പണിമുടക്കിലും ദേശീയപാത വികസന പ്രവൃത്തി തകൃതി; അഴിയൂര്‍ വെങ്ങളം റീച്ചില്‍ പ്രവൃത്തി പുരോഗമിക്കുന്നു
പയ്യോളി: രണ്ടുദിവസത്തെ ദേശീയ പണിമുടക്കിലും മുടങ്ങാതെ ദേശീയപാത വികസന പ്രവൃത്തികള്‍. അഴിയൂര്‍-വെങ്ങളം റീച്ചിലെ പ്രവൃത്തികളാണ് പതിവുപോലെ നടന്നത്.
ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പിന്റെ ഉപകരാറുകാരായ വഗാഡ് ഇന്‍ഫ്രാ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡാണ് ഈ മേഖലയിലെ പണി ഏറ്റെടുത്തിരിക്കുന്നത്.
നന്തിയിലെ പ്ലാന്റില്‍ നിന്ന് ലോഡുമായി എത്തിയ വഗാഡ് കമ്പനിയുടെ ടിപ്പര്‍ലോറി തടഞ്ഞത് കാരണം അല്പനേരം പണി തടസപ്പെട്ടതൊഴിച്ചാല്‍ സാധാരണപോലെയാണ് പ്രവൃത്തി മുന്നോട്ടുപോകുന്നത്.
മൂരാട് മുതല്‍ അയനിക്കാട് വരെ നടക്കുന്ന മണ്ണിടല്‍ ജോലികളും കോണ്‍ക്രീറ്റ്, ടാറിങ്, ഓവുചാലുകളുടെ പണി എന്നിവയെല്ലാം പണിമുടക്ക് ദിനത്തിലും പതിവുപോലെ നടന്നു. അയനിക്കാട് ഭാഗത്ത് റോഡിന്റെ ഒരുഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികളും തുടങ്ങി.