”ദൈവത്തിന്റെ ഉപ്പിലലിഞ്ഞ് അമ്പാടി അസ്രാളനായി രൂപാന്തരപ്പെടുന്നേരം അമ്പാടിയെന്ന പേരുപോലും മാഞ്ഞ് മീന്‍പണിക്കാരുടെ അസ്രാളന്‍ ദൈവമായി മാറുന്നു” കടല്‍മണമുള്ള തെയ്യങ്ങള്‍- നിജീഷ്.എം.ടി എഴുതുന്നു


നിലാവുള്ള രാത്രികളില്‍ അച്ഛനും, സന്തത സഹചാരി ഉണ്ണീച്ചംകണ്ടി കണാരേട്ടനുമൊപ്പം ഉരുപുണ്യക്കടപ്പുറത്ത് കടലില്‍ വല വീശാന്‍ പോകാന്‍ അവസരം കിട്ടുക വല്ലപ്പോഴും മാത്രമായിരുന്നു. അതാകട്ടെ സന്തോഷകരമായ കാര്യവുമായിരുന്നു, അതിനൊരു കാരണം ദേശാന്തരയാത്രകള്‍ നടത്തിയ കണാരേട്ടന്‍ കഥകളുടെ നിറകടലാണ് എന്നതായിരുന്നു. അത്തരം ഒരു രാത്രിയിലാണ് ഞാനും മീന്‍മണമുള്ള, കടല്‍മണമുള്ള തെയ്യങ്ങളെപ്പറ്റി കേള്‍ക്കാനിടയായത്.

കടലിലേക്ക് അച്ഛന്‍ വീശിയെറിയുന്ന വല, കടലില്‍ വൃത്താകൃതിയില്‍ വെള്ളിവെളിച്ചം തീര്‍ത്ത് കൊണ്ട് പതിച്ചു കൊണ്ടിരിക്കവെ കണേരേട്ടന്‍ കഥകളുടെ കടല്‍ക്കയങ്ങളിലേക്ക് എന്നെയും വീശിയെറിയുകയായിരുന്നു. കടല്‍ക്കയങ്ങള്‍ താണ്ടി മീന്‍ പിടിച്ച് ജീവിക്കുന്ന ഒരു മനുഷ്യന്റെ ജീവിതം കഠിനമായ കര്‍മ്മങ്ങളുടെ നൈരന്തര്യത്തിലൂടെ മറ്റൊന്നായി മാറിപ്പോയ കഥയായിരുന്നു അത്. മീന്‍പണിയെടുക്കുന്നവനും ദൈവത്തിലേക്ക് നേരിട്ടൊരു വഴിയുണ്ട് എന്നതിന്റെ ചരിത്രസാക്ഷ്യമാണ് തേളപ്പുറത്ത് അമ്പാടി എന്ന കടല്‍ പണിക്കാരന്റെ ജീവിതം.

കണാരേട്ടന്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ അച്ഛന്‍ വല ആയാസപ്പെട്ട് കരയിലേക്ക് വലിച്ചിട്ടുകഴിഞ്ഞിരുന്നു. നിലാവെളിച്ചത്തില്‍ വലയ്ക്കുള്ളില്‍ പിടയ്ക്കുന്ന മീനുകളുടെ പുറം തൂളികള്‍ നിലാവേറ്റ് തിളങ്ങുന്നുണ്ടായിരുന്നു.
കടലോര്‍മ്മകളാല്‍ പിടയുന്ന മീനുകളെ കൊട്ടയിലേക്ക് പെറുക്കിയിടാന്‍ എനിക്ക് വല്ലാത്തൊരു തിടുക്കമായിരുന്നു. ചന്ദനത്തിരിമണമില്ലാത്ത, സാമ്പ്രാണി മണക്കാത്ത മീന്‍മണമുള്ള ദൈവമോ?
അങ്ങനെ ഒരു തെയ്യമോ?
വര്‍ഷങ്ങള്‍ക്ക് ശേഷം വായനയുടെ കടലിലേക്ക് ചെറുതുഴവള്ളവുമായി ഇറങ്ങിയപ്പോഴാണ് കടല്‍ പോറ്റിവളര്‍ത്തിയ മീന്‍മണമുള്ള തെയ്യങ്ങളെപ്പറ്റി കൂടുതല്‍ അറിയാന്‍ തുടങ്ങിയത്, വി.കെ.അനില്‍കുമാര്‍ സാര്‍ കടല്‍മണമുള്ള തെയ്യങ്ങളെപ്പറ്റി വിശദീകരിച്ച് എഴുതിയിട്ടതിന്റെ വായന മനസ്സിലേക്ക് കടല്‍ ഓര്‍മ്മകളും, കടലോര്‍മ്മകളിലെ കരവലവീശുരാവുകളും തിരയടിച്ച് ഇരമ്പിക്കയറ്റിച്ചു. അച്ഛനും, കണാരേട്ടനുമെല്ലാം മണ്ണിലും കടലിലുമലിഞ്ഞു ചേര്‍ന്നിട്ട് വര്‍ഷങ്ങളായി.

