നടുവണ്ണൂര്‍ സ്വദേശിയായ സി.ഐ.എസ്.എഫ് ജവാന്‍ ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു


നടുവണ്ണൂര്‍: നടുവണ്ണൂര്‍ കരുമ്പാപൊയില്‍ സ്വദേശിയായ സി.ഐ.എസ്.എഫ് ജവാന്‍ ബാംഗ്ലൂരിലെ റോഡ് അപകടത്തില്‍ മരിച്ചു. കരുമ്പാപൊയില്‍ സ്വദേശി പുഴക്കല്‍ ആനന്ദ് ആണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു.

ബാംഗ്ലൂരില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ പോകുന്നതിനിടെ റോഡ് അപകടത്തില്‍പെട്ടാണ് മരണം. സി.പി.സി കാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം തന്റെ ബാരക്കിലേക്ക് മടങ്ങുമ്പോള്‍ ഫാന്റസി ഗോള്‍ഫ് റിസോര്‍ട്ടിനും ജെഎസ് ടെക്‌നിക്കല്‍ കോളേജിനും ഇടയിലുള്ള സദാഹള്ളി ഗേറ്റിന് സമീപമുള്ള സ്ഥലത്താണ് അപകടമുണ്ടായത്.

അപകടം കണ്ട നാട്ടുകാര്‍ ട്രാഫിക് പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ സി.ഐ.എസ്.എഫിനെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതും തലയോട്ടിയിലെ പൊട്ടലുമാണ് മരണ കാരണമെന്ന് ഡോക്ടര്‍ അറിയിച്ചു. ഇയാളുടെ ഹെല്‍മറ്റ് അപകട സ്ഥലത്ത് നിന്നും ലഭിച്ചിരുന്നു.

അച്ഛന്‍: പരേതനായ ഗംഗാധരന്‍. അമ്മ: മാലതി. ഭാര്യ: അമൃത. അഞ്ച് വയസുകാരന്‍ ഗ്യാന്‍ ദേവ് മകനാണ്. സഹോദരന്‍ : അരവിന്ദ്.