‘കോടതിക്കും നീതി വേണം!’; രണ്ട് മാസത്തിലേറെയായി മജിസ്ട്രേറ്റ് ഇല്ലാതെ കൊയിലാണ്ടി കോടതി, വിചാരണ മാറ്റിവയ്ക്കൽ തുടർക്കഥ, മുൻസിഫ് കോടതിയുടെ ഉൾപ്പെടെ പ്രവർത്തനം താളം തെറ്റുന്നു
കൊയിലാണ്ടി: കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മജിസ്ട്രേറ്റ് കസേര രണ്ടുമാസത്തിലേറെയായി ഒഴിഞ്ഞു കിടക്കുന്നു. കൊയിലാണ്ടി മജിസ്ട്രേറ്റ് ആയിരുന്ന ശ്രീജ ജനാർദ്ദനൻ കൊല്ലം ജില്ലയിലേക്ക് സബ് ജഡ്ജിയായി സ്ഥലം മാറിപ്പോയതോടെയാണ് കൊയിലാണ്ടി കോടതിയിൽ മജിസ്ട്രേറ്റ് ഇല്ലാതായത്. ഇതോടെ കോടതിയുടെ പ്രവർത്തനം താളം തെറ്റി.
കൊയിലാണ്ടി, എലത്തൂർ പൊലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളാണ് കൊയിലാണ്ടി മജിസ്ട്രേറ്റിന്റെ പരിധിയിൽ വരുന്നത്. കൊയിലാണ്ടി സ്റ്റേഷനിൽ മാത്രം പ്രതിവർഷം 1200 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. ആയിരത്തോളം കേസുകൾ എലത്തൂരിലും ഉണ്ടാകും. കൊയിലാണ്ടിയിൽ മജിസ്ട്രേറ്റ് ഇല്ലാതായതോടെ പൊലീസും എക്സൈസും കുഴങ്ങിയിരിക്കുകയാണ്.
വിവിധ ക്രിമിനൽ കേസുകളിൽ അറസ്റ്റിലാകുന്ന പ്രതികളെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയാൽ മാത്രമേ റിമാന്റ് ചെയ്യാൻ സാധിക്കൂ. കൊയിലാണ്ടിയിൽ മജിസ്ട്രേറ്റ് ഇല്ലാത്തത് കാരണം മറ്റ് ചുമതലയുള്ള മജിസ്ട്രേറ്റുമാർക്ക് മുന്നിൽ പ്രതികശളെ ഹാജരാക്കേണ്ട അവസ്ഥയാണ് പൊലീസിനും എക്സൈസിനും ഉള്ളത്.
കൊയിലാണ്ടിയിൽ മജിസ്ട്രേറ്റ് ഇല്ല എന്ന കാര്യം ബാർ അസോസിയേഷൻ പരാതിയായി ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കൊയിലാണ്ടി മുന്‍സിഫ് ആഴ്ചയില്‍ ഒരു ദിവസം മജിസ്‌ട്രേറ്റ് കോടതിയില്‍ സിറ്റിംഗ് നടത്തിയാണ് ഇപ്പോള്‍ കേസ് പരിഗണിക്കുന്നത്. അത് മുന്‍സിഫ് കോടതിയുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. കേസുകള്‍ വിചാരണ നടത്തുന്നതിന് ഇപ്പോള്‍ സൗകര്യം കിട്ടുന്നില്ല. പകരം മറ്റ് തിയ്യതികളിലേക്ക് മാറ്റിവെക്കുകയാണ് ചെയ്യുന്നത്.
സമാനമായ അവസ്ഥയാണ് കോഴിക്കോട് നാലും ആറും ജെ.എഫ്.സി.എം കോടതിയിലുമുള്ളത്. ആറ് മാസത്തോളമായി ഈ അവസ്ഥയാണ് കോഴിക്കോട് കോടതിയിലും. നേരത്തെ മൂന്നാം നമ്പര്‍ കോടതിയില്‍ മജിസ്‌ട്രേട്ട് ഇല്ലായിരുന്നു.പകരം ഏഴാം നമ്പര്‍ കോടതിയിലെ മജിസ്‌ട്രേറ്റിന് മൂന്നാം നമ്പര്‍ കോടതിയുടെ കൂടി ചുമതല നല്‍കുകയായിരുന്നു.
വടകര കുടുംബ കോടതിയിലും ആറുമാസത്തോളമായി ജഡ്ജി ഇല്ല. കോഴിക്കോട് കുടുംബകോടതി ജഡ്ജി ആഴ്ചയില്‍ ഒരു ദിവസം വടകരയിലെത്തിയാണ് ഇപ്പോള്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നത്. മജിസ്‌ട്രേട്ട് മുന്‍സിഫ് തസ്തികളില്‍ നിയമനം നടത്താനുള്ള ലിസ്റ്റ് തയ്യാറാക്കേണ്ടത് ഹൈക്കോടതിയാണ്.