‘പ്രചരിച്ചത് വ്യാജവാര്‍ത്ത, വാര്‍ത്തയ്ക്ക് പിന്നില്‍ സ്ഥാപനം തകര്‍ക്കാനുള്ള ഗൂഢാലോചന’; ക്ലറിക്കല്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട വാര്‍ത്ത നിഷേധിച്ച് നടേരി വനിതാ സഹകരണ സംഘം, വ്യാജവാർത്തയ്ക്കെതിരെ പൊലീസിൽ പരാതി


കൊയിലാണ്ടി: ക്ലറിക്കല്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത നിഷേധിച്ച് നടേരി വനിതാ സഹകരണ സംഘം. പ്രചരിച്ചത് വ്യാജവാര്‍ത്തയാണെന്നും വാര്‍ത്തയ്ക്ക് പിന്നില്‍ സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുണ്ടെന്നും സംഘം പ്രസിഡന്റ് വിജയലക്ഷ്മി ആരോപിച്ചു. വ്യാജവാര്‍ത്തയ്‌ക്കെതിരെ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചത്. കൊയിലാണ്ടി ഡയറി എന്ന കൊയിലാണ്ടിയിലെ പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതുവഴി തന്റെ സ്ഥാപനത്തിന്റെ സല്‍പ്പേരിനും വിശ്വാസ്യതയ്ക്കും കളങ്കമുണ്ടാക്കിയെന്ന് വിജയലക്ഷ്മി നല്‍കിയ പരാതിയില്‍ പറയുന്നു.

‘നടേരി വനിത സഹകരണ സംഘം ക്ലറിക്കല്‍ നിയമനത്തില്‍ ലക്ഷങ്ങളുടെ കോഴ, കോണ്‍ഗ്രസില്‍ കലാപം’ എന്ന തലക്കെട്ടിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ക്ലറിക്കല്‍ തസ്തികയിലേക്ക് ചട്ടങ്ങള്‍ മറികടന്ന് പത്ത് ലക്ഷം രൂപ കോഴ വാങ്ങി പേരാമ്പ്ര സ്വദേശിയെ നിയമിക്കാനുള്ള നീക്കത്തിനെതിരെയാണ് കലാപം ഉയര്‍ന്നിരിക്കുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു.

9388009748 എന്ന നമ്പറില്‍ നിന്നാണ് വാര്‍ത്ത വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത്. സ്ഥാപനത്തിന്റെ വളര്‍ച്ച തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കളവായ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. വാര്‍ത്തയില്‍ പറയുന്ന മുഴുവന്‍ കാര്യങ്ങളും അവാസ്തവമാണ്. പ്രചരിക്കപ്പെട്ട വ്യാജവാര്‍ത്ത നിരവധി പേര്‍ വായിക്കാനിടയായതിലൂടെ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്കും സല്‍പ്പേരിനും കളങ്കമുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.

നടേരി വനിതാ സഹകരണ സംഘം നൽകിയ പരാതി


വ്യാജവാര്‍ത്ത കാരണം സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിനും ജീവനക്കാര്‍ക്കും മാനഹാനി ഉണ്ടായിട്ടുണ്ട്. വാര്‍ത്ത കണ്ട പല അംഗങ്ങളും അവരുടെ ആശങ്ക സ്ഥാപനത്തെ അറിയിച്ചു. നടേരി വനിതാ സഹകരണ സംഘത്തിന്റെ യശസ്സും വിശ്വാസ്യതയും സല്‍പ്പേരും തകര്‍ക്കണമെന്ന ഗൂഢലക്ഷ്യത്തോടെയാണ് ഈ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടത്. ഇത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ പോലും പ്രതികൂലമായി ബഹാധിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.