അസ്രാളന്‍ തെയ്യം:
കടല്‍ എന്ന ദൈവ സങ്കല്പത്തിന്റെ മനുഷ്യരൂപമാണ് അസ്രാളന്‍ തെയ്യം.
തെയ്യമെന്നാല്‍ കേവലം ഒരാരാധനയല്ലെന്നും അത് ഭൂമിയെക്കുറിച്ചും, കടലിനെക്കുറിച്ചും കടല്‍ജീവിതത്തെക്കുറിച്ചും ഒരു നാടിന്റെ ചരിത്രത്തെക്കുറിച്ചുമുള്ള അന്വേഷണമാണെന്നും എനിക്ക് ബോധ്യമായത് ഒരു സാധാരണക്കാരനായ കടല്‍ത്തൊഴിലാളിയുടെ ജീവിത കഥയിലൂടെയാണ്.

അസ്രാളന്‍ എന്നത് ഒരു പക്ഷെ നമുക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത, നമുക്ക് പിടികിട്ടാത്ത കാര്യമായേക്കാം, കടല്‍പ്പണിക്കാരുടെ കടല്‍ എന്നത് അവരുടെ കടല്‍ അറിവാണ്, അവരുടെ ദൈവസങ്കല്‍പം ഉരുത്തിരിഞ്ഞത് അവരുടെ കടല്‍ അനുഭവങ്ങളുടെ അറിവില്‍ നിന്നാണ്. കടലും കപ്പലോട്ടവും കടലോരവും മീനും, മീന്‍ ചട്ടിയും വീടുമുണ്ട്. ഒറ്റരാത്രി കൊണ്ട് മൂന്നു പുഴ നീന്തിക്കടന്ന അമ്പാടി മൊയോനും അമ്പാടിയെ കാത്തുകരഞ്ഞിരുന്ന പാറു മൊയിയുമുണ്ടായിരുന്നു ആ കഥയില്‍.

കണ്ണൂര്‍-കാസര്‍ഗോഡ് ഭാഗത്തെ കടല്‍ ഗ്രാമങ്ങളിലെവിടെയോ കടല്‍പ്പണിക്കാരനായ മുകയന്‍ തേളപ്പുറത്ത് അമ്പാടി എന്ന മനുഷ്യന്‍ എല്ലാവര്‍ഷവും തുലാത്തില്‍ (@മലയാള മാസം തുലാം) തെങ്ങരക്കരക്കാറ്റ് വീശുമ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് കൊടുംപുരികവും എരിഞ്ഞിപ്പൂവും മുഖത്തെഴുതി, താടിയും മീശയുമണിഞ്ഞ് തലപ്പാളി കെട്ടി കൊതച്ച മുടി വെച്ച് ഒത്തവാല്യക്കാരനായി അമ്പാടി മൊയോനെന്ന മീന്‍ പണിക്കാരന്‍, കടല്‍ യാത്രികന്‍ തെയ്യമായി ആയിറ്റിപ്പോതിയിരിക്കുന്ന കുറുവാപ്പള്ളിയറയുടെ തിരുമുറ്റത്ത് കോലരൂപത്തില്‍ പ്രത്യക്ഷപ്പെടും.

മീനം കഴിഞ്ഞാല്‍ തുലാമാസം വരെ കടല്‍പ്പണിക്കാര്‍ക്ക് കഷ്ടപ്പാടാണ് നിനച്ചിരിക്കാതെ കടല്‍ പൊട്ടും. കടലില്‍ പോയപോലെ തിരിച്ചു വരവുണ്ടാകില്ല. ഇന്നത്തെ പോലെ മീനുകള്‍ പുറത്തേക്ക് കയറ്റി അയച്ചിരുന്നില്ല.
ഇന്നേറ്റവും വിലയുള്ള ചെമ്മീന്‍ അന്നാര്‍ക്കും വേണ്ടായിരുന്നു. നങ്കിന്റെ കൊലപ്പ് വലയിലായാല്‍ അങ്ങനെത്തന്നെ കടപ്പുറത്ത് പൂഴിമണ്ണില്‍ വിതറും ഉണക്കിയെടുത്ത് ഉണക്കായിട്ട് ഉപയോഗിക്കും. അന്ന് ഐസുണ്ടായിരുന്നില്ല. പെടക്കുന്ന മീനിനെത്തന്നെയാണ് കറിവെച്ചിരുന്നത്. ജിവിക്കാനായി കടല്‍ താണ്ടവെ അയാളിലെത്തിയ കടല്‍ അറിവുകള്‍ കടല്‍ ജീവനോപാധിയാക്കിയവരിലേക്ക് അയാള്‍ പകര്‍ന്നു നല്‍കി.

