നെല്യാടി റോഡില്‍ അടിപ്പാത നിര്‍മ്മിക്കുന്നിടത്ത് വെള്ളക്കെട്ട്, നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ പരിഹാരം; ദേശീയപാതാ വികസന പ്രവൃത്തിയെ പലയിടത്തും തടസപ്പെടുത്തി കനത്ത മഴ
കൊയിലാണ്ടി: കാലവര്‍ഷം കനത്തതോടെ ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തി പലയിടത്തും മുടങ്ങി. അതിവേഗത്തില്‍ പുരോഗമിച്ചിരുന്ന നിര്‍മ്മാണ പ്രവൃത്തിയാണ് മഴ കാരണം മുടങ്ങുന്നത്. കനത്ത മഴയെ തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ടും മണ്ണിട്ട് പുതുതായി റോഡ് നിര്‍മ്മിക്കുമ്പോള്‍ വലിയ ലോറികളുടെ ചക്രങ്ങള്‍ താഴ്ന്നു പോകുന്നതുമാണ് പ്രവൃത്തി മുടങ്ങാന്‍ കാരണമാവുന്നത്.
ചെങ്ങോട്ടുകാവിലെയും കൊല്ലം-നെല്യാടി റോഡിലെയും അടിപ്പാത നിര്‍മ്മാണത്തെയും മഴ ബാധിച്ചു. 24 മീറ്റര്‍ വീതിയിലാണ് രണ്ടിടങ്ങളിലും അടിപ്പാത നിര്‍മ്മിക്കുന്നത്. മഴ കനത്തതോടെ നെല്യാടി റോഡില്‍ അടിപ്പാത നിര്‍മ്മിക്കുന്ന സ്ഥലത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്ന് നിര്‍മ്മാണം നടത്തുന്ന കമ്പനി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് ചാല് കീറി വഴി തിരിച്ചു വിട്ടതോടെയാണ് വെള്ളക്കെട്ട് ഒഴിവായത്.
ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് തെക്കുഭാഗത്താണ് കൊയിലാണ്ടി ബൈപ്പാസ് നിലവിലെ ദേശീയപാതയില്‍ വന്നു ചേരുന്നത്. ഇവിടെ അടിപ്പാതയ്‌ക്കൊപ്പം ദീര്‍ഘദൂര ട്രക്കുകള്‍ നിര്‍ത്തിയിടാന്‍ കഴിയുന്ന വിപുലമായ ട്രക്ക് ലൈനും ഒരുക്കുന്നുണ്ട്.
കൊയിലാണ്ടി മുത്താമ്പി റോഡിലും അടിപ്പാത നിര്‍മാണം ഉടന്‍ ആരംഭിക്കും. അടിപ്പാത നിര്‍മിച്ച ശേഷം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി വെക്കുന്ന സംവിധാനമായതിനാല്‍ റോഡില്‍ ഗതാഗത തടസ്സം ഉണ്ടാവില്ല. തിരുവങ്ങൂരില്‍ അത്തോളി കുനിയില്‍ കടവ് റോഡ് ദേശീയ പാതയുമായി ചേരുന്നിടത്തും ആനക്കുളം-മുചുകുന്ന് റോഡിലും, മൂടാടി-ഹില്‍ബസാര്‍ റോഡിലും ബൈപ്പാസിന് അടിപ്പാത നിര്‍മിക്കുന്നുണ്ട്. പൊയില്‍ക്കാവ്, പൂക്കാട് എന്നിവടങ്ങളില്‍ കൂടി അടിപ്പാത നിര്‍മിക്കണമെന്ന ജനകീയ ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ കോമത്തുകരയിലൂടെയാണ് ദേശീയപാതാ ബൈപ്പാസ് കടന്നുപോകുന്നത്. ഇവിടെ മേല്‍പ്പാതയാണ് നിര്‍മ്മിക്കുന്നത്. അഴിയൂര്‍ മുതല്‍ വെങ്ങളം വരെ 40.5 കി.മീറ്റര്‍ നീളത്തില്‍ ആറുവരിയില്‍ സര്‍വീസ് റോഡ് സഹിതമാണ് ദേശീയ പാത വികസനം നടക്കുന്നത്. ഈ റീച്ചില്‍ 1382.56 കോടി രൂപ ചിലവിലാണ് ദേശീയപാതാ വികസനം നടക്കുന്നത്. 2021 ജൂണില്‍ ആരംഭിച്ച പ്രവൃത്തിക്ക് രണ്ടരവര്‍മാണു് നിര്‍മാണ കാലാവധി. അദാനി എന്റര്‍പ്രൈസസാണ് നിര്‍മാണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.
ചിത്രം: നിർമ്മാണം പുരോഗമിക്കുന്ന നെല്യാടി റോഡിലെയും ചെങ്ങോട്ടുകാവിലെയും അടിപ്പാതകൾ.