ദേശീയപാതയ്‌ക്കായി മണ്ണെടുത്തു ; മണ്ണിടിച്ചിൽ ഭീഷണിയിൽ കൊല്ലം കുന്നിയോറ മല, നാല് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാൻ നിർദ്ദേശം


 

കൊയിലാണ്ടി: നന്തി -ചെങ്ങോട്ട്കാവ് ബൈപ്പാസിലെ കൊല്ലം കുന്നിയോറ മലയിൽ ദേശീയപാതയ്ക്കായി മണ്ണെടുത്ത ഭാഗങ്ങൾ ഏതുനിമിഷവും ഇടിഞ്ഞു വീഴുമെന്ന നിലയിലാണ്. മഴ കനത്താൽ ഇവിടെ കുന്നിടിയുമോ എന്ന ആശങ്കയിലാണ് മുകളിൽ താമസിക്കുന്ന കുടുംബങ്ങൾ. 30 മീറ്ററിൽ അധികം താഴ്ചയിലാണ് ഇവിടെ മണ്ണെടുത്തത്. ഇനിയും മൂന്നു മീറ്ററിൽ അധികം മണ്ണ് മാറ്റണം.

 

റോഡിന്റെ ഇരുവശത്തും നിരവധി വീടുകളുണ്ട് ഒരുഭാഗത്ത് ലക്ഷംവീട് കോളനിയും ഉൾപ്പെടുന്നു. കഴിഞ്ഞ ഏപ്രിലിൽ വൻ ശബ്ദത്തോടെ ഒരു ഭാഗം ഇടിഞ്ഞുവീണെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലം തുടങ്ങിയതോടെ ഇവിടെ പണി നിർത്തിവച്ചിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ ഇതുവഴി ധാരാളം സഞ്ചരിക്കുന്നുണ്ടെങ്കിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

ശക്തമായ സംരക്ഷണഭിത്തി നിർമ്മിച്ചിട്ടില്ലെങ്കിൽ പ്രദേശത്തെ വീടുകൾക്ക് വലിയ ഭീഷണി ആകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. മണ്ണെടുത്ത് മാറ്റിയതിനാൽ ലക്ഷംവീട് നിവാസികൾക്ക് റോഡോ മറ്റു വഴികളോ ഇല്ലാത്ത പ്രശ്നമുണ്ട്. ഇതിനിടയിലാണ് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നത്.

45 മീറ്ററോളം വീതിയിലാണ് കുന്നിടിക്കുന്നത്. കുത്തനെ ഇടിക്കുന്നതിന് പകരം ചെരിഞ്ഞ രൂപത്തിൽ മണ്ണ് നീക്കം ചെയ്തിരുന്നു എങ്കിൽ അപകട സാധ്യത കുറയുമായിരുന്നു. അപകട ഭീഷണി നേരിടുന്ന നാല് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള നടപടി സ്വീകരിക്കാൻ റോഡ് നിർമ്മാണ പ്രവൃത്തി കരാറെടുത്ത വാഗാഡ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൊയിലാണ്ടി തഹസിൽദാർ സി. പി മണി പറഞ്ഞു.