത്ര ശ്രീകോവിലില്‍ത്തന്നെ വെച്ചു പൂജിച്ചുവന്നു. ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് സുപ്രസിദ്ധ തന്ത്രി കാട്ടുമാടം നമ്പൂതിരിയാണ്. ആദ്യകാലത്തെ പൂജാരിമാര്‍ വൈശ്യന്മാര്‍ തന്നെയായിരുന്നു. എട്ട് വൈശ്യകുടുംബങ്ങള്‍ തങ്ങളുടെ പരദേവതയുടെ സമീപം തന്നെ എട്ടുവീടുകളിലായി താമസമുറപ്പിച്ചു. ഇവരാണ് ക്ഷേത്രത്തിന്റെ ഉടമകള്‍ അഥവാ ഊരാളന്മാര്‍. കീഴയില്‍, വാഴയില്‍, ഇളയിടത്ത്, ഈച്ചരാട്ടില്‍, പുനത്തില്‍, നാണോത്ത്, മുണ്ടക്കല്‍, എരോത്ത് എന്നീ തറവാട്ടുകാര്‍.

പുതുതായി താമസമുറപ്പിച്ച വടക്കന്‍ കൊല്ലത്ത് സാമ്പത്തിക സുരക്ഷിതത്ത്വവും സമാധാനാന്തരീക്ഷവും വൈശ്യര്‍ക്ക് ലഭിച്ചു. എന്നാല്‍ പരമ്പരാഗതമായി അവര്‍ സ്വീകരിച്ചുവന്നിരുന്ന ദായക്രമം (മക്കത്തായം തുടരുവാന്‍ അവര്‍ക്ക് പ്രയാസം നേരിട്ടു. എട്ടു വൈശ്യകുടുംബങ്ങള്‍ മാത്രമായതുകൊണ്ട് അവര്‍ക്ക് പെണ്‍മക്കള്‍ക്ക് വരന്മാരെ കണ്ടെത്താന്‍ സാധ്യമാവാതെ വന്നു. കാരണം ഈ പ്രദേശത്ത് വൈശ്യജാതിക്കാര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ നായന്മാരുമായി വൈവാഹികബന്ധത്തില്‍ ഏര്‍പ്പെടാനും മരുമക്കത്തായം സ്വീകരിക്കുവാനും നിര്‍ബന്ധിതരായി.

വൈശ്യന്മാര്‍ നായന്മാരായിത്തീര്‍ന്നപ്പോള്‍ ക്ഷേത്രത്തില്‍ ശാന്തിക്ക് അവരായാല്‍പ്പോരെന്നു അവര്‍ക്കുതന്നെ തോന്നുകയാല്‍ ശാന്തിക്ക് അവര്‍ ചാലോറ എന്ന് ഇല്ലപ്പേരായ ഒരു നമ്പൂരിയെ നിയമിച്ചു. നമ്പൂരി ശാന്തിയായപ്പോള്‍ അവിടെ സ്വല്പം ചില ഭേദഗതികള്‍ വരുത്തേണ്ടിവന്നു. ക്ഷേത്രത്തില്‍ അഞ്ചു പൂജ പതിവുള്ളതില്‍ ഭഗവതിക്കു മാത്രം ഉച്ചപ്പൂജയ്ക്കുള്ള നിവേദ്യം മദ്യവും മാംസവുമായിരുന്നു പതിവ്. നമ്പൂരി ശാന്തിയായപ്പോള്‍ അതു വേണ്ടെന്നു വെച്ചു. മദ്യമാംസങ്ങള്‍ നിവേദ്യമല്ലാതാവുകയും പൂജ നമ്പൂരിയാവുകയും ചെയ്തപ്പോള്‍ ഭഗവതിയുടെ ചൈതന്യവും വര്‍ദ്ധിച്ചു. മുന്‍പേതന്നെ ഉഗ്രമൂര്‍ത്തിയായ ഭഗവതി നമ്പൂരിയുടെ പൂജ നിമിത്തം അത്യുഗ്രയായിത്തീര്‍ന്നു. ദേവിക്കു ‘ഭയങ്കരി’ എന്നുള്ള നാമം അപ്പോഴാണു യഥാര്‍ത്ഥമായിത്തീര്‍ന്നത്. ദര്‍ശനത്തിനായിച്ചെല്ലുന്നവര്‍ക്കു പകല്‍സമയത്തുപോലും ദേവിയുടെ നടയില്‍പ്പോകാനെന്നല്ല, ക്ഷേത്രത്തിനകത്തു കടക്കാന്‍തന്നേയും എന്തോ വല്ലാത്ത ഒരു ഭയം ഉണ്ടായിത്തീര്‍ന്നു. അപ്പോള്‍ ഈ ഉഗ്രത സ്വല്പം കുറയ്ക്കണമെന്നു നിശ്ചയിച്ചു ഊരാളന്മാര്‍ നമ്പൂരിയുടെ ശാന്തി വേണ്ടെന്നുവെയ്ക്കുകയും ശാക്തേയന്മാരായ ‘വട്ടോളി’ മൂസ്സതിന്മാരെക്കൊണ്ടു ശാന്തി തുടങ്ങിക്കുകയും ചെയ്തു. അപ്പോള്‍ ദേവിയുടെ ഉഗ്രതയ്ക്കു സ്വല്പം ശമനം സംഭവിക്കുകയും ചെയ്തു. ഇപ്പോഴും ഈ ക്ഷേത്രത്തില്‍ ശാന്തി നടത്തിവരുന്നതു വട്ടോളി മൂസ്സതിന്മാര്‍ തന്നെയാണ്. എങ്കിലും ആണ്ടുതോറും മീനത്തില്‍ തന്ത്രിയെ അവിടെ വരുത്തി, ഒരു ശുദ്ധികലശവും ബ്രാഹ്‌മണരെക്കൊണ്ടു മൂന്നു ദിവസത്തെ പൂജയും ഇപ്പോഴും നടത്തിവരുന്നുണ്ട്.

