‘നവഭാരതം കെട്ടിപ്പടുത്തത് കോണ്‍ഗ്രസ്’; കൂട്ടാലിടയില്‍ ഫാസിസ്റ്റ് വിരുദ്ധറാലിയും ജനസദസ്സും സംഘടിപ്പിച്ച് നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി


കൂട്ടാലിട: കൂട്ടാലിടയില്‍ ഫാസിസ്റ്റ് വിരുദ്ധറാലിയും ജനസദസ്സും സംഘടിപ്പിച്ച് നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി.
മഹാത്മാ ഗാന്ധി നേതൃത്വം നല്കിയ പോരാട്ടത്തിലൂടെ സ്വതന്ത്രമായ ഇന്ത്യയുടെ സര്‍വ്വ പുരോഗതികളുടെയും നേരവകാശികള്‍ കോണ്‍ഗ്രസ് മാത്രമാണെന്നും, സ്വാഭാവികമായുണ്ടാകുന്ന ചില വികസനങ്ങളെ കൊട്ടിപ്പാടുന്നവര്‍ രാജ്യം ഇന്നലെകളിലുണ്ടാക്കിയ വമ്പിച്ച നേട്ടങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് അപഹാസ്യമാണെന്നും എ.ഐ.സി.സി അംഗം ഭാരത് യാത്രി അനില്‍ ബോസ് പറഞ്ഞു.

നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കൂട്ടാലിടയില്‍ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധറാലിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ദേശീയതയ്ക്കും, മതേതരത്വത്തിനും നിലകൊണ്ടതിന്റെ പേരില്‍ മഹാത്മജിയെ വധിച്ചവരുടെ പിന്‍ഗാമികള്‍ ഇന്ന് ഭാരതത്തില്‍ വിദ്വേഷ വിഭജന വിഷം പടര്‍ത്തുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത എം.കെ രാഘവന്‍ എം.പി അഭിപ്രായപ്പെട്ടു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ രാജീവന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ രാജേഷ് ചെറുവണ്ണൂര്‍, ഡിസിസി ട്രഷറര്‍ ഗണേഷ് ബാബു, ഐപ്പ് വടക്കേത്തടം, ടി.കെ ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ടൗണില്‍ നടത്തിയ പ്രകടനത്തിന് മുരളീധരന്‍ നമ്പൂതിരി, സി.എച്ച് സുരേന്ദ്രന്‍, എ.പി ഷാജി, അബൂബക്കര്‍, മനോജ് അഴകത്ത്, സി. കുഞ്ഞികൃഷ്ണന്‍ നായര്‍, കെ.സി ബഷീര്‍, സജീവന്‍ മക്കാട്ട്, നുസ്രത്ത് ബഷീര്‍, രാഘവന്‍ കൊരോങ്ങില്‍, ഹേമലത,ബഷീര്‍ കണിശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.