കല്ലാച്ചിയില്‍ മജ്ബൂസ് കഴിച്ച കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദിയും; ചായ കുടിച്ച ഏഴുവയസുകാരന് ഭക്ഷ്യവിഷബാധ: പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം

നാദാപുരം: ഹോട്ടല്‍ ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയും വയറിളക്കവും. കല്ലാച്ചി-നാദാപുരം ടൗണികളിലെ കടകളില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ബുദ്ധിമുട്ടുണ്ടായത്.

കല്ലാച്ചിയിലെ ഫുഡ് പാര്‍ക്ക് ഹോട്ടലില്‍ നിന്ന് മജ്ബൂസ് കഴിച്ച കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദിയും റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് സ്ഥാപനം ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചു. നാദാപുരം ബസ് സ്റ്റാന്റിലെ ബേക്ക് പോയിന്റ് എന്ന സ്ഥാപനത്തില്‍ നിന്നും ചായ കുടിച്ച ഏഴുവയസുകാരന് ഭക്ഷ്യവിഷബാധയേറ്റു. പഴകിയ പാല്‍ ഉപയോഗിച്ചതാണ് വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെയാണ് കുട്ടി ഇവിടെ നിന്ന് ചായ കുടിച്ചത്.

നിരോധിത കളര്‍ ഉപയോഗിച്ച് എണ്ണക്കടികള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയതിനും ലൈസന്‍സ് ഇല്ലാതെ സ്ഥാപനം നടത്തിയതിനും നാദാപുരം ഗവ.താലൂക്കാശുപത്രിയുടെ മുമ്പിലുള്ള ഗണേഷന്റെ കട പൂട്ടാന്‍ നിര്‍ദേശിച്ചു.

ഇതേത്തുടര്‍ന്ന് കല്ലാച്ചി-നാദാപുരം ഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരായ ഫെബിന മുഹമ്മദ് അഷ്‌റഫ്, സനിന മുഹമ്മദ്, നാദാപുരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ അല്ലേരി എന്നിവര്‍ നേതൃത്വം നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ നാദാപുരം മേഖലയിലെ മുപ്പതിലേറെ സ്ഥാപനങ്ങളുടെ പേരിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നടപടിയെടുത്തത്.