”കെ.വി നാണുവിന്റെ വിയോഗത്തിലൂടെ എന്‍.സി.പിക്കും തിക്കോടിക്കും നഷ്ടമായത് പ്രിയപ്പെട്ട പൊതുപ്രവര്‍ത്തകനെ ” ; സ്‌കൂട്ടര്‍ ഇടിച്ച് മരിച്ച തിക്കോടിയിലെ എന്‍.സി.പി നേതാവിന്റെ അനുശോചന യോഗത്തിലേക്ക് ഒഴുകിയെത്തിയത് വന്‍ ആള്‍ക്കൂട്ടം


തിക്കോടി: കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ തട്ടി മരണമടഞ്ഞ എന്‍.സി.പി. കൊയിലാണ്ടി ബ്ലോക്ക് എക്‌സിക്യുട്ടീവ് അംഗവും തിക്കോടി മണ്ഡലം വൈസ് പ്രസിഡന്റും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന കെ.വി.നാണുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്. നാണുവിന്റെ ആകസ്മികമായുള്ള മരണ വിവരമറിഞ്ഞ് വന്‍ ജനാവലി തന്നെ ആയിരുന്നു അവസാനമായി ഒരു നോക്ക് കാണാന്‍ വീട്ടു വളപ്പില്‍ എത്തിച്ചേര്‍ന്നത്.

കെ.വി.നാണു എന്ന പൊതുപ്രവര്‍ത്തകന്‍ എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് തെളിയിക്കുന്നതായിരുന്നു തിക്കോടി ടൗണില്‍ നടന്ന അനുശോചനയോഗത്തിലെ ആള്‍ക്കൂട്ടം. കെ.വി.നാണുവിന്റെ മരണം എന്‍.സി.പിക്കും തിക്കോടിക്കും തീരാനഷ്ടമാണെന്ന് അനുശോചനയോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
അനുശോചന യോഗത്തിന് മുന്‍പായി തിക്കോടി ടൗണില്‍ മൗനജാഥയുമുണ്ടായിരുന്നു.

തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ എന്‍.സി.പി ബ്ലോക്ക് പ്രസിഡണ്ട് സി.രമേശന്‍ സ്വാഗതം പറഞ്ഞു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, എന്‍.സി.പി സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രന്‍, കളത്തില്‍ ബിജു, സന്തോഷ് തിക്കോടി, കെ.ടി.എം കോയ, എം.കെ.പ്രേമന്‍, ചന്ദ്രശേഖരന്‍ തിക്കോടി, ആര്‍.വിശ്വന്‍, ദിവാകരന്‍, മമ്മത് ഹാജി, പി.ചാത്തപ്പന്‍ മാസ്റ്റര്‍, ചേനോത്ത് ഭാസ്‌കരന്‍, നജീബ് തിക്കോടി, കെ.ചന്ദ്രന്‍, പി.വി.സജിത്ത് എടവനകണ്ടി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അടിപ്പാത കര്‍മസമിതി യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ജനുവരി മൂന്നാം തിയ്യതി രാത്രി ഒമ്പതുമണിയോടെയായിരുന്നു നാണു അപകടത്തില്‍പ്പെട്ടത്. വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന നാണുവിനെ വടകര ഭാഗത്തുനിന്നും വന്ന സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ നാണുവിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.