ഈ ക്ഷേത്രത്തില്‍ ആണ്ടുതോറും മീനമാസത്തില്‍ എട്ടു ദിവസമായിട്ട് ഒരുത്സവം
നടന്നുവരുന്നുണ്ട്. അതിനു ‘കളിയാട്ടം’ എന്നാണു പേരുപറഞ്ഞുവരുന്നത്. ഈ ഉത്സവം മറ്റു ക്ഷേത്രങ്ങളിലെപ്പോലെയൊന്നുമല്ല. ഇവിടെ ധ്വജമായി ഉപയോഗിക്കുന്നതു നാല്പത്തഞ്ചുകോല്‍ നീളമുള്ള ഒരു മുളയാണ്. മുള നാട്ടി അതിന്മേലാണ് കൊടിയേറ്റു കഴിക്കുന്നത്. കൊടിയേറിയാല്‍ എഴുന്നള്ളിക്കുന്നത് ആറു ദിവസം ലോഹനിര്‍മ്മിതമായ ശീവേലിത്തിടമ്പും എഴാം ദിവസവും എട്ടാം ദിവസവും നാന്ദകം വാളുമാണ്. നാന്ദകം വാളെഴുന്നള്ളിക്കുന്നതിനുള്ള ആന പിടി തന്നെയായിരിക്കണമെന്നു നിര്‍ബന്ധമുണ്ട്. ഉത്സവകാലത്തു പ്രതിദിനം മൂന്നു ശീവേലിയും ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍വെച്ചു ബ്രാഹ്‌മണര്‍ക്കും സാധുക്കള്‍ക്കും സദ്യയും പതിവുണ്ട്. ഏഴാം ദിവസം വലിയവിളക്കിനും എട്ടാംദിവസം കാളിയാട്ടത്തിനും മാത്രമേ നാന്ദകംവാള്‍ ആനപ്പുറത്ത് എഴുന്നള്ളിക്കാറുള്ളൂ. നാന്ദകം വാളെടുത്ത് എഴുന്നള്ളിക്കുന്ന ആളില്‍ ഭഗവതിയുടെ ആവാസമുണ്ടാകുമെന്നാണ് വിശ്വാസം. ആ ആള്‍ വാള്‍ പിടിച്ചുകൊണ്ട് ആനപ്പുറത്തിരുന്നു കലശലായി വിറയ്ക്കുകയും എഴുന്നള്ളിച്ചുകഴിഞ്ഞു താഴെയിറങ്ങി വാള്‍ ശ്രീകോവിലകത്തു കൊണ്ടുചെന്നു വെച്ചാലുടനെ ബോധംകെട്ടു വീഴുകയും ചെയ്യാറുണ്ട്. പിന്നെ വളരെനേരം കഴിഞ്ഞേ ആ ആള്‍ക്കു ബോധം വീഴുകയുള്ളൂ.

ഇവിടെ ഉത്സവം മീനമാസത്തിലായിരിക്കണമെന്നല്ലാതെ കൊടിയേറ്റ് ഇന്നനാള്‍, അല്ലെങ്കില്‍ ഇന്ന തീയതി വേണമെന്നു നിര്‍ബന്ധമില്ല. അത് ആണ്ടുതോറും നിശ്ചയിച്ചു നടത്തുകയാണു പതിവ്. അതു നിശ്ചയിക്കാനുള്ള അവകാശവും അധികാരവും ‘പൊറ്റമൽ നമ്പീശന്‍’ എന്ന ആള്‍ക്കാണ്. അവരുടെ കുടുംബത്തില്‍ അതാതുകാലത്തു മൂപ്പായിട്ടുള്ള ആളാണ് അതു നിശ്ചയിക്കുന്നത്. എന്നാല്‍ അതു നാന്ദകം വാള്‍ കറകൂട്ടുവാനുള്ള മുഹൂര്‍ത്തമനുസരിചായിരിക്കണം. വാള്‍ കറകൂട്ടു വാനുള്ള മുഹൂര്‍ത്തം ജ്യോത്സ്യനെ വരുത്തി നോക്കിച്ചാണ് നിശ്ചയിക്കുന്നത്. ഞായര്‍, ചൊവ്വ, വെള്ളി ഈ ആഴ്ചകളില്‍ ഏതെങ്കിലും ഒരു ദിവസമേ വാള്‍ കറകൂട്ടുവാന്‍ പാടുള്ളൂ. വാള്‍ കറകൂട്ടുക എന്നുപറഞ്ഞാല്‍ തേച്ചുമിനുക്കി തുരുമ്പു കളഞ്ഞ് എണ്ണ പുരട്ടിവെയ്ക്കുക എന്നാണര്‍ത്ഥം.