ഇത്തവണയും അവഗണന; കോവിഡ് കാലത്ത് നിര്‍ത്തിയ മലബാറിലെ പാസഞ്ചര്‍ ട്രെയിനുകള്‍ മെയ് 30ന് ആരംഭിക്കുന്ന ട്രെയിനുകളുടെ പട്ടികയിലുമില്ല!


കോഴിക്കോട്: കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ മലബാറിലെ ജനകീയ ട്രെയിനുകള്‍ ഇത്തവണയും പട്ടികയില്‍ ഇല്ല. മേയ് 30ന് പുനരാരംഭിക്കുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ പട്ടികയിലും പാസഞ്ചര്‍ ട്രയിനുകളില്ല. മലബാറിനോട് റെയില്‍വേ അവഗണന എന്ന പതിവ് പരാതി ശരിവെക്കും വിധമാണ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പട്ടിക.

തൃശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍, കോഴിക്കോട് -കോയമ്പത്തൂര്‍ പാസഞ്ചര്‍ തുടങ്ങിയവ പുതിയ പട്ടികയിലില്ല. അതേസമയം, തൃശൂര്‍-ഗുരവായൂര്‍, കൊല്ലം-തിരുവനന്തപുരം, കോട്ടയം -കൊല്ലം, പുനലൂര്‍-കൊല്ലം പാസഞ്ചര്‍ ട്രെയിനുകള്‍ 30ന് പുനരാരംഭിക്കും.

കോഴിക്കോട് കണ്ണൂര്‍ മേഖലയിലെ നിത്യയാത്രക്കാര്‍ ഏറെ ആശ്രയിച്ചിരുന്ന പാസഞ്ചര്‍ ട്രെയിനുകളെയായിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഇവ മുടങ്ങിയതോടെ ഇവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ദേശീയപാത നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാലും മറ്റും ഈ മേഖലയില്‍ പലയിടത്തും ഗതാഗതക്കുരുക്ക് പതിവാണ്. അതിനാല്‍ ബസുകളെ ആശ്രയിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയശേഷം മറ്റ് പല ട്രെയിനുകളും പുനഃസ്ഥാപിച്ചെങ്കിലും നിത്യയാത്രികരുടെ ട്രെയിനിനെ റെയില്‍വേ പരിഗണിക്കാത്തത് യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍നിന്ന് വൈകീട്ട് 4.50ന് തൃശൂരിലേക്ക് ഉണ്ടായിരുന്ന പാസഞ്ചര്‍ ട്രെയിനും പുനഃസ്ഥാപിക്കേണ്ടത് മലബാറിലെ യാത്രികരുടെ ആവശ്യമാണ്. ഈ വണ്ടി കഞ്ചിക്കോട് വൈകീട്ട് 5.40നും പാലക്കാട് 5.50നും എത്തിയിരുന്നതിനാല്‍ ജോലികഴിഞ്ഞ് വരുന്നവര്‍ തിരിച്ചു വരാന്‍ ആശ്രയിച്ചിരുന്നത് കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചറാണ്. വൈകീട്ട് ഏഴ് മണിക്ക് ഷൊര്‍ണൂരില്‍ എത്തുമ്പോള്‍ കണക്ഷന്‍ ട്രെയിനായി അവിടെ തൃശൂര്‍ – കോഴിക്കോട് പാസഞ്ചര്‍ ഉണ്ടാവും. അതില്‍ കയറി ഷൊര്‍ണൂരില്‍നിന്ന് വടക്കോട്ടുള്ളവര്‍ക്ക് യാത്രചെയ്യാമായിരുന്നു. ഈ സൗകര്യമെല്ലാം നിലച്ചു.