ഭാര്യയെ കൊലപ്പെടുത്തിയ രീതിയും സാഹചര്യവും വിവരിച്ച് പ്രതി; മുത്താമ്പി ആഴാവിലെ രേഖയുടെ മരണത്തിൽ ഭർത്താവിനെ തെളിവെടുപ്പിനെത്തിച്ച് പോലീസ്


കൊയിലാണ്ടി: മുത്താമ്പി ആഴാവിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് രവീന്ദ്രനെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് പ്രതിയെ കൊയിലാണ്ടി പോലീസിന് കെെമാറിയത്. രവീന്ദ്രനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

കൊലപാതകം നടന്ന വീട്, ബെെക്കിൽ രണ്ടുപേരും പോയ സ്ഥലം, കൊയിലാണ്ടി എസ്.ബി.ഐ എന്നിവിടങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടക്കാനിടയായ സാഹചര്യവും കൊലപാതകം നടത്തിയ രീതിയും പ്രതി പോലീസിന് വിവരിച്ച് കൊടുത്തു. നടപടി ക്രമങ്ങൾക്ക് ശേഷം നാളെ പ്രതിയെ തിരികെ ഏൽപ്പിക്കും.

ജനവരി 27-നാണ് ഭാര്യ പുത്തലത്ത് ലേഖയെ രവീന്ദ്രൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് കൊലപാതക വിവരം രവീന്ദ്രൻ തന്നെയാണ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അറിയിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെ സ്റ്റേഷനിലെത്തിയ പ്രതി താൻ ഭാര്യയെ വീട്ടിൽ കൊന്നിട്ടിട്ടുണ്ടെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് വീട്ടിലെത്തിയപ്പോൾ യുവതി നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കൊയിലാണ്ടി സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു രവീന്ദ്രൻ. സി.ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Summary: Muthambi rekha murder case :Husban raveendran in police custody