ഉത്തരകേരളത്തിലെ അത്യപൂര്‍വ്വമായ തെയ്യമാണ് അസുരകാലന്‍ എന്ന അസ്രാളന്‍. തൃക്കരിപ്പൂര്‍ കടലിനടുത്തുള്ള കുറുവാപ്പള്ളിയറയിലാണ് ഈ തെയ്യത്തെ കെട്ടിയാടിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മധ്യേഷ്യയില്‍ നിന്നും കപ്പലോടിച്ച് കേരളക്കരയിലെത്തി മലാംമൊയോനായി മാറിയ വീരപുരുഷനാണ് അസ്രാളന്‍. ആഴക്കടലില്‍ തുഴയെറിഞ്ഞ് ജീവിതത്തെ പിടിക്കുന്ന മത്സ്യത്തൊഴിലാളികളും മീന്‍കുട്ട തലയില്‍ വെച്ച് വീടുകള്‍ തോറും കയറിയിറങ്ങി വില്‍പന നടത്തുന്ന കഠനിനാധ്വാനികളായ പെണ്ണുങ്ങളും വിളിച്ചാ വിളിപ്പുറത്തെത്തുന്ന ദൈവമാണ് അസ്രാളന്‍.

അമ്പാടി മൊയോനെന്ന കടല്‍ മനുഷ്യന്‍ കടലിലവസാനിക്കുന്ന പുഴയും, ഉപ്പുനീരിലലിഞ്ഞ് പുഴ കടലാകുന്നതുപോലെ ദൈവത്തിന്റെ ഉപ്പിലലിഞ്ഞ് അമ്പാടി അസ്രാളനായി രൂപാന്തരപ്പെടുന്നേരം അമ്പാടിയെന്ന പേരുപോലും മാഞ്ഞ് മീന്‍പണിക്കാരുടെ അസ്രാളന്‍ ദൈവമായി മാറുന്നു.

ആയിറ്റിപ്പോതി തെയ്യം:

മീന്‍കണ്ണ് മിഴിച്ച് ചായില്യം ചോപ്പിച്ച ചെകിളപ്പൂക്കളുലര്‍ത്തി വാലിളക്കിക്കളിക്കുന്ന മത്സ്യക കന്യകയെപ്പോലെ, കടല്‍മീനിനെ പോലൊരു തെയ്യം, ആ തെയ്യത്തിന്റെ ഉടലാകെ കടലാണ്, കടലാഴങ്ങള്‍ ഏഴും, നൂറ്റെട്ടാഴികള്‍ക്കു മുടയോള്‍… വെള്ളിപ്പരല്‍ മീനുകള്‍ അവളുടെ അകമ്പടി വാദ്യക്കാരാണ്.

ആര്യനാട്ടില്‍ നിന്നും മലനാട്ടിലേക്ക് രണ്ടു കപ്പലുകളിലായി യാത്ര തിരിച്ച ദേവിമാരാണ് ആയിറ്റി ഭഗവതിയും ഉച്ചൂളിക്കടവത്ത് ഭഗവതിയും. ഉച്ചൂളിക്കടവത്ത് ഭഗവതിയുടെ കപ്പല്‍ അപകടത്തിലായപ്പോള്‍ ആയിറ്റി ഭഗവതി സ്വന്തം കപ്പലില്‍ കയറ്റി. ഇരുപേരും ചങ്ങാതികളായി മാറി. എന്നാല്‍ ഇവര്‍ രണ്ടും പേരും ഒരേ ദേവിമാരാണെന്ന അഭിപ്രായവും ഉണ്ട്. ആയിറ്റി ഭഗവതിയുടെ മറ്റൊരു പേരാണ് ഉച്ചൂളി കടവത്ത് ഭഗവതി എന്നാണു ആ അഭിപ്രായക്കാര്‍ പറയുന്നത്. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യവും കെട്ടിയാടുന്നത്. രാജവാഴ്ചക്കാലത്ത് മല്ലക്ക് ചുമക്കാന്‍ ചുമതലപ്പെട്ട മുകയര്‍ കാലാന്തരത്തില്‍ കടലിലും, പുഴകളിലും മീന്‍ തേടിപ്പോകാന്‍ തുടങ്ങി മുകയരുടെ കുലദൈവമാണ് പുന്നക്കാല്‍ ഭഗവതി എന്നറിയപ്പെടുന്ന ആയിറ്റി ഭഗവതി. ഇവര്‍ക്ക് ‘പത്തുകൊറെ നാന്നൂറ്’ തെയ്യങ്ങളുണ്ട്.

നാന്നൂറില്‍ പത്തു കുറഞ്ഞാല്‍ മുന്നൂറ്റി തൊണ്ണൂറ്. മുകയരുടെ പ്രാചീനമായ തറവാട് കണ്ണൂര്‍ ജില്ലയിലെ കുറവന്തേരി വലിയ തറവാടാണത്രെ. എല്ലാവര്‍ഷവും കുംഭമാസം പതിനഞ്ചിന് ആരംഭിച്ചു നാലു നാള്‍ നീണ്ടു നില്‍ക്കുന്ന താനത്തെ ഉത്സവത്തിനു എല്ലാ മുകയ സമുദായക്കാരും ഇവിടെ ഒത്തു കൂടും. ഇവരുടെ പതിനൊന്ന് മുകയത്താനത്തിന്റെയും കേന്ദ്രം ചെറുവത്തൂരിനടുത്തുള്ള കാടങ്കോടു പുന്നക്കാല്‍ ഭഗവതി താനമാണ്. ആയിറ്റി ഭഗവതി പയ്യക്കാല്‍ ഭഗവതി, പുന്നക്കാല്‍ ഭഗവതി എന്നീ ഗ്രാമ പേരുകളിലും അറിയപ്പെടുന്നുണ്ട്. കൂടാതെ ആര്യപൂമാല ഭഗവതിയായും, നിലമംഗലത്ത് ഭഗവതിയായും ആര്യക്കര ഭഗവതിയായും പല പേരുകളില്‍ ഈ ദേവി അറിയപ്പെടുന്നുണ്ട്. വേങ്ങാക്കോട്ട് ഭഗവതിക്കും ആയിറ്റി ഭഗവതി സങ്കല്‍പ്പമാണുള്ളത്.

ദേവി കപ്പല്‍ വഴി വരുമ്പോള്‍ എടത്തൂരാമഴിയില്‍ വെച്ച് നെല്ലിക്കാതീയനെ കണ്ടുമുട്ടുകയും കൂടെ പോവുകയുമാണ് ഉണ്ടായതത്രേ, ആയിറ്റി കാവില്‍ കുടിയിരുന്നതിനാല്‍ ആയിറ്റി ഭഗവതി എന്ന് വിളിക്കപ്പെട്ടുവരുന്നു.
കൊട്ടനിറയെ മീനുമായി കടപ്പുറത്തു നിന്നും വീട്ടിലേക്ക് മടങ്ങവെ നടുക്കടലില്‍ മരക്കലം ( ഓടം) തുഴഞ്ഞു വരുന്ന ആയിറ്റിപ്പോതിയിലും, കടല്‍ മനുഷ്യനായ അസ്രാണി തെയ്യത്തിലേക്കും മനസ്സ് കടല്‍ത്തിരകള്‍ പോലെ അലയടിച്ചു.

പിടക്കുന്ന മീന്‍ വെട്ടിക്കണ്ടിച്ച് കഴുകി മസാല പുരട്ടി മീഞ്ചട്ടിയിലിടുമ്പോഴും അവ കടലില്‍ നിന്തുന്നതും, അടുപ്പില്‍ വിറക് കത്തുമ്പോള്‍ മീഞ്ചട്ടിയില്‍ കടല്‍ തിളച്ചുമറിയുന്നതും കണ്ട് അമ്പരന്ന രാത്രികളുടെ വരാവായിരുന്നു പിന്നീടുണ്ടായത്, മീനുകളുടെ മനസ്സുകളിലെ കടലോര്‍മ്മകള്‍ക്കൊപ്പം കടല്‍ത്തെയ്യങ്ങളുടെ അനുഗ്രഹവും അലിഞ്ഞു ചേര്‍ന്നതാണ് ഇന്നും അന്യമാവാത്ത മീന്‍ രുചിയൊടൊപ്പം നിലാവു പുതച്ചരാത്രികളിലെ കടല്‍ ക്കഥയോര്‍മ്മകളും.

കടപ്പാട്:
വി.കെ.അനില്‍കുമാര്‍ (തെയ്യം പഠനങ്ങള്‍, ലേഖനങ്ങള്‍)
അംബികാസുതന്‍ മാങ്ങാട് (മരക്കാപ്പിലെ തെയ്യങ്ങള്‍ )
വടക്കെ മലബാറിലെ തെയ്യം പഠനങ്ങള്‍,
ലേഖനങ്ങള്‍, തെയ്യം കഥകള്‍