കണ്ടയിൻമെന്റ് സോണുകളിലെ പൊതുപാര്‍ക്കുകളിലും ബീച്ചുകളിലും പ്രവേശനമില്ല, കള്ള് ചെത്തുന്നതിനും വില്‍ക്കുന്നതിനും വിലക്ക്; കോഴിക്കോട്ട് ജില്ലയിൽ കൂടുതല്‍ നിയന്ത്രണങ്ങൾ


കോഴിക്കോട്: നിപ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ പൊതുവിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം കള്ള് ചെത്തുന്നതിനും വില്‍ക്കുന്നതിനും അനുമതിയില്ല. കൂടാതെ
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ഒരു തരത്തിലുള്ള കൂടിച്ചേരലുകള്‍ക്കും പൊതുപരിപാടികള്‍ക്കും അനുമതിയില്ല. സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനമൊരുക്കാനും നിര്‍ദേശമുണ്ട്. പ്രദേശത്തെ പൊതുപാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവയില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനമുണ്ടായിരിക്കില്ല.

ജില്ലയില്‍ കഴിയാവുന്ന പൊതുപരിപാടികളും ചടങ്ങുകളും മാറ്റിവയ്ക്കണം. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കുന്നതല്ല. രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാള്‍ക്കുമാത്രമാണ് അനുമതിയുള്ളത്. ആരാധനാലയങ്ങളില്‍ പോകുന്നവരും ചടങ്ങുകളില്‍ പങ്കെടുക്കുന്നവരും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. കണ്ടെയ്ന്‍മെന്റ് സോണുകളിലേക്കുള്ള യാത്രകളും കര്‍ശനമായി നിരോധിച്ചു.

കണ്ടെയ്ന്‍മെന്റ് സോണിലെ മറ്റു നിയന്ത്രണങ്ങള്‍

– കള്ള് ചെത്തുന്നതിനും വില്‍ക്കുന്നതിനും അനുമതിയില്ല.

– പ്രദേശങ്ങളില്‍ നിയന്ത്രിതമായ രീതിയില്‍ സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്താം. സന്നദ്ധപ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടവര്‍ക്ക് ഐ.ഡി. കാര്‍ഡ്, ബന്ധപ്പെട്ട എസ്.എച്ച്.ഒ. നല്‍കണം. ഇതിനായി സന്നദ്ധപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട പഞ്ചായത്ത് പോലീസിന് കൈമാറണം.

– മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണവും ബോധവത്കരണവും ശക്തമാക്കണം. പന്നിഫാമുകള്‍, വവ്വാല്‍ സാന്നിധ്യമുള്ള സ്ഥലങ്ങള്‍ എന്നിവ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കണം.

– വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുകയോ വളര്‍ത്തുമൃഗങ്ങളെ മേയാന്‍ വിടുകയോ ചെയ്യരുത്.

– വവ്വാല്‍, പന്നി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ജഡം സ്പര്‍ശിക്കരുത്.

– പന്നിവളര്‍ത്തുകേന്ദ്രങ്ങളില്‍ പന്നികള്‍ക്ക് രോഗലക്ഷണങ്ങള്‍ കാണുകയോ അസാധാരണമായ മരണനിരക്ക് ഉയരുകയോ ചെയ്താല്‍ അടുത്തുള്ള മൃഗാശുപത്രികളില്‍ അടിയന്തരമായി അറിയിക്കുക.

ജില്ലയിലെ നിയന്ത്രണങ്ങള്‍

– ജനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ക്ക് വിധേയമാകണം.

– യോഗങ്ങള്‍ ഓണ്‍ലൈനായി നടത്തുക.

– ഒഴിവാക്കാനാവാത്ത പരിപാടികള്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയ ശേഷം വ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി മാത്രം നടത്തുക.

– അനാവശ്യയാത്രകള്‍ ഒഴിവാക്കുക. പാര്‍ക്കുകള്‍, ബിച്ചുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം പരമാവധി ഒഴിവാക്കുക.

– മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായും ഉപയോഗിക്കുക.

– ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കേണ്ടതും ആരോഗ്യകേന്ദ്രങ്ങള്‍ വഴി ബോധവത്കരണം നടത്തേണ്ടതുമാണ്.

– വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ പ്രവേശിക്കരുത്, വളര്‍ത്തുമൃഗങ്ങളെ മേയാന്‍ വിടരുത്.

– വവ്വാല്‍, പന്നി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ജഡം സ്പര്‍ശിക്കരുത്.

– പന്നിവളര്‍ത്തുകേന്ദ്രങ്ങളില്‍ പന്നികള്‍ക്ക് രോഗലക്ഷണങ്ങള്‍ കാണുകയോ അസാധാരണമായ മരണനിരക്ക് ഉയരുകയോ ചെയ്താല്‍ അടുത്തുള്ള മൃഗാശുപത്രികളില്‍ അടിയന്തരമായി അറിയിക്കുക.

Summary: Nipah New restrictions issued in kozhikode