സെര്‍ച്ച് ലൈറ്റ് തെളിച്ച് പാലക്കുളത്തെ കടലിന് മുകളില്‍ വട്ടമിട്ട് പറന്ന് ഹെലികോപ്റ്റര്‍; ഷിഹാബിനായുള്ള നേവിയുടെ തിരച്ചില്‍ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)


കൊയിലാണ്ടി: മൂടാടി പാലക്കുളത്ത് കടലില്‍ തോണി മറിഞ്ഞ് കാണാതായ ഷിഹാബിനായി ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നേവി നടത്തിയ തിരച്ചിലിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്. സെര്‍ച്ച് ലൈറ്റ് തെളിയിച്ച് കടലിന് മുകളില്‍ പറക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതിന്റെ വീഡിയോ ഈ വാർത്തയുടെ അവസാനം കാണാം.

അതേസമയം ഫയര്‍ ഫോഴ്സും കോസ്റ്റ് ഗാര്‍ഡും ഇന്നത്തേക്ക് തിരച്ചില്‍ അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ഷിഹാബും മറ്റ് രണ്ട് പേരും മത്സ്യബന്ധനത്തിനായി കടലില്‍ പോയ തോണി അതിശക്തമായ തിരയില്‍ പെട്ട് മറിയുകയായിരുന്നു. രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും മുത്തയം സ്വദേശിയായ ഷിഹാബിനെ കാണാതായി. കടലൂര്‍ സ്വദേശികളായ സമദും ഷിമിത്തുമാണ് രക്ഷപ്പെട്ട രണ്ട് പേര്‍.

‘കരയോടടുത്താണ് വള്ളം മറിഞ്ഞത്, രണ്ടു പേര്‍ നീന്തി കരയിലെത്തുകയുണ്ടായെന്നും കാണാതായ ഷിഹാബിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. നാട്ടുകാരുടെയും മത്സ്യ തൊഴിലാളികളുടെയും സഹായത്തോടെ പോലിസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ തുടരുന്നു. കോസ്റ്റല്‍ ഗാര്‍ഡും ബോട്ടില്‍ തിരച്ചിലിനായി എത്തിയിട്ടുണ്ട്.

മീന്‍ പിടിക്കുന്നതിനിടയില്‍ പെട്ടെന്ന് കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകുകയായിരുന്നു. കൂറ്റന്‍ തിരയില്‍പ്പെട്ട് ഇവരുടെ തോണി മറിഞ്ഞതാണെന്നാണ് സംഭവ സ്ഥലത്തു നിന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നത്.

‘രാവിലെ ആറുമണിയോടെയായിരുന്നു മൂവരും കൂടെ കടലില്‍ പോയത്, ഒന്‍പത് മണിയോടെ വള്ളം മുങ്ങി അപകടം സംഭവിച്ചതായി ഞങ്ങള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു’. ‘ഇന്ന് ശക്തമായ കാറ്റുണ്ടായിരുന്നു, കൂറ്റന്‍ തിരമാലകളും’ ഉരുപുണ്യകാവ് കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന മല്‍സ്യത്തൊഴിലാളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് വേണ്ടി പാലക്കുളത്തെ മത്സ്യത്തൊഴിലാളിയായ ഷിനേഷ് പി.കെ പകർത്തിയ ഹെലികോപ്റ്ററിന്റെ ദൃശ്യം കാണാം:


Summery: Navy helicopter arrived palakkulam for missing person in sea