അഭിനയ പാഠങ്ങൾ പകർന്ന് നൽകി അഭിനയക്കളരി, കുട്ടികളുടെ കലാപരിപാടികൾ, ക്യാമ്പ് ഫയർ; ‘നാരങ്ങ മിഠായി’ ആഘോഷമാക്കി പുളിയഞ്ചേരി യു.പി സ്കൂളിലെ കുരുന്നുകൾ


കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നാരങ്ങ മിഠായി എന്ന പേരിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ കലാപരിപാടികൾ ഉൾക്കൊള്ളിച്ച് നടത്തിയ ദ്വിദിന ക്യാമ്പ് കുട്ടികൾക്ക് അറിവുകളും ഒപ്പം പുത്തൻ അനുഭവങ്ങളും സമ്മാനിച്ചാണ് സമാപിച്ചത്. ക്യാമ്പിന്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഷിജു മാസ്റ്റർ നിർവഹിച്ചു.

പി.ടി.എ പ്രസിഡൻ്റ് പ്രഭീഷ് കണാരങ്കണ്ടിയുടെ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ എടച്ചേരി ഷൈജു സ്കൂളിനായി നൽകിയ സൗണ്ട് സിസ്റ്റം അദ്ദേഹത്തിൻ്റെ അമ്മ ശാരദ കൈമാറി. എം.പി.ടി.എ ചെയർപേഴ്സൺ ശ്രുതി, എച്ച്.എം സുപർണ, സ്റ്റാഫ് സെക്രട്ടറി ഷംന, ക്യാമ്പ് ഡയരക്ടർ രശ്മി എന്നിവർ സംസാരിച്ചു. മഹേഷ് കുമാറിൻ്റെ നേതൃത്വത്തിൽ നാടൻ പാട്ട് ദൃശ്യാവിഷ്കാരം, കുട്ടികളുടെ കലാപരിപാടികൾ, ക്യാമ്പ് ഫയർ എന്നിവയോടെ ഒന്നാം ദിന പരിപാടികൾക്ക് തിരശീല വീണു.

സഹവാസ ക്യാമ്പിൻ്റെ രണ്ടാം ദിനത്തിൽ ഡോ. രാമചന്ദ്രൻ പണ്ടാര കണ്ടി ബാലകൃഷ്ണൻ യോഗ പരിശീലനം നൽകി. റീജ ടീച്ചറുടെ നേതൃത്വത്തിൽ മെമ്മറി ഡവലപ്മെൻ്റ് ആക്ടിവിറ്റി, ടീച്ചർമരാരായ സരിത, രശ്മി, ഷൈജി എന്നിവരുടെ നേതൃത്വത്തിൽനാടൻ പാട്ട് അവതരണം, ബി ആർ സി പന്തലായനിയുടെ നേതൃത്വത്തിൽ ഷീന പേപ്പർ ക്രാഫ്റ്റ് നിർമ്മാണ പരിശീലനവും നൽകി.

ഷനിത്ത്, രഞ്ജിത്ത് എന്നിവർ അഭിനയക്കളരിയിൽ നൽകിയ പരിശീലനം കുട്ടികൾക്ക് ഏറെ ഹൃദ്യമായി. സഹവാസ ക്യാമ്പിന് നവ്യാനുഭവങ്ങൾ ഒരോർമ്മയുടെ പളുങ്ക് പാത്രത്തിലാക്കി കുട്ടികൾ വീട്ടിലേക്ക് മടങ്ങുമ്പോൾ മറ്റൊരു സഹവാസ ക്യാമ്പിന് തിരശ്ശീല ഉയരുന്നതും കാത്തിരിക്കുകയാണ് പിഞ്ചോമനകൾ.

Summary:  naranga mitayi Two day children camp at Puliyanjery up school