പൊതുജനങ്ങള്‍ക്കായി കോഴിക്കോട് ആരംഭിച്ച യാത്രാ ഫ്യൂവല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റ്‌ അടച്ചുപൂട്ടിയതായി വാർത്ത തെറ്റിദ്ധാരണാജനകം; പ്രതിസന്ധി ഒഴിവാകുന്ന മുറയ്ക്ക് ഇന്ധനം നൽകുമെന്ന് കെ.എസ്.ആർ.ടി.സി


കൊയിലാണ്ടി: കോഴിക്കോട് ഡിപ്പോയില്‍ കെ.എസ്.ആര്‍.ടി.സി പൊതുജനങ്ങള്‍ക്കായി ആരംഭിച്ച യാത്രാ ഫ്യൂവല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റ്‌ അടച്ചുപൂട്ടിയതായി വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെ.എസ്.ആർ.ടി.സി.

നേരത്തെ ഇവിടെ പൊതുജനങ്ങൾക്കുള്ള ഔട്ട്ലൈറ്റ് വഴി പെട്രോൾ ആണ് വിൽപ്പന നടത്തിയിരുന്നത്. എന്നാൽ അടുത്തിടെ വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസലിന്റെ വില വിപണി വിലയെക്കാള്‍ വളരെയധികം ഉയരുകയുണ്ടായി. ഈ സാഹചര്യത്തിലാണ് കോഴിക്കോട് യാത്രാ ഫ്യൂവല്‍ ഔട്ട്‌ലെറ്റിൽ മുഴുവൻ ഡീസൽ ഇന്ധന വിതരണം ആരംഭിക്കുകയും കെഎസ്ആർടിസി ബസുകൾക്ക് ഇന്ധനം നിറയ്ക്കുന്നതിനുള്ള മുൻ​ഗണന നൽകുകയും ചെയ്തത്. അതോടെ അത് താത്കാലികമായി കെ.എസ്.ആര്‍.ടി.സിയുടെ മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നു.

വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസലിന്റെ വില വര്‍ദ്ധനവ് മൂലമുള്ള പ്രതിസന്ധി ഒഴിവാകുന്ന മുറയ്ക്ക് പൊതുജനങ്ങള്‍ക്കുള്ള ഇന്ധന വിതരണം പുനരാരംഭിക്കുന്നതാണെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.