നിപ പ്രതിരോധം: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ സമിതി ചേർന്നു; പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ


കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ സമിതി യോഗം ചേർന്നു. നിപ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്നും ഒന്നിച്ച് അതിജീവിക്കാമെന്നും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ പറഞ്ഞു. യോഗത്തിൽ പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങളായി താഴെ പറയുന്ന തീരുമാനങ്ങളെടുത്തു.

  • പഞ്ചായത്തിലെ മുഴുവൻ പേരും മാസ്ക് നിർബന്ധമായും ധരിക്കേണ്ടതാണ്.
  • വിവാഹങ്ങൾ, ആഘോഷ പരിപാടികൾ എന്നിവ നിയന്ത്രണങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായി നടത്തേണ്ടതാണ്.
  • യോഗങ്ങൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി വെക്കേണ്ടതാണ്.
  • വാർഡുതല ജഗ്രതാ സമിതി 17, 18 തിയ്യതികളിൽ ജനപ്രതിനിധികൾ വിളിച്ചു ചേർക്കേണ്ടതാണ്.
  • പകർച്ചപ്പനി ലക്ഷണങ്ങളുള്ള മുഴുവൻ പേരും ആശാ വർക്കർമാർക്ക് വിവരം നൽകേണ്ടതാണ്.
  • എല്ലാ പകർച്ചപ്പനി ബാധിതരുടേയും വിവരങ്ങൾ ആശാ വർക്കർമാർ ശേഖരിച്ച് ആരോഗ്യ വിഭാഗത്തിന് നൽകേണ്ടതും നിരീക്ഷിക്കേണ്ടതുമാണ്.
  • പകർച്ചപ്പനി ബാധിതർ പരിശോധനയ്ക്ക് ശേഷം രോഗം ഭേദമാകുന്നതുവരെ വീടുകളിൽ തന്നെ വിശ്രമിക്കേണ്ടതാണ്.
  • സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പാടില്ല.
  • പൊയിൽക്കാവ് കോട്ട ഉൾപ്പെടെയുള്ള പഞ്ചായത്തിലെ കോട്ടകളിലേയും കാവുകളിലേയും വവ്വാലിൻ്റെ ആവാസ വ്യവസ്ഥക്ക് ഭീഷണിയുണ്ടാവാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
  • വവ്വാലുകൾ ഭക്ഷിച്ച അടക്കയും ഫലങ്ങളും കൈകാര്യം ചെയ്യരുത്.