ഷിക്കാരാ വഞ്ചിയിൽ ഉല്ലാസയാത്ര, പെഡൽ ബോട്ടിങ്, കയാക്കിങ്, ഫ്‌ളോട്ടിങ് റെസ്റ്റോറന്റ്; നെല്യാടി ടൂറിസം യാഥാർഥ്യമാവുന്നു, അറിയാം പുതിയ വിശേഷങ്ങൾ
മനോഹരമാണ് പരന്നു കിടക്കുന്ന നെല്യാടി പുഴയും അതിന്റെ തീരത്തുള്ള തുരുത്തുകളും. കണ്ടൽ കാടുകളും ചെറു തുരുത്തുകളുമായി പ്രകൃതി സൗന്ദര്യം ഏറെയുള്ള നെല്യാടി പുഴയെ കുറിച്ച് അധികമാർക്കും അറിയില്ല. എന്നാൽ ഉത്തരവാദിത്വ ടൂറിസം നടപ്പാക്കുന്നതോടെ ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുമെന്ന കാര്യമുറപ്പാണ്.
ഷിക്കാരാ വഞ്ചിയിൽ ഉല്ലാസയാത്ര, പെഡൽ ബോട്ടിങ്, കയാക്കിങ്, ഫ്‌ളോട്ടിങ് റെസ്റ്റോറന്റ്, പക്ഷി നിരീക്ഷണം തുടങ്ങി നിരവധി സൗകര്യങ്ങളാണ് നെല്യാടിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇവിടെയെത്തുന്നവർക്ക് പ്രകൃതി ഭംഗിയും പൈതൃകവും ആസ്വദിക്കാനും മനസ്സിലാക്കാനും സാധിക്കും.
ഒരേ സമയം 16 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ശിക്കാര ബോട്ടുകളാണ് നെല്യാടി പുഴയിൽ ഒരുക്കുന്നത്. കുടുംബ സമേതം പുഴയിലൂടെ ബോട്ടിൽ സഞ്ചരിക്കാം. ഒപ്പം പക്ഷിനിരീക്ഷണത്തിനും സൗകര്യമുണ്ടാകുന്ന തരത്തിലാണ് നവീകരണങ്ങൾ പുരോഗമിക്കുന്നത്.
പെഡൽ ബോട്ടിങ്, സ്പീഡ് ബോട്ടിങ്, ഫൈബർ ബോട്ടിങ് എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്. സഞ്ചാരികൾക്ക് ബോട്ടിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള ജെട്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ മുന്നേറുകയാണ്.
പുഴക്കാറ്റേറ്റ് പ്രകൃതി സൗന്ദര്യം ആസ്വദിച്ച് നാടൻ ഭക്ഷണം കഴിക്കാനും ഇവിടെ സൗകര്യമൊരുക്കുന്നുണ്ട്. പുഴയിലേക്കിറങ്ങിയ നിലയിലുള്ള കഫ്റ്റേരിയയും ഓളപ്പരപ്പിനൊപ്പം വെള്ളത്തിലൂടെ ഒഴുകുന്ന ഫ്ളോട്ടിംഗ് റസ്റ്റോറന്റുമാണ് ഒരുക്കുന്നത്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് ഫ്ലോട്ടിംഗ് റസ്റ്റോറന്റ് ഒരുക്കുന്നത്.
കയാക്കിങ്ങിന് അനുയോജ്യമായ ഇടമാണ് നെല്യാടി. കയാക്കിങ് പഠിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള സൗകര്യങ്ങളും ഇവിടെയൊരുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ സാഹസിക ടൂറിസത്തിന്റെ ഭാഗമായി കോടഞ്ചേരിയിൽ കയാക്കിങ്ങിനുള്ള സൗകര്യമുണ്ട്. നെല്യാടിയിലും കയാക്കിങ് എത്തിയാൽ തദ്ദേശീയർക്ക് പുറമെ കൂടുതൽ വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയും.
ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പാകുന്നതോടെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് നെല്യാടിയും ഇടം പിടിക്കുമെന്ന് നെല്യാടി ഉത്തരവാദിത്വ ടൂറിസം ഫോറം സെക്രട്ടറി എ.ഡി.ദയാനന്ദൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നെല്യാടിയിലെ ടൂറിസം സാധ്യതകൾ മനസിലാക്കിയാണ് ഇത്തരം പദ്ധതിയുമായി മുന്നോട്ട് പോയത്. സ്വകാര്യ വ്യക്തികളുടെ സഹകരണം കൂടെയായപ്പോൾ പദ്ധതി പ്രാപല്യത്തിലേക്ക് എത്തിക്കുന്നത് എളുപ്പമാക്കി. ബോട്ടുകൾക്ക് ഓർഡർ നൽകി കഴിഞ്ഞു. പ്രദേശത്ത് ഇവയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പ്രവൃത്തികൾ അന്തിമ ഘട്ടത്തിലാണ്. സെപ്തംബർ അവസാനത്തോടെ പദ്ധതി നാടിന് സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..