പോപുലര്‍ ഫ്രണ്ട് കോഴിക്കോട്ടെ സംസ്ഥാന ഓഫീസിലുള്‍പ്പെടെ നിരവധി കേന്ദ്രങ്ങളില്‍ റെയ്ഡ്; എന്‍.ഐ.എയും ഇഡിയും സംയുക്തമായാണ് പരിശോധന, നേതാക്കള്‍ അറസ്റ്റില്‍, സംഭവത്തില്‍ വ്യാപക പ്രതിഷേധം


കോഴിക്കോട്: പോപുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട്ടെ സംസ്ഥാന ഓഫീസിലുള്‍പ്പെടെ സംസ്ഥാനത്തെ 39 കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. എന്‍.ഐ.എയും ഇഡിയും സംയുക്തമായാണ് പരിശോധന നടത്തുന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ 14 ഓഫീസുകളിലുമാണ് എന്‍.ഐ.എ പരിശോധന നടത്തിയത്.

റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നാണ് എന്‍.ഐ.എ പറയുന്നത്. എന്‍.ഐ.എ ഡയറക്ടര്‍ ദിന്‍കര്‍ ഗുപ്ത നേരിട്ടാണ് റെയ്ഡ് ഏകോപിപ്പിക്കുന്നത്.

കൊടുവള്ളി സ്വദേശിയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ അഖിലേന്ത്യ ചെയര്‍മാന്‍ ഇ.അബൂബക്കര്‍, ദേശിയ ജനറല്‍ സെക്രട്ടറി നസറുദ്ധീന്‍ എളമരം, തൃശൂരില്‍ സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍, ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം, സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍ എന്നിവരടക്കം നിരവധി നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍, ദേശിയ ജനറല്‍ സെക്രട്ടറി നസറുദ്ധീന്‍ എളമരം ,ചെയര്‍മാന്‍ ഒ.എം.എ സലാം, കരമന അശ്‌റഫ് മൗലവി, മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ്അ ഹമ്മദ്, മുന്‍ നാഷണല്‍ കൗണ്‍സില്‍ അംഗം കരമന അശ്‌റഫ് മൗലവി എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. പോപുലര്‍ ഫ്രണ്ട് കൊല്ലം മേഖലാ ഓഫിസിലും റെയ്ഡ് നടന്നു.

ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്തു.

അതേസമയം കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇവരെ എന്‍.ഐ.എ സ്പെഷ്യല്‍ കോടതികളില്‍ ഹാജരാക്കുമെന്നും എന്‍.ഐ.എ അറിയിച്ചു.

summary: NIA,ED conduct widespread raids on popular front office and leaders homes