സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍


കോഴിക്കോട്: സംസ്ഥാനത്ത് നാളെ (സെപ്റ്റംബർ 23 വെള്ളിയാഴ്ച) ഹര്‍ത്താല്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താല്‍ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുത്തത് ഭരണകൂട ഭീകരതയാണെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്ന് പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ സത്താര്‍ ആവശ്യപ്പെട്ടു.

ദേശീയ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമടക്കം 15 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് സംസ്ഥാനത്ത് നിന്ന് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്. ഒ.എം.എ.സലാമിനെയും സി.പി.മുഹമ്മദ് ബഷീറിനെയും നസറുദ്ദീന്‍ എളമരത്തെയും മലപ്പുറത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന കമ്മിറ്റി ഓഫിസിലെ മുന്‍ അക്കൗണ്ടന്റും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗവും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയും തൃശൂരില്‍ കസ്റ്റഡിയിലായി. എസ്.ഡി.പി.ഐ ജില്ലാ നേതാക്കളടക്കം മൂന്നുപേരെ കോട്ടയം ജില്ലയില്‍ നിന്നും എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു.

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ആണ് പുലര്‍ച്ചെ നാലരയോടെ ഓഫീസുകളില്‍ റെയ്ഡിനായി എത്തിയത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉള്‍പ്പെടെ കേരളത്തിലെ 14 ഓഫീസുകളിലാണ് റെയ്ഡ് നടന്നത്.

കേരളത്തിന് പുറമെ രാജ്യമെമ്പാടുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും റെയ്ഡ് നടന്നു. തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറിടങ്ങളില്‍ ഇ.ഡിയുടെ സഹകരണത്തോടെയാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം നൂറിലേറെ പേരെ കസ്റ്റഡിയില്‍ എടുത്തു. തീവ്രവാദത്തിന് പണം നല്‍കല്‍, പരിശീലനക്യാമ്പുകള്‍ നടത്തല്‍. തീവ്രവാദത്തിലേക്ക് ആളുകളെ ആകര്‍ഷിക്കല്‍ എന്നിവയില്‍ ഉള്‍പ്പെട്ടവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയതെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡല്‍ഹിയിലും തിരുവനന്തപുരത്തും റജിസ്റ്റര്‍ ചെയ്ത കേസുകളെ തുടര്‍ന്നാണ് പരിശോധന.പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകള്‍ക്കൊപ്പം ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലുമായി നൂറിലധികം സ്ഥലങ്ങളില്‍ റെയ്ഡ് തുടരുകയാണ്. കേന്ദ്ര സേനയുടെ സുരക്ഷയോടെയാണ് റെയ്ഡ്. നേതാക്കളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു.


Summery: Popular Fron of India (PFI) declared hartal in Kerala on 23 September 2022 protesting the arrest of popular front of india leaders across India by NIA and